Tragedy | വിവാഹ സന്തോഷത്തിൽ നിന്ന് മരണത്തിലേക്ക്; ഞൊടിയിടയിൽ പൊലിഞ്ഞത് 3 ജീവനുകൾ; കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ ദുരന്തത്തിൽ കണ്ണീരടങ്ങാതെ ഉറ്റവർ
● കോയമ്പത്തൂർ-ഹിസാർ എക്സ്പ്രസ് ഇടിച്ചായിരുന്നു അപകടം.
● രാത്രി തന്നെ പോസ്റ്റ് മോർടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കാഞ്ഞങ്ങാട്: (KasargodVartha) ഉത്രാട ദിനത്തിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ ദുരന്തം നാടിനെ മുഴുവൻ നടുക്കി. ഒരു സന്തോഷകരമായ അവസരത്തിനായി ഒന്നിച്ചു കൂടിയ ഒരു കുടുംബം, തിരിച്ചു വീട്ടിലേക്ക് പോകുന്ന വഴിയിൽ ഒരു നിമിഷം കൊണ്ട് വേർപിരിഞ്ഞുപോയത് ഉറ്റവർക്കൊന്നും താങ്ങാനായില്ല. മൂന്ന് സ്ത്രീകളുടെ അകാല വിയോഗം ബന്ധുക്കളെയും കണ്ടുനിന്നവരെയും നാട്ടുകാരെയുമെല്ലാം കണ്ണീരിലാഴ്ത്തി.
ചിങ്ങവനം പാലക്കുടി വീട്ടിൽ ചിന്നമ്മ ഉതുപ്പായ് (73), നീലംപേരൂർ പരപ്പൂത്തറ ആലീസ് തോമസ് (61), എയ്ഞ്ചലീന ഏബ്രഹാം (30) എന്നിവരുടെ ജീവനുകളാണ് കോയമ്പത്തൂർ – ഹിസാർ എക്സ്പ്രസ് ഇടിച്ച് പൊലിഞ്ഞത്. കള്ളാർ അഞ്ചാലയിലെ ജോർജ് തെങ്ങുംപള്ളിയുടെ മകൻ ജസ്റ്റിൻ ജോർജും ചിങ്ങവനം പരപ്പൂത്തറ ബിജു ജോർജ് - ലിനു ദമ്പതികളുട മകൾ മാർഷയും തമ്മിലുള്ള വിവാഹത്തിൽ സംബന്ധിക്കാനാണ് ചിങ്ങവനത്തുനിന്നുള്ള 50 പേരടങ്ങുന്ന ബന്ധുക്കളുടെ സംഘം രാജപുരം കള്ളാറിലെത്തിയിരുന്നത്.
ചടങ്ങുകൾക്ക് ശേഷം മലബാർ എക്സ്പ്രസിൽ തിരിച്ചു പോകാനായാണ് ഇവർ കാഞ്ഞങ്ങാട് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനോട് ചേർന്നുള്ള നടവഴിയിലൂടെ ഒന്നാം പ്ലാറ്റ്‌ഫോമിലെത്തിയ സംഘം, ട്രെയിൻ വരുന്നത് അപ്പുറം ഭാഗത്താണെന്ന് കരുതി രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടന്നു. എന്നാൽ അവിടെയല്ലെന്ന് മനസിലായതോടെ തിരിച്ച് ഒന്നാം പ്ലാറ്റ് ഫോമിലേക്ക് വരുമ്പോൾ, കുതിച്ചെത്തിയ കോയമ്പത്തൂർ-ഹിസാർ എക്സ്പ്രസ് ഇടിക്കുകയായിരുന്നു. പോവല്ലേയെന്ന മുന്നറിയിപ്പ് കേട്ടതും ചീറിപ്പാഞ്ഞെത്തിയ ട്രെയിൻ ഇടിച്ചതുമെല്ലാം പെട്ടെന്നായിരുന്നു.
രണ്ട് പേരുടെ മൃതദേഹം തൊട്ടടുത്തും മൂന്നാമത്തെയാളുടെ മൃതദേഹം 50 മീറ്ററകലെയുമാണ് കണ്ടെത്തിയത്. അപകടത്തിൽപ്പെട്ടവരിൽ ഒരാളുടെ ബാഗ് ട്രെയിനിന്റെ എൻജിൻ ഭാഗത്ത് കുടുങ്ങിയ നിലയിലായിരുന്നു. ഈ ദൃശ്യങ്ങൾ അവിടെ ഉണ്ടായിരുന്നവരുടെയല്ലാം ഹൃദയം പിടിച്ചുകുലുക്കി. മൂന്ന് മൃതദേഹങ്ങളും തിരിച്ചറിയാൻ പറ്റാത്ത വിധത്തിലായിരുന്നു. ഹിസാർ എക്സ്പ്രസിന് കണ്ണൂർ കഴിഞ്ഞാൽ പിന്നെ സ്റ്റോപ് ഉള്ളത് മംഗ്ളുറു ജംഗ്ഷനിൽ മാത്രമായതിനാൽ, മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ മംഗ്ളൂറിൽ നിന്നും കണ്ടെത്തിയത് ഈ ദുരന്തത്തിന്റെ ഭീകരത വർദ്ധിപ്പിച്ചു.
അപകടവിവരമറിഞ്ഞ് നിരവധിപേരാണ് സ്റ്റേഷനിലേക്ക് ഓടിയെത്തിയത്. ബഹളമയമായി മാറിയിരുന്നു റെയിൽവേ സ്റ്റേഷൻ പരിസരം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആംബുലൻസുകളിൽ കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലെത്തിച്ചു. രാത്രി തന്നെ പോസ്റ്റ് മോർടം നടപടികൾ പൂർത്തിയാക്കി പുലർച്ചെ നാല് മണിയോടെ മൂന്ന് ആംബുലൻസുകളിലായി മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി.
പി എ ഉതുപ്പായ് ആണ് ചിന്നമ്മയുടെ ഭർത്താവ്. മക്കൾ: ലിജു, ലിനു, സിനു. ആലീസിന്റെ ഭർത്താവ് പി എ തോമസ് ആണ്. മക്കൾ: മിഥുൻ, നീതു. പാലക്കാട് നഴ്സായിരുന്നു എയ്ഞ്ചല. ഭർത്താവ് റോബർട്ട് കുര്യാക്കോസ് യുകെയിൽ എൻജിനീയറാണ്.
#kanhangadtragedy, #keralatrainaccident, #railwayaccident, #weddingtragedy, #keralanews, #indianrailways