city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Women's Commission | ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകളെ അംഗീകരിക്കാനുള്ള മാനസികാവസ്ഥ സമൂഹത്തിനില്ലെന്ന് അഡ്വ. പി. സതീദേവി; 'അനുഭവിക്കുന്നത് വളരെയേറെ ദുരിതങ്ങള്‍, വനിതാ കമീഷന്‍ പഠനം നടത്തും'

കാഞ്ഞങ്ങാട്: (KasargodVartha) ഒറ്റയ്ക്ക് ഒരു സ്ത്രീ കഴിയുന്നു എന്നത് അംഗീകരിക്കാനുള്ള മാനസികാവസ്ഥയിലേക്ക് സമൂഹം എത്തിച്ചേര്‍ന്നിട്ടില്ലെന്ന് വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. ഒറ്റപ്പെട്ടു പോയ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് കാഞ്ഞങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതി ഹോളില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
          
Women's Commission | ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകളെ അംഗീകരിക്കാനുള്ള മാനസികാവസ്ഥ സമൂഹത്തിനില്ലെന്ന് അഡ്വ. പി. സതീദേവി; 'അനുഭവിക്കുന്നത് വളരെയേറെ ദുരിതങ്ങള്‍, വനിതാ കമീഷന്‍ പഠനം നടത്തും'

പൊതുബോധനിര്‍മിതിയിലെ ന്യൂനത മൂലമാണ് ഈ ചിന്താഗതി സമൂഹം ഇപ്പോഴും പുലര്‍ത്തുന്നത്. 'ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്ന ചിന്താഗതിയാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. ആണ്‍തുണ ഇല്ലാതെ സ്ത്രീ ജീവിക്കുന്നത് അംഗീകരിക്കാന്‍ സമൂഹത്തിനു കഴിയുന്നില്ല. 40 വയസുകഴിഞ്ഞ് വിവാഹിത ആയിട്ടില്ലെങ്കില്‍ അവളെ അനാവശ്യ വസ്തുവായി മാറ്റപ്പെടുന്ന സ്ഥിതിയുണ്ട്. വളരെയേറെ ദുരിതങ്ങളാണ് ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്നത്. ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് വനിതാ കമീഷന്‍ പഠനം നടത്തും. ഇവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് നടപടി സ്വീകരിക്കുന്നതിന് സര്‍കാരിന് ശിപാര്‍ശ സമര്‍പ്പിക്കും.

പൊതുബോധത്തില്‍ ആഴ്ന്നിറങ്ങിയിട്ടുള്ള തെറ്റായ ചിന്താഗതികള്‍ക്കു മാറ്റമുണ്ടാകേണ്ടതുണ്ട്. ചെറുപ്രായത്തില്‍ തന്നെ വിധവകളാകുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ കൂടുതലാണ്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മാനസികാവസ്ഥ പെണ്‍കുട്ടികള്‍ക്ക് സ്വായത്തമാക്കുന്നതിന് മാതാപിതാക്കള്‍ ശ്രദ്ധ പുലര്‍ത്തണം. പ്രായമായ മാതാപിതാക്കളെ അനാഥാലയങ്ങളിലും അമ്പലങ്ങളിലും നടതള്ളുന്ന നീചമായ മനസുള്ള മക്കള്‍ ഇന്നു കേരളീയ സമൂഹത്തിലുണ്ട്. മാതാപിതാക്കളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കുമ്പോള്‍, കണക്കു പറയുന്ന മക്കളെ കാണാറുണ്ട്. ഇവരുടെ കണക്കുപറച്ചില്‍ സമൂഹത്തിനാകെ നാണക്കേടാണ്.

അവിവാഹിതരും വിധവകളുമായ സ്ത്രീകള്‍ക്ക് സംസ്ഥാന സര്‍കാര്‍ നിലവില്‍ പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ, വിവിധ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പലിശ രഹിത വായ്പകളും ലഭ്യമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് വനിതാ കമീഷന്റെ ശ്രമം. വനിതകള്‍ക്കു കരുത്തു പകരുന്നതിനും സാമൂഹിക അംഗീകാരം ഉറപ്പുവരുത്തുന്നതിനും കമീഷന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ മുന്നേറ്റം കൈവരിച്ചിട്ടുള്ളത് ആശാവഹമാണ്.
     
Women's Commission | ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകളെ അംഗീകരിക്കാനുള്ള മാനസികാവസ്ഥ സമൂഹത്തിനില്ലെന്ന് അഡ്വ. പി. സതീദേവി; 'അനുഭവിക്കുന്നത് വളരെയേറെ ദുരിതങ്ങള്‍, വനിതാ കമീഷന്‍ പഠനം നടത്തും'

ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികളാണ് വനിതാ കമീഷനില്‍ കൂടുതലായി എത്തുന്നത്. വിവാഹം കഴിക്കുന്നതിനുള്ള പക്വത എത്തുന്നതിനു മുന്‍പേ പെണ്‍കുട്ടികളെ വിവാഹം കഴിച്ച് അയയ്ക്കുന്നത് തെറ്റാണ്. കുടുംബജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഇതും ഒരു കാരണമാണ്. വിദ്യാസമ്പന്നമായ കുടുംബങ്ങളിലാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നത്. ആരുടേയും ശ്രദ്ധ പതിഞ്ഞിട്ടില്ലാത്ത മേഖലകള്‍ കണ്ടെത്തിയാണ് വനിതാ കമീഷന്‍ 11 പബ്ലിക് ഹിയറിംഗുകള്‍ നടത്തുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഗൃഹനാഥകളായിട്ടുള്ള കുടുംബങ്ങള്‍ ഉള്ള ജില്ലയെന്ന പരിഗണനയിലാണ് ഈ വിഷയത്തില്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചതെന്നും വനിതാ കമീഷന്‍ അധ്യക്ഷ പറഞ്ഞു.

വനിതാ കമീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വനിതാ കമീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, ജില്ലാ ജാഗ്രതാ സമിതി മെമ്പര്‍ എം സുമതി, സിംഗിള്‍ വുമണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ എസ്. സലീഖ, സോഷ്യല്‍ ജസ്റ്റിസ് ബോര്‍ഡ് ട്രാന്‍സ് മെമ്പര്‍ സാജിദ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, സിംഗിള്‍ വുമണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പി.വി. ശോഭന, വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിച്ചു.

ഒറ്റപ്പെട്ടവര്‍ക്ക് ആശ്വാസമായി വനിതാ കമ്മിഷന്‍

'നോക്കാന്‍ ആരുമില്ല.. ഇനിയെങ്ങനെ ജീവിക്കുമെന്നറിയില്ല' - ഇടയറിയ ശബ്ദത്തോടെ പടന്നക്കാട്ടെ രുഗ്മിണി പറഞ്ഞു. ഒറ്റപ്പെട്ടു പോയ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് കാഞ്ഞങ്ങാട് വനിതാ കമീഷന്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗില്‍ എത്തിയതായിരുന്നു ഇവര്‍. 15 വര്‍ഷമായി ഒറ്റപ്പെട്ട് ജീവിക്കുകയാണ് രുഗ്മിണി. ക്വാര്‍ട്ടേഴ്‌സില്‍ ആണ് താമസം. വാടക നല്‍കാന്‍ പോലും വകയില്ല. തന്റെ അവസ്ഥ വനിതാ കമ്മിഷനെ അറിയിക്കാനാണ് വയ്യായ്മയിലും രുഗ്മിണിയെത്തിയത്.

പരാധീനതകളില്‍ തളരാതെ രുഗ്മിണിയെ പോലെ തുടര്‍ ജീവിതത്തിന് മാര്‍ഗവും ദിശാബോധവും തേടി വനിതാ കമ്മീഷന്‍ പബ്ലിക്ക് ഹിയറിംഗില്‍ എത്തിയത് നിരവധി പേരാണ്. വീട് ഇല്ലാത്ത പ്രശ്‌നങ്ങള്‍, വഴി സംബന്ധിച്ച പ്രശ്‌നങ്ങള്‍, പെന്‍ഷന്‍, സ്വയം തൊഴില്‍, അഗതികളായ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഹിയറിംഗില്‍ ചര്‍ച്ചയായി. സര്‍ക്കാരിന്റെ ബൃഹത് പദ്ധതികളെക്കുറിച്ചും സ്വന്തമായി തൊഴില്‍ തുടങ്ങാനുള്ള സംവിധാനത്തെക്കുറിച്ചും, ശരണ്യ പദ്ധതി, ആശ്വാസകിരണം തുടങ്ങിയ പദ്ധതികളെക്കുറിച്ചും ഹിയറിംഗില്‍ വിശദീകരിച്ചു. അവതരിപ്പിക്കപ്പെട്ട പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടാക്കി പരിഹാരത്തിനുള്ള ശിപാര്‍ശയോടെ സര്‍ക്കാരിനു നല്‍കും.

Keywords: Women's Commission, Public Hearing, Malayalam News, Kerala News, Kasaragod News, Women's Commission Kerala, Kanhangad News, Women's Commission held Public Hearing in Kanhangad.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia