Wall collapsed | പൈപ് ലൈനിന് കുഴിയെടുക്കുന്നതിനിടെ ചുമര്‍ ഇടിഞ്ഞുവീണ് കല്ലിനടിയില്‍ കുടുങ്ങി 2 പേർ മരിച്ചു
Nov 21, 2023, 16:54 IST
കാസര്‍കോട്: (KasargodVartha) പൈപ് ലൈനിന് കുഴിയെടുക്കുന്നതിനിടെ ചുമര്‍ ഇടിഞ്ഞുവീണ് കല്ലിനടിയില്‍ കുടുങ്ങി രണ്ട് തൊഴിലാളികള്‍ മരിച്ചു. കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കർണാടക കൊപ്പൽ നിംഗപൂരിലെ ലക്ഷ്മപ്പ (43), ചികമംഗ്ളുറു എസ് എൽ ആർ ഡ്രൈവിംഗ് സ്കൂളിന് സമീപത്തെ കൊട്ടാരയ്യയുടെ മകൻ ബി എം ബസയ്യ (40) എന്നിവരാണ് മരിച്ചത്.
ഒരാള്‍ കൂടി ഉണ്ടായിരുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചില്‍ നടത്തിയെങ്കിലും രണ്ടുപേർ മാത്രമാണ് ഉണ്ടായിരുന്നതെന്ന് സ്ഥിരീകരണം ലഭിക്കുകയായിരുന്നു. കാസര്‍കോട് മാര്‍കറ്റ് റോഡില്‍ ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.
പൈപ് ലൈന്‍ സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ ഇതിന് സമീപമുണ്ടായിരുന്ന വലിയ മതില്‍ തൊഴിലാളികളുടെ മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഓടിക്കൂടിയ സമീപവാസികളും ചുമട്ടുതൊഴിലാളികളും പൊലീസും ചേര്‍ന്നാണ് ഇവരെ പുറത്തെടുത്തത്.
ഇടുങ്ങിയ വഴിയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിട്ടു. ഫയര്‍ഫോഴ്‌സിന് ഈ ഭാഗത്തേക്ക് എത്താന്‍ ഏറെ ബുദ്ധിമുട്ടി.
Keywords: Tragedy, Rescued, Wall, Collapsed, Injured, Died, Obituary, Wall collapsed and 3 workers trapped.