Viral Hairstyle | ഐപിഎല്‍ 17-ാം സീസണില്‍ പുത്തന്‍ ലുകിലെത്തി തരംഗമായി വിരാട് കോലി; ട്രന്‍ഡായി പുതിയ ഹെയര്‍സ്‌റ്റൈല്‍
*ഹൈയര്‍ സ്റ്റൈലിസ്റ്റ് പറയുന്നത് ഇത്ര.
*എംഎസ് ധോണിയുടെയും ഹെയര്‍ ഡ്രസര്‍ കൂടിയാണ് ആലിം ഹക്കീം.
*രസകരമായതും വ്യത്യസ്തവുമായ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
മുംബൈ: (KasargodVartha) ക്രികറ്റ് മാസ്റ്ററും വണ്‍ ആന്‍ഡ് ഒണ്‍ലി കിംഗുമായ വിരാട് കോഹ്ലി അടുത്തിടെ പുതിയതും ആകര്‍ഷകവുമായ ലുകിലെത്തിയത് ഇന്റര്‍നെറ്റിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. ഐപിഎല്‍ പതിനേഴാം സീസണിലാണ് വിരാട് കോലി പുത്തന്‍ സ്റ്റൈലില്‍ എത്തിയത്.
കോലിയുടെ ഹെയര്‍ സ്റ്റൈലിലെ മാറ്റം പ്രകടമായതോടെ ആരാധകരും ലുകിനെ ഏറ്റെടുക്കുകയും അത് വൈറല്‍ ആവുകയും ചെയ്തിരുന്നു. പ്രശസ്ത ഹെയര്‍ സ്‌റ്റൈലിസ്റ്റ് ആലിം ഹകീം ആണ് അദ്ദേഹത്തിനെ ഒരുക്കിയത്.
ഇപ്പോഴിതാ ഈ ഹെയര്‍സ്റ്റൈലിന്റെ ചിലവിനെ കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ സെലിബ്രിറ്റി ഹെയര്‍ ഡ്രസര്‍ കൂടിയായ ആലിം ഹകീം. വിരാട് കോലിയുടെ ഹെയര്‍ സ്റ്റൈലിനായി താന്‍ എത്ര രൂപ വാങ്ങിയെന്ന് നേരിട്ട് വെളിപ്പെടുത്തുന്നില്ലെങ്കിലും ഹകിം ഒരു ഏകദേശ സൂചന നല്‍കിയിട്ടുണ്ട്.
വിരാട് കോലിയുടെ മാത്രമല്ല മറ്റൊരു മുതിര്‍ന്ന ഇന്‍ഡ്യന്‍ താരമായിരുന്ന എംഎസ് ധോണിയുടെയും ഹെയര്‍ ഡ്രസര്‍ കൂടിയാണ് ആലിം ഹക്കീം. താന്‍ ഈ ജോലിക്ക് ഈടാക്കുന്ന തുകയെ കുറിച്ച് അദ്ദേഹം ആരാധകരോട് മനസ് തുറക്കുകയുണ്ടായി.
'എന്റെ ഫീസ് വളരെ ലളിതമാണ്, ഞാന്‍ എത്ര തുക ഈടാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് ഒരു ലക്ഷം രൂപയില്‍ നിന്ന് ആരംഭിക്കുന്നു. അതാണ് എന്റെ ഏറ്റവും കുറഞ്ഞ തുക'- എന്നായിരുന്നു അദ്ദേഹം ബ്രൂട് ഇന്‍ഡ്യയോട് പറഞ്ഞത്.
മഹി സാറും വിരാടും എന്റെ വളരെ പഴയ സുഹൃത്തുക്കളാണ്, അവര്‍ വളരെക്കാലമായി മുടിവെട്ടാന്‍ എന്റെ അടുത്തേക്കാണ് വരാറുള്ളത്. ഐപിഎല്‍ വരുന്നതിനാല്‍, ഞങ്ങള്‍ രസകരമായതും വ്യത്യസ്തവുമായ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കൂടാതെ വിരാടിന് എപ്പോഴും ഇത് നമ്മള്‍ പരീക്ഷിക്കണം, അടുത്ത തവണ എന്തായാലും നോക്കണം എന്നൊക്കെ പറയാറുണ്ടെന്ന് ഹകിം കൂട്ടിച്ചേര്‍ത്തു.