city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വനിതാ കമ്മീഷന്‍ അദാലത്തില്‍ 69 പരാതികളില്‍ തീര്‍പ്പ്; വീട്ടില്‍ മടങ്ങിയെത്താന്‍ മടിച്ചിട്ടും മാതാവിന് മക്കള്‍ ചെലവ് നല്‍കും

തിരുവനന്തപുരം: (www.kasargodvartha.com 25.05.2017) വനിതാ കമ്മീഷന്‍ ബുധനാഴ്ച നടത്തിയ മെഗാ അദാലത്തില്‍ പരിഗണനക്കെടുത്ത 143 കേസുകളില്‍ 69 എണ്ണത്തില്‍ തീര്‍പ്പുകല്‍പിച്ചു. ദമ്പതികള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ മൂന്നു കേസുകളില്‍ കൗണ്‍സലിംഗ് നടത്തും. വിവിധ വകുപ്പുകളുടെ റിപോര്‍ട്ട് തേടിയ അഞ്ച് കേസുകള്‍ക്ക് പുറമെ 66 എണ്ണം അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും.

മാറിത്താമസിക്കുന്ന മാതാവിനെ കൂടെക്കൂട്ടാന്‍ മക്കള്‍ ഒരുക്കമായിരുന്നുവെങ്കിലും സന്നദ്ധയല്ലെന്നറിയിച്ച മാതാവ് ചെലവിന് കിട്ടണമെന്ന ആവശ്യവുമായാണ് അദാലത്തിനെത്തിയത്. മാസച്ചെലവിന് നാലായിരം രൂപ ആവശ്യപ്പെട്ട മാതാവിന് അയ്യായിരം രൂപ നല്‍കാമെന്ന് മക്കള്‍ കമ്മീഷനെ അറിയിച്ചു. സംരംഭം തുടങ്ങാന്‍ വായ്പ വാങ്ങിയ രണ്ടര ലക്ഷം രൂപ മടക്കിക്കിട്ടാന്‍ പരാതി നല്‍കിയ യുവതിക്ക് സ്ഥാപന നടത്തിപ്പുകാരന്‍ അടുത്ത സിറ്റിംഗിനെത്തി തുക നേരിട്ട് കൈമാറും. പൊതുടാപ്പില്‍നിന്ന് കുടിവെള്ളം എടുക്കാന്‍ അനുവദിക്കാതെ ഹോസ് ഘടിപ്പിച്ച് വെള്ളം ചോര്‍ത്തുന്ന അയല്‍ക്കാര്‍ക്കെതിരെയാണ് വൃദ്ധയുടെ പരാതിയുമായി എത്തിയത്. അടിയന്തര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്തിന് കമ്മീഷന്‍ നിര്‍ദേശം നല്‍കും. അമ്മയും സഹോദരനും ചേര്‍ന്ന് തന്നെ ഉപദ്രവിക്കുന്നുവെന്ന് കാട്ടി വിദ്യാര്‍ത്ഥിനി കമ്മീഷന് മുന്നിലെത്തി. ആദ്യ ഭര്‍ത്താവിലുള്ള മകനെ അക്രമിച്ച ശേഷം രണ്ടാം ഭര്‍ത്താവ് മകളുമായി മാറിത്താമസിക്കുകയാണെന്നും പരാതിയില്‍ കഴമ്പില്ലെന്നും ഉദ്യോഗസ്ഥയായ വീട്ടമ്മ വാദിച്ചു. മകളുടെ കംപ്യൂട്ടറും മറ്റ് സാധനങ്ങളും മടക്കി നല്‍കണമെന്നും ഭാവിയില്‍ പ്രശ്‌നങ്ങള്‍ വേണ്ടെന്നും സഹോദരനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

വനിതാ കമ്മീഷന്‍ അദാലത്തില്‍ 69 പരാതികളില്‍ തീര്‍പ്പ്; വീട്ടില്‍ മടങ്ങിയെത്താന്‍ മടിച്ചിട്ടും മാതാവിന് മക്കള്‍ ചെലവ് നല്‍കും


വീട്ടുകാരുമായി ബന്ധപ്പെടാന്‍ പോലും കഴിയാത്ത വിധം മൊബൈല്‍ ഫോണ്‍ വാങ്ങി വെയ്ക്കുകയും ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്യുന്നുവെന്ന പരാതിയുമായി എത്തിയ യുവതിക്ക് കമ്മീഷന്‍ സുരക്ഷ ഉറപ്പാക്കി. വീട്ടിലെത്തിയാലുടന്‍ മൊബൈല്‍ ഫോണ്‍ നല്‍കണമെന്ന് ഭര്‍ത്താവിന് നിര്‍ദേശം നല്‍കി. തന്നെ അനാവശ്യമായി സംശയിക്കുന്നുവെന്നായിരുന്നു യുവാവിന്റെ വാദം. ഭാര്യ ഇഷ്ടപ്പെടാത്ത വ്യക്തിയുമായുള്ള ബന്ധം വേണ്ടെന്ന് വെച്ച് കുടുംബത്തില്‍ സന്തോഷം കൊണ്ടുവരാനുള്ള ഉപദേശത്തോടെ ഇരുവരെയും യോജിപ്പിച്ചു.

ജോലി സ്ഥലത്തെ ഉപദ്രവവുമായി ബന്ധപ്പെട്ട 13 കേസുകളാണ് കമ്മീഷന് മുന്നിലെത്തിയത്. 46 ഗാര്‍ഹിക പീഡന പരാതികളും 33 കുടുംബ പ്രശ്‌നങ്ങളും മൂന്ന് സ്തീധന പ്രശ്‌നങ്ങളും പോലീസിനെതിരായ ഒരു പരാതിയും അദാലത്തില്‍ പരിഗണിച്ചു. ഗാര്‍ഹിക പീഡനത്തിനെതിരായ നിയമങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോഴും അത്തരം കേസുകള്‍ വര്‍ധിച്ചുവരുന്നതായി കമ്മീഷന്‍ അംഗങ്ങളായ ഡോ. ലിസി ജോസ്, അഡ്വ ഷിജി ശിവജി എന്നിവര്‍ പറഞ്ഞു. ഡയറക്ടര്‍ വി യു കുര്യാക്കോസ് അഭിഭാഷകരായ മായ, രാജേന്ദ്രന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ രമണി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Thiruvananthapuram, Kerala, Commission siting, Top-Headlines, News, Women's commission.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia