രോഗ ലക്ഷണമില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ കിടത്തി ചികിത്സ ആരംഭിച്ചു; കാസര്‍കോട്ട് ചികിത്സയിലുള്ളത് 77 പേര്‍
Aug 14, 2020, 18:56 IST
കാസര്‍കോട്: (www.kasargodvartha.com 14.08.2020) ആര്‍-ടി പി സി ആര്‍ ,ആന്റിജന്‍ പരിശോധനാ ഫലം പോസറ്റീവായ രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ കിടത്തിയുള്ള ചികിത്സ ജില്ലയില്‍ ആരംഭിച്ചു. സംസ്ഥാനത്ത് തന്നെ ഇത് ആദ്യമായിട്ട് ആരംഭിക്കുന്നത് കാസര്‍കോട് ജില്ലയില്‍ ആണ്. ഓഗസ്റ്റ് 12 നാണ് ജില്ലയില്‍ ഇതിന് തുടക്കം കുറിച്ചത്. ഓഗസ്റ്റ് 14 ന് ഉച്ചയ്ക്ക് 12 വരെയുള്ള കണക്കുകള്‍ പ്രകാരം രോഗലക്ഷണമില്ലാത്ത 77 കോവിഡ് രോഗികളെയാണ് ഇങ്ങനെ വീടുകളില്‍ കിടത്തി ചികിത്സിക്കുന്നത്. ചെറുവത്തൂര്‍ 19, കാസര്‍കോട് പത്ത്, തൃക്കരിപ്പൂര്‍,മഞ്ചേശ്വരം ആറ് വീതം, ഉദുമ, അജാനൂര്‍, ചെമ്മനാട് അഞ്ച് വീതം,കാഞ്ഞങ്ങാട്, പള്ളിക്കര നാലു വീതം, കള്ളാര്‍,കയ്യൂര്‍-ചീമേനി, പടന്ന രണ്ട് വീതം, ചെങ്കള, കിനാനൂര്‍-കരിന്തളം,മംഗല്‍പ്പാടി, നീലേശ്വരം, പുല്ലൂര്‍-പെരിയ, പിലിക്കോട്, പുത്തിഗൈ ഒന്ന് വീതം എന്നിങ്ങനെയാണ് നിലവില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ വീട്ടില്‍ കിടത്തി ചികിത്സിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം.
വീടുകളില്‍ കിടത്തി ചികിത്സിക്കുന്ന കോവിഡ് രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ ടെലി-മെഡിസിന്‍ വഴി മികച്ച ചികിത്സ ഉറപ്പാക്കുന്നു.ഇത്തരം രോഗികള്‍ക്ക് സ്വയം നിരീക്ഷിച്ച്, മാറ്റങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കാനുള്ള പരിശീലനവും നല്‍കിയിട്ടുണ്ട്. അതത് പഞ്ചായത്തിലെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരുടെ ചികിത്സാ സംബന്ധമായ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജില്ലാതലത്തില്‍ ചെമ്മട്ടംവയല്‍ സയന്‍സ് പാര്‍ക്കിലെ കോറോണ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ളവര്‍ ഫോണ്‍വഴി രോഗിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. രോഗിക്ക് ഏതെങ്കിലും തരത്തിലുള്ള ശാരിരീക ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആവിശ്യമായ എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് പറഞ്ഞു. വീടുകളില്‍ കഴിയുന്ന രോഗികളുടെ മാനസിക സമ്മര്‍ദ്ധം ലഘൂകരിക്കുന്നതിന് ജില്ലാതല മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ടെലി കൗണ്‍സിസിങ്ങും ലഭ്യമാണ്. കോവിഡ് രോഗികളെ പാര്‍പ്പിക്കുന്ന വീടുകളില്‍ വാര്‍ഡ്തല ജാഗ്രതാ സമിതിയുടെ കൃത്യമായ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Keywords: Kasaragod, Kerala, News, COVID-19, Patient's, Treatment, House, Top-Headlines, Trending, Covid patients with no symptoms were treated at home