കോണ്‍ഗ്രസ് നേതാവിനെതിരെ സി പി എം നേതാവിന്റെ പ്രകോപനപരമായ പ്രസംഗമെന്ന് പരാതി; മാലോത്ത് സംഘര്‍ഷാവസ്ഥ, പൊലീസിന്റെ ഇടപെടലില്‍ ഒഴിവാക്കിയത് വന്‍ രാഷ്ട്രീയ അക്രമം
വെള്ളരിക്കുണ്ട്: (www.kasargodvartha.com 09.12.2020) മാലോത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവിനെതിരെ സി പി എം നേതാവ് പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് മാലോം ടൗണില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി. വെള്ളരിക്കുണ്ട് പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ രാഷ്ട്രീയ അക്രമമായിരുന്നു. ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് മാലോം ടൗണില്‍ നാടകീയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്.
എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മാലോം ടൗണില്‍ നടന്ന യോഗത്തില്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രഹാം കോണ്‍ഗ്രസ് നേതാവും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രടറിയുമായ രാജു കട്ടക്കയത്തെ കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങള്‍ ആണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വികാരം കൊള്ളിച്ചത്.
തങ്ങളുടെ പ്രിയ നേതാവിനെ അപമാനിച്ചു എന്ന് ആരോപിച്ചു കൊണ്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്‍ ഡി എഫ് യോഗത്തിന് ശേഷം പ്രകടനം നടത്തി. ഇത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ പര്സപരം കൈയ്യാങ്കളിയിലേക്ക് നീങ്ങവേ വെള്ളരിക്കുണ്ട് സി ഐ കെ പ്രേം സദന്, എസ് ഐ എം വി ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.
ഇരുവിഭാഗങ്ങളിലും ഉള്‍പെട്ട നേതാക്കളുമായി സംസാരിച്ച് രംഗം ശാന്തമാകാതെ വന്നപ്പോള്‍ പൊലീസ്വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുകയും കൂട്ടം കൂടി നിന്നവരെ ഓടിക്കുകയും ചെയ്തു.
കണ്ണീര് വാതക ഷെല്‍ സഹിതമാണ് പൊലീസ് മാലോത്ത് എത്തിയത്. ആളുകള്‍ പിരിഞ്ഞു പോയില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് നേതാക്കളോട് പൊലീസ് പറഞ്ഞതോടെ നേതാക്കള്‍ അണികളെ ശാന്തമാക്കി.ഒരുമണിക്കൂര്‍ നേരം മാലോം ടൗണില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ സംഘടിച്ചതിനാല്‍ സംഘര്‍ഷാവസ്ഥ നിലനിന്നു.
ഇതിനിടയില്‍ തന്റെ പേരില്‍ ടൗണില്‍ സംഘര്‍ഷം നടക്കുന്നുവെന്ന വിവരമറിഞ്ഞു രാജു കട്ടക്കയം സ്ഥലത്ത് എത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശാന്തരാക്കി. പ്രാദേശിക സി പി എം നേതാക്കളും സ്ഥലത്തെത്തി അണികളുമായി സംസാരിച്ചു. സമധാനമായി പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. പിന്നീട് സാബു ഏബ്രഹാമും സ്ഥലത്ത് എത്തി പൊലീസുമായി കാര്യങ്ങള്‍ സംസാരിച്ചു. ഇതിനിടയില്‍ കൂടുതല്‍ പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
ബുധനാഴ്ച രാത്രി മാലോം ടൗണില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഉണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് മാലോം ടൗണില്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ പൊലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തി. ഇതിനായി വ്യാഴാഴ്ച മുതല്‍ പ്രത്യേക പൊലീസ് വാഹനവും ഉണ്ടാകും.
അനാവശ്യമായി സംഘം ചേര്‍ന്ന് രാഷ്ട്രീയ അക്രമങ്ങള്‍ കാണിച്ചാല്‍ പൊലീസ് കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും രാഷ്ട്രീയ പാര്‍ടി പ്രവര്‍ത്തകര്‍ പൊലീസുമായിസഹകരിക്കണമെന്നും വെള്ളരികുണ്ട് സി ഐ പറഞ്ഞു.
Keywords: Kasaragod, Vellarikundu, Kerala, News, CPM, Congress, Election, Local-Body-Election-2020, Trending, Complaint, Politics, Political party, Complaint against CPM leader for provocative speech by CPM leader







