city-gold-ad-for-blogger

മൊഗ്രാല്‍ ദേശീയവേദി ഒരുക്കിയ ക്വാറന്റൈന്‍ ഹോമില്‍ കഴിഞ്ഞ നാലുപേരും വീട്ടിലേക്ക് മടങ്ങി

മൊഗ്രാല്‍: (www.kasargodvartha.com 25.04.2020) ദുബൈയിലെ നായിഫില്‍ നിന്ന് നാട്ടിലെത്തി നേരെ ആശുപത്രിയിലേക്ക് പോയ അബൂബക്കര്‍ സിദ്ദീഖും, മന്‍സൂറും, രാകേഷും, നദീമും പരിശോധനയ്ക്ക് ശേഷം വീട്ടില്‍ പോകാതെ മൊഗ്രാല്‍ ദേശീയവേദി ഒരുക്കിയ ക്വാറന്റൈന്‍ വീട്ടിലാണ് തങ്ങിയത്. നാലു പേരുടെയും ഫലം നെഗറ്റിവായിട്ട് പോലും നിരീക്ഷണ കാലാവധിയായ 28 ദിവസം പൂര്‍ത്തിയാക്കി അവര്‍ വീട്ടിലേക്ക് മടങ്ങി.
മൊഗ്രാല്‍ ദേശീയവേദി ഒരുക്കിയ ക്വാറന്റൈന്‍ ഹോമില്‍ കഴിഞ്ഞ നാലുപേരും വീട്ടിലേക്ക് മടങ്ങി

വീട്ടില്‍ കഴിയുന്നവര്‍ക്ക് കരുതലും, സ്‌നേഹവുമായി ദേശീയ വേദി പ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടു കൊണ്ടിരുന്നു. ഇവര്‍ക്കാവശ്യമായ ഭക്ഷണവും, വെള്ളവുമൊക്കെ ദേശീയവേദി പ്രസിഡണ്ട് മുഹമ്മദ് അബ്കോയും, എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് സ്മാര്‍ട്ടും സമയാസമയം എത്തിക്കുകയും ചെയ്തിരുന്നു.

ഗള്‍ഫില്‍ നിന്ന് വരുന്നവര്‍ക്ക് മതിയായ ചികിത്സ ലഭ്യമാകുന്നില്ല, നാട്ടില്‍ കറങ്ങി നടക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് പ്രവാസികളെ മാറോടണച്ച് ദേശീയവേദി മൊഗ്രാല്‍ ടൗണില്‍ തന്നെ ഒരു വീട്ടില്‍ ക്വാറന്റൈന്‍ സംവിധാനമൊരുക്കിയത്. ഇത് ഏറെ ശ്രദ്ധേയമായിരുന്നു. ദേശീയവേദി ഗള്‍ഫ് പ്രതിനിധി അബ്ദുര്‍ റഷീദ് ഒമാനാണ് തന്റെ ഇരുനില വീട് ഇതിനായി വിട്ടുനല്‍കിയത്. ജില്ലയിലെ തന്നെ ആദ്യ ക്വാറന്റൈന്‍ ഹോമായ ഇതിന് ആരോഗ്യ വിഭാഗം അധികൃതരുടെ പൂര്‍ണമായ പിന്തുണയും ലഭിച്ചു. അവരും നിരന്തരമായി ക്വാറന്റൈന്‍ കഴിയുന്നവരോടും, ദേശീയവേദി ഭാരവാഹികളുമായും ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. വീട് ആരോഗ്യവിഭാഗം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ദേശീയവേദിയുടെ ഈ കരുതലിനും, കൂട്ടായ്മയ്ക്കും ഒന്നും പകരമാവില്ലെന്ന് സൂചിപ്പിച്ചും, നന്ദി പറഞ്ഞുമാണ് നിറകണ്ണുകളോടെ സിദ്ദീഖും, മന്‍സൂറും, നദീമും, രാകേഷും വീട്ടിലേക്ക് മടങ്ങിയത്. ഇവരെ യാത്രയയക്കാനും, മധുരം നല്‍കാനും ദേശീയവേദി പ്രസിഡണ്ട് മുഹമ്മദ് അബ്കോ, ജനറല്‍ സെക്രട്ടറി എം എ മൂസ, വൈസ് പ്രസിഡണ്ട് ടി കെ ജാഫര്‍, എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് സ്മാര്‍ട്ട് എന്നിവര്‍ എത്തിയിരുന്നു.


Keywords: Kasaragod, Mogral, Kerala, News, Dubai, COVID-19, Top-Headlines, Trending, 4 expats completed Quarantine period

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia