അമിത ജോലിയും കുറഞ്ഞ വേതനവും: കോളാര്‍ ഐ ഫോണ്‍ ഫാക്ടറിയില്‍ തൊഴിലാളി അക്രമം; ലാത്തിചാര്‍ജ്
സൂപ്പി വാണിമേല്‍
മംഗളൂറു: (www.kasargodvartha.com 12.12.2020) വേതനം വെട്ടിക്കുറക്കുകയും സേവന സമയം കൂട്ടുകയും ചെയ്തതിലെ അസ്വസ്ഥതകള്‍ക്കിടയില്‍ ശമ്പളം വൈകല്‍ പതിവാകുകയും ചെയ്തതിനെത്തുടര്‍ന്ന് കോളാര്‍ നരസിപുരയിലെ വിസ്ട്രന്‍സ് ഐ ഫോണ്‍ നിര്‍മ്മാണ കമ്പനി കരാര്‍ തൊഴിലാളികള്‍ അക്രമാസക്തരായി. യുദ്ധമുഖത്തേക്കെന്നപോലെ കുതിച്ചെത്തിയ പൊലീസ് തൊഴിലാളികളെ ഭീകരമായി മര്‍ദിച്ചു.
രാത്രികാല ജോലി കഴിഞ്ഞിറങ്ങിയ രണ്ടായിരത്തോളം തൊഴിലാളികളും പകല്‍ ഷിഫ്റ്റില്‍ കയറേണ്ട തൊഴിലാളികളും ഫാക്ടറി സീനിയര്‍ എക്‌സിക്യുടീവിന്റെ ഓഫീസിലെ സംവിധാനങ്ങള്‍ തകര്‍ക്കുകയും സ്ഥാപന കവാടപരിസരത്ത് നിറുത്തിയിട്ട റിപോര്‍ട് കാറുകള്‍ക്ക് നാശം വരുത്തുകയും ചെയ്യുന്നതു കണ്ടാണ് പൊലീസിനെ വിളിച്ചത്.
എട്ടു മണിക്കൂര്‍ ജോലിക്ക് മാസം 16,000 രൂപയാണ് കരാര്‍പ്രകാരം തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടത്. വേതനം 12,000 രൂപയായി കുറക്കുകയും ജോലി സമയം 12 മണിക്കൂറായി ഉയര്‍ത്തുകയും ചെയ്തു. ഈ നടപടിയില്‍ പ്രതിഷേധം പുകയുന്നതിനിടെ എട്ടും പത്തും ആഴ്ചകളായി വേതനം വൈകുന്ന അവസ്ഥയും വന്നു. ഇതാണ് അക്രമത്തിലേക്ക് നയിച്ചത്. കമ്പനിയിലെ 8000 ജീവനക്കാരില്‍ തൊണ്ണൂറ് ശതമാനവും കരാര്‍ പണിക്കാരാണ്.
പൊലീസ് ലാത്തിചാര്‍ജില്‍ 70 പേര്‍ക്ക് പരുക്കേറ്റു. ഭീകര മര്‍ദനമാണ് പൊലീസ് നടത്തിയതെന്ന് എ ഐ ടി യു സി ജനറല്‍ സെക്രടറി എം ഡി ഹരിഗോവിന്ദ് ആരോപിച്ചു.
80 ജീവനക്കാരെ അറസ്റ്റ് ചെയ്തതായി കോളാര്‍ ജില്ല പൊലീസ് സൂപ്രണ്ട് കാര്‍ത്തിക് റെഡ്ഢി പറഞ്ഞു. ഫാക്ടറിക്ക് നേരെ കല്ലേറു നടത്തുകയും രണ്ടു കമ്പനി വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.
Keywords: News, Karnataka, Trending, Mobile Phone, Employees, Salary, Disgruntled employees vandalise Wistron Corp’s iPhone manufacturing plant in Kolar







