city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീണ്ടും ആശങ്കയില്‍ കാസര്‍കോട്; മഹാരാഷ്ട്രയില്‍ നിന്നെത്തി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്തിയില്‍ നിന്നും രോഗം പകര്‍ന്നത് 4 പേര്‍ക്ക്, മൊത്തം രോഗബാധ സ്ഥിരീകരിച്ച 10 പേരില്‍ 2 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍

കാസര്‍കോട്: (www.kasargodvartha.com 14.05.2020) 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ല വീണ്ടും ആശങ്കയില്‍. മഹാരാഷ്ട്രയില്‍ നിന്ന് മെയ് നാലിന് ജില്ലയിലെത്തുകയും 11 ന് രോഗം സ്ഥിരീകരിക്കുകയും ചെയ്തയാളുമായുണ്ടായ സമ്പര്‍ക്കത്തിലാണ് നാലു പേര്‍ക്ക് രോഗം പിടിപെട്ടത്. തലപ്പാടിയില്‍ നിന്നും ഇയാളെ കാറില്‍ കൂട്ടിക്കൊണ്ടുവന്ന 50 വയസ്സുള്ള ഒരാള്‍ക്കും, ഇദ്ദേഹത്തിന്റെ 35 വയസ്സുള്ള ഭാര്യയ്ക്കും, ഇവരുടെ 11, എട്ട് വയസ്സുള്ള ആണ്‍കുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കാറോടിച്ച വ്യക്തി ഈ കാലയളവില്‍ മൂന്നുതവണ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗിയുമായി വരികയും ആശുപത്രിയിലെ ക്യാന്‍സര്‍ വാര്‍ഡ്, ലാബ്, എക്സ്-റേ റൂം എന്നിവിടങ്ങളില്‍ പ്രവേശിക്കുകയും ചെയ്തിട്ടുള്ളതായി കണ്ടെത്തി. രോഗബാധ സ്ഥിരീകരിച്ചവരില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെയും ഓരോ ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

കൂടാതെ 65 വയസുള്ള വ്യക്തിക്കും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം കഴിഞ്ഞ ഒന്നര മാസത്തിലധികമായി മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ആണ് താമസം. കോട്ടയത്ത് നിന്ന് തലപ്പടിയിലേക്ക് വരുന്ന ആംബുലന്‍സില്‍ കയറിയാണ് അദ്ദേഹം കാസര്‍കോട് എത്തിയത്. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് ഇദ്ദേഹം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബംഗളൂരുവില്‍ നിന്നും വന്ന 26 വയസുകാരനാണ് രോഗം സ്ഥിരീകരിച്ച മറ്റൊരു വ്യക്തി. ഇയാള്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. മെയ് 12 ന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു.

രോഗബാധ സ്ഥിരീകരിച്ച മറ്റു രണ്ടുപേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്ന 58, 31 വയസ്സുള്ളവരാണ്. 58 വയസുകാരന്‍ ഹൃദ്രോഗിയും കടുത്ത പ്രമേഹ രോഗിയുമായതിനാല്‍ ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവര്‍ ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലുമാണ് ചികിത്സയില്‍  കഴിയുന്നത്.

അന്തര്‍സംസ്ഥാന യാത്രക്കാരില്‍ നിന്നും രോഗ വ്യാപന സാധ്യത കൂടുന്നതായി ബോധ്യപ്പെട്ടതിനാല്‍ പൊതു ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ഇതര സംസ്ഥാനത്തില്‍ നന്നും വരുന്നവര്‍ റൂമുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുന്നുവെന്ന് കുടുംബങ്ങളും ജാഗ്രത സമിതികളും ഉറപ്പ് വരുത്തണം. ഇവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടന്ന് അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു.


വീണ്ടും ആശങ്കയില്‍ കാസര്‍കോട്; മഹാരാഷ്ട്രയില്‍ നിന്നെത്തി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്തിയില്‍ നിന്നും രോഗം പകര്‍ന്നത് 4 പേര്‍ക്ക്, മൊത്തം രോഗബാധ സ്ഥിരീകരിച്ച 10 പേരില്‍ 2 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍

Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Again covid threat in Kasaragod
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia