Criticism | കുമ്പളയിലെ ട്രാഫിക് പരിഷ്കരണം പാളിയോ? ഗതാഗതക്കുരുക്കിലമർന്ന് ട്രാഫിക് ജംഗ്ഷൻ
● അടിപ്പാത ടൗണിൽ നിന്ന് 300 മീറ്റർ അകലെയാണ് നിർമ്മിച്ചത്.
● ചില ബസുകൾ ട്രാഫിക് ജംഗ്ഷനിൽ ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നു.
കുമ്പള: (KasargodVartha) മംഗ്ളുറു ഭാഗത്ത് നിന്ന് വരുന്ന ചരക്ക് ലോറികൾ, ടാങ്കറുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ സീതാംഗോളി-ബദിയടുക്ക കെഎസ്ടിപി റോഡ് വഴി കാസർകോട് ഭാഗത്തേക്ക് തിരിച്ചുവിടാൻ തുടങ്ങിയ കുമ്പളയിലെ പുതിയ ട്രാഫിക് പരിഷ്കരണം പാളിപ്പോയോ എന്ന് നാട്ടുകാർക്ക് ആശങ്ക. ദേശീയപാത സർവീസ് റോഡിലെ ഗതാഗതക്കുരുക്കൊഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു ട്രാഫിക് പരിഷ്കരണം അധികൃതർ കൊണ്ടുവന്നത്. എന്നാലിത് ട്രാഫിക് ജംഗ്ഷനിൽ വലിയ തോതിലുള്ള ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുവെന്നാണ് ഇപ്പോൾ ആക്ഷേപം ഉയർന്നിരിക്കുന്നത്.
കുമ്പള ടൗണിനെ രണ്ട് പ്രദേശങ്ങളാക്കി മുറിച്ചുള്ള ദേശീയപാത നിർമ്മാണത്തിലെ അപാകത നേരത്തെ തന്നെ നാട്ടുകാരും, വ്യാപാരികളും, സന്നദ്ധ സംഘടനകളും ബന്ധപ്പെട്ടവരെ ഉണർത്തിയതാണ്. കുമ്പള ടൗണിൽ തന്നെ നിർമ്മിക്കേണ്ടിയിരുന്ന അടിപ്പാത ടൗണിൽ നിന്ന് 300 മീറ്റർ അകലെ റെയിൽവേ സ്റ്റേഷൻ സമീപമാണ് നിർമ്മിച്ചത്. ഇതിപ്പോൾ ടൗണിലെ ട്രാഫിക് ജംഗ്ഷനിൽ വലിയ തോതിലുള്ള ഗതാഗത തടസത്തിന് കാരണമായിട്ടുണ്ട്.
കാസർകോട്, മംഗളൂരു, ബദിയടുക്ക തുടങ്ങിയ മൂന്ന് ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ ട്രാഫിക് ജംഗ്ഷനിൽ കുടുങ്ങുന്നതാണ് ഗതാഗത സ്തംഭനത്തിന് കാരണമാകുന്നത്. ഇതിനിടയിലാണ് സന്ധ്യയായാൽ കർണാടക-കേരള കെഎസ്ആർടിസി ബസുകൾ കുമ്പള ബസ് സ്റ്റാൻഡിൽ കയറാതെ ട്രാഫിക് ജംഗ്ഷനിൽ ആളെ ഇറക്കുന്നതും, കയറ്റുന്നതും. ഇത് ഗതാഗത കുരുക്കിന് ആക്കം കൂട്ടുന്നുമുണ്ട്.
രാവിലെ മുതൽ വൈകുന്നേരം വരെ കുമ്പള പൊലീസ് ട്രാഫിക് നിയന്ത്രിക്കുന്നുണ്ടെങ്കിലും സന്ധ്യയായാൽ ഇത് നാട്ടുകാരുടെ ചുമതലയായി മാറുന്നു. ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതും ഈ സമയത്താണ്. അതിനിടെ ദേശീയപാത നിർമ്മാണം പൂർത്തിയായാൽ തന്നെ കാസർകോട് ഭാഗത്തുനിന്ന് വരുന്ന ബസുകളും, മറ്റുചരക്ക് വാഹനങ്ങളും കുമ്പള ടൗണിൽ എങ്ങനെ പ്രവേശിക്കും എന്ന കാര്യത്തിലും അവ്യക്തതയുണ്ട്.
അടിപ്പാത കുമ്പള ടൗണിലാണ് നിർമ്മിച്ചിരുന്നതെങ്കിൽ ഇങ്ങിനെ ഒരു ആശങ്ക നാട്ടുകാരിൽ ഉണ്ടാകുമായിരുന്നില്ല. ഇത് അവഗണിച്ചതാണ് ഇപ്പോഴത്തെ ഗതാഗത പ്രതിസന്ധിക്ക് കാരണമായിരിക്കുന്നതെന്നാണ് ആക്ഷേപം.
#kumbala #traffic #kerala #kasaragod #india #trafficjam #roadconstruction #infrastructure #transportation