city-gold-ad-for-blogger
Aster MIMS 10/10/2023

Vertigo | ഇടയ്ക്കിടെ തലകറക്കം അനുഭവപ്പെടുന്നുണ്ടോ? ഹൃദ്രോഗത്തിന്റെ സൂചനയാകാമെന്ന് പഠനം

കൊച്ചി: (KasargodVartha) ചില ആളുകള്‍ക്ക് ഇടയ്ക്കിടെ തലകറക്കം അനുഭവപ്പെടാറുണ്ട്. അതിന് കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? കുട്ടികള്‍ മുതല്‍ വയോധികരില്‍വരെ ഇത്തരത്തില്‍ തലകറക്കം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇതിനെ ആരും അത്ര കാര്യമാക്കാറില്ല. ഇരുമ്പിന്റേയോ കാത്സ്യത്തിന്റേയോ കുറവാകാമെന്ന് സ്വയം അനുമാനിക്കുകയും അതിന് അനുസരിച്ച് ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തുകയാണ് പതിവ്. മറ്റ് ചിലരാകട്ടെ തലക്കം വരുമ്പോള്‍ അല്‍പനേരം കിടക്കുകയും ആശ്വാസം തോന്നുമ്പോള്‍ എഴുന്നേല്‍ക്കുകയും ചെയ്യും. പിന്നീട് അതിനെ കുറിച്ച് ചിന്തിക്കുകയേ ഇല്ല.

എന്നാല്‍ ആരോഗ്യ വിദഗ്ധര്‍ ഇതിനെ വളരെ അധികം പ്രാധാന്യത്തോടെയാണ് കാണുന്നത്. പ്രകൃതിയും മനുഷ്യരും തമ്മിലുള്ള സമതുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ പഞ്ചേന്ദ്രിയങ്ങളുടെ പങ്ക് വലുതാണ്. പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തില്‍ വരുന്ന മാറ്റങ്ങളാണ് പലപ്പോഴും ഇത്തരത്തില്‍ തലകറക്കങ്ങളായി അനുഭവപ്പെടുന്നത് എന്ന് ഇവര്‍ പറയുന്നു.

ചുറ്റും കറങ്ങുന്നതും കണ്ണില്‍ ഇരുട്ട് കയറുന്നതുമാണ് തലകറക്കത്തിന്റെ ലക്ഷണമായി കണക്കാക്കുന്നത്. നേരേ നില്‍ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, നേരേ കിടക്കാനോ ചരിഞ്ഞുകിടക്കാനോ എഴുന്നേല്‍ക്കാനോ കഴിയാതെ വരിക, ബോധം പോകുന്നതുപോലെ തോന്നുക, തലയ്ക്ക് കനം അനുഭവപ്പെടുന്നതുപോലെ തോന്നുക ഇവയെല്ലാം പൊതുവേ തലകറക്കം എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

ഒരു തവണയെങ്കിലും തലകറക്കം അനുഭവപ്പെടാത്തവര്‍ ഉണ്ടാകില്ലെന്ന് തന്നെ പറയാം. എന്നാല്‍ തീവ്രതയില്‍ വ്യത്യാസമുണ്ടാകാം. പ്രായം ചെന്നവരില്‍ ഇത് കൂടുതലാണ്. തിരക്കിട്ട ജീവിതശൈലിയും അമിതമായ അന്തരീക്ഷ ശബ്ദമലിനീകരണങ്ങളും ശരിയല്ലാത്ത ഭക്ഷണശൈലിയും മറ്റും തലകറക്കത്തിന് കാരണമാവുന്നുണ്ട്.

തലകറക്കം ഒരു അസുഖമാണോ എന്ന് നോക്കാം

ഒരുപാട് അസുഖങ്ങളുടെ ഒരു ലക്ഷണം മാത്രമാണ് തലകറക്കം എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ അതിന്റെ കാരണങ്ങളെപ്പറ്റി നല്ല അവബോധമുണ്ടായിരിക്കണം. അതേകുറിച്ച് അറിയാം.

തലയിലേക്കുള്ള രക്തയോട്ടം കുറയുകയോ കൂടുതലാവുകയോ ചെയ്യുക, രക്തധമനികളിലെ ബ്ലോക്കുകള്‍, അതില്‍ വരുന്ന മുഴകള്‍, അര്‍ബുദങ്ങള്‍ ഇവയൊക്കെ തലകറക്കത്തിനിടയാക്കും. മാത്രമല്ല ചെവിയുടെ പഴുപ്പോ ചെവിയുടെ നാഡീവ്യൂഹങ്ങളിലെ തകരാറുകളോ രക്തക്കുഴലുകളിലെ അസുഖങ്ങളോ തലകറക്കത്തിന് കാരണമാകാം.

Vertigo | ഇടയ്ക്കിടെ തലകറക്കം അനുഭവപ്പെടുന്നുണ്ടോ? ഹൃദ്രോഗത്തിന്റെ സൂചനയാകാമെന്ന് പഠനം

ചെവിയുടെ ഏറ്റവും ഉള്ളിലായി ആന്തരിക കര്‍ണത്തോടു ബന്ധപ്പെട്ടുകിടക്കുന്ന സെമിസര്‍ക്കുലാര്‍ കനാല്‍ എന്നുപറയുന്ന അവയവത്തിനുള്ളിലെ ദ്രാവകങ്ങളിലേക്ക് പൊടിരൂപത്തിലുള്ള കാത്സ്യം കാര്‍ബണേറ്റ് ക്രിസ്റ്റല്‍സ് വന്ന് (Canalo lithiasis) സെല്ലുകളെ (Cell) ഉത്തേജിപ്പിക്കുന്നത് കാരണമുണ്ടാവുന്ന തലകറക്കമാണ് പതിവായി കണ്ടുവരുന്നത്.

ഈ അവസ്ഥ Benign Paroxysmal positional vertigo എന്നാണറിയപ്പെടുന്നത്. ഏത് കനാലിലാണോ ഇത് സംഭവിച്ചിട്ടുള്ളത് എന്ന് കണ്ടുപിടിച്ച് അതിനനുസരിച്ച് തലയുടെ പൊസിഷനില്‍ മാറ്റംവരുത്തി ഈ ക്രിസ്റ്റലുകളെ അതിന്റെ പൂര്‍വസ്ഥിതിയിലാക്കാം.

കഴുത്തിലെ കശേരുക്കളുടെ ബലക്കുറവുകാരണം ഉണ്ടാകുന്ന എല്ലുതേയ്മാനംകൊണ്ട് അതിലൂടെ പോകുന്ന രക്തക്കുഴലുകളിലും നാഡീ വ്യൂഹങ്ങളിലും ഉണ്ടാകുന്ന ക്ഷതംകൊണ്ടും തലകറക്കം ഉണ്ടാകാം. ഹൃദയത്തില്‍നിന്ന് തലയിലേക്ക് പോകുന്ന പ്രധാന ധമനിയുടേയോ അതിന്റെ ശാഖകളിലുണ്ടാകുന്ന തടസ്സങ്ങള്‍കൊണ്ടോ അതല്ലെങ്കില്‍ രക്തക്കുഴലുകളുടെ അനിയന്ത്രിതമായ വളര്‍ച്ചയും അതുകാരണമുണ്ടാകുന്ന രക്തസ്രാവവും (Aneurism Rupture) കൊണ്ടോ തലകറക്കം ഉണ്ടാകാം.

അമിതമായ തലവേദനയുടെ കാരണങ്ങളിലൊന്നായ Vestibular Migraine എന്ന അസുഖവും തലകറക്കമായി പ്രതിഫലിക്കാം. ഇത് സ്ത്രീകളിലാണ് കൂടുതല്‍ കണ്ടുവരുന്നത്. കഴുത്തിലെ പല രീതിയിലുള്ള മുഴകള്‍, രക്തകുഴലിന്‍മേലുണ്ടാകുന്ന സമ്മര്‍ദംകൊണ്ടും തലകറക്കം ഉണ്ടാകാവുന്നതാണ്.

ഹൃദ്രോഗത്തിന്റെയും ലക്ഷണം

ഹൃദയസംബന്ധമായ പല അസുഖങ്ങളുടെയും ഒരു ലക്ഷണമായും തലകറക്കത്തെ കണക്കാക്കുന്നു. ഹൃദയമിടിപ്പ് കൂടിയാലും കുറഞ്ഞാലും രക്തസമ്മര്‍ദം കൂടിയാലും കുറഞ്ഞാലും തലകറക്കം അനുഭവപ്പെട്ടേക്കാം. ശരീരത്തിലെ പലവിധത്തിലുള്ള ഗ്രന്ഥികള്‍ ഹോര്‍മോണുകളില്‍ ഉണ്ടാക്കുന്ന ഏറ്റക്കുറച്ചിലുകളും തലകറക്കമായി അനുഭവപ്പെടാവുന്നതാണ്. കണ്ണിലേക്കുള്ള രക്തയോട്ടം കുറഞ്ഞാലും കൂടിയാലും അതല്ലെങ്കില്‍ രക്തക്കുഴല്‍ അടഞ്ഞാലും കണ്ണിന്റെ നാഡിവ്യൂഹത്തിലുള്ള തകരാറുകൊണ്ടും തലകറക്കം അനുഭവപ്പെടാം എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പലവിധത്തിലുള്ള ജനിറ്റിക് ഡിസോഡര്‍ (Genetic disorders) കൊണ്ടുള്ള അസുഖങ്ങളും ഇതിന് കാരണമാവുന്നു. വൃക്കസംബന്ധമായ ഒരുപാട് അസുഖങ്ങളുടെ ഒരു ലക്ഷണവും തലകറക്കമാണ്. വളരെ അപൂര്‍വമല്ലാത്ത Auto Immune Diseases എന്ന ഗ്രൂപ്പിലെ പല അസുഖങ്ങളുടെയും ലക്ഷണങ്ങള്‍ പലപ്പോഴും തലകറക്കം ആകാറുണ്ട്.

മാനസിക സമ്മര്‍ദങ്ങളും, മാനസിക പ്രശ്നങ്ങളും തലകറക്കത്തിന് കാരണമാവുന്നുണ്ട്. അമിതമായ ചുമയും (Cough Syncope) ഛര്‍ദിയും തലകറക്കത്തിന് കാരണമാകുന്നുണ്ട്. പ്രായമായവരില്‍ മൂത്രസഞ്ചി അമിതമായി നിറഞ്ഞിരുന്ന സമയത്ത് മൂത്രമൊഴിച്ച് കഴിയുമ്പോള്‍ ചിലപ്പോള്‍ തലകറക്കം അനുഭവപ്പെടാം (Micturition Syncope). ഇവര്‍ എപ്പോഴും ഇരുന്നുതന്നെ മൂത്രവിസര്‍ജനം നടത്തുന്നതാണ് നല്ലത്. പ്രായാധിക്യം കൊണ്ടുള്ള പരിഹരിക്കപ്പെടാത്ത കാഴ്ചക്കുറവും (Presbyopia) തലകറക്കത്തിന്റെ കാരണങ്ങളില്‍പ്പെടുന്നു.

സാധാരണയായി കുട്ടികളിലും മുതിര്‍ന്നവരിലും മറ്റ് അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ കഴിക്കുന്നവരിലും Postural Hypotension കൊണ്ട് തലകറക്കം ഉണ്ടാകാറുണ്ട്. കിടക്കുന്നിടത്തുനിന്ന് എഴുന്നേല്‍ക്കുമ്പോള്‍ താത്കാലികമായി അല്പം രക്തസമ്മര്‍ദം കുറയുകയും തലകറക്കം ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരക്കാര്‍ എഴുന്നേല്‍ക്കുമ്പോള്‍ വളരെ സാവധാനത്തില്‍ എഴുന്നേല്‍ക്കണം. അതുപോലെ തന്നെ നടക്കുന്നതിനു മുമ്പ് കുറച്ചുനേരം ഇരിക്കുന്നതും നല്ലതാണ്. ഈ വിധത്തിലുള്ള എല്ലാ തലകറക്കങ്ങള്‍ക്കും പൊതുവേ രോഗികള്‍തന്നെ പറയുന്ന പേരാണ് ചെവിയുടെ ബാലന്‍സ് തെറ്റുക അല്ലെങ്കില്‍ Fluid imbalance എന്ന്.

തലവേദനയുടെ സ്വഭാവത്തിലും തീവ്രതയിലും മാറ്റം വരിക, അതിനോടനുബന്ധിച്ച് തലകറക്കം അനുഭവപ്പെടുക, തലകറക്കത്തിന്റെ കൂടെ ബോധക്കേടുണ്ടാവുക, സംസാരശേഷി കുറയുക, കാലുകള്‍ക്ക് തരിപ്പോ, ബലക്കുറവോ അനുഭവപ്പെടുകയോ, കേള്‍വി, കാഴ്ച ശക്തികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവുക, നടക്കുമ്പോള്‍ ഒരു ഭാഗത്തേക്ക് തെന്നിവീഴുന്നതായി തോന്നുക, അതിനോടനുബന്ധിച്ച് പനി വരിക എന്നിവ ഉണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സ തേടേണ്ടതാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Keywords: Vertigo: Symptoms, Causes & Treatment, Kochi, News, Vertigo, Warning, Treatment, Health Tips, Health, Doctors, Kerala News.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL