തലപ്പാടി അതിർത്തിയിലെ കോവിഡ് പരിശോധന; 2 പേർക്ക് രോഗം സ്ഥിരീകരിച്ചു
Aug 21, 2020, 19:28 IST
കാസർകോട്: (www.kasargodvartha.com 21.08.2020) ജില്ലയിൽ നിന്ന് മംഗലാപുരത്തേക്ക് നിത്യേന തൊഴിൽ ആവശ്യാർത്ഥം പോയി വരുന്നവർക്ക് കോവിഡ് പരിശോധന നടത്തുന്നതിനായി ജില്ലാ ഭരണകൂടം, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ തലപ്പാടി അതിർത്തിയിൽ ഒരുക്കിയ ആന്റിജൻ പരിശോധനാ കേന്ദ്രത്തിൽ വെള്ളിയാഴ്ച പരിശോധന നടത്തിയവരിൽ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു.
ബുധനാഴ്ച മുതൽ ആരംഭിച്ച പരിശോധനയിൽ ഇതുവരെയായി പരിശോധിച്ച 107 പേരിൽ നിന്നുമാണ് 2 പേർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഒരാൾ കാഞ്ഞങ്ങാടിലെ ബാങ്ക് ഉദ്യോഗസ്ഥനും മറ്റൊരാൾ റവന്യൂ വകുപ്പിലെ നാഷണൽ ഹൈവേ ജീവനക്കാരനുമാണ്. ജോലി ആവശ്യാർഥം കാസർകോട്, കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങളിൽ താമസിച്ചു വരുന്ന ഇവരുടെ കുടുംബം മംഗലാപുരത്താണ്. ഇടയ്ക്കിടെ മംഗലാപുരം പോയി വരുന്ന ഇരുവരും സ്ഥിരമായി മംഗലാപുരത്തേക്ക് യാത്ര ചെയ്യുന്നതിനായുള്ള പാസ്സ് ലഭ്യമുക്കുന്നതിനായി തലപ്പാടിയിൽ എത്തുകയും പരിശോധന കേന്ദ്രത്തിൽ കോവിഡ് ടെസ്റ്റിന് വിധേയരാവുകയും ചെയ്തു.
രോഗം സ്ഥിരീകരിച്ചതിനുശേഷം രണ്ടുപേരെയും കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കായി ദന്തരോഗ വിദഗ്ദ്ധൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ലാബ് ടെക്നീഷ്യൻ, ക്ലീനിംഗ് സ്റ്റാഫ് എന്നിവരടങ്ങുന്ന ടീമിനെയാണ് പരിശോധനാ കേന്ദ്രത്തിൽ നിയമിച്ചിട്ടുള്ളത്. ദിവസവും രാവിലെ 9 മണി മുതൽ 2 മണി വരെയാണ് പരിശോധന കേന്ദ്രം പ്രവർത്തിക്കുന്നത്.
Keywords: Kasaragod, Thalappady, Kerala, News, COVID-19, Trending, COVID test at Thalappadi border; confirmed disease in 2 persons.