അനധികൃത കോവിഡ് ടെസ്റ്റ്; ലാബിനെതിരെയും ഡോക്ടര്‍ക്കെതിരെയും കേസ്
കാസര്‍കോട്: (www.kasargodvartha.com 13.11.2020) തളങ്കരയില്‍ അനധികൃത കോവിഡ് ടെസ്റ്റ് നടത്തിയെന്ന പരാതിയില്‍ ലാബിനെതിരെയും ഡോക്ടര്‍ക്കെതിരെയും കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ ലാബിന്റെ ഉടമയായ മൊഗ്രാല്‍പുത്തൂരിലെ ഡോ. സഫ് വാന്‍ എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
തളങ്കര പള്ളിക്കാലിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്ന ലാബിന് നഗരസഭയുടെയൊ ആരോഗ്യവകുപ്പിന്റെയൊ അനുമതിയില്ലെന്നും ടെക്നീഷ്യന്മാര്ക്ക് യോഗ്യതാ സര്ട്ടിഫിക്കറ്റുമുണ്ടായിരുന്നില്ലെന്നും കംപ്യൂട്ടറും പ്രിന്ററും ഉപയോഗിച്ച് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം പ്രിന്റെടുത്ത് നല്‍കുന്നതായും അധികൃതര്‍ പറയുന്നു.
വ്യാഴാഴ്ച ലാബില്‍ എസ് ഐ ശെയ്ഖ് അബ്ദുര്‍ റസാഖിന്റെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി. ജനറല്‍ ആശുപത്രി ജെ എച്ച് ഐ മാരായ എ വി ശ്രീജിത്ത്, സി സി ബാലചന്ദ്രന്, എസ് ഐ വിനോദ് കുമാര്‍, ലാബ് ടെക്നീഷ്യന് കെ ആര് ദീപക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിദഗ്ദസംഘം പരിശോധന നടത്തിയത്.
ജില്ലയിലെ സ്വകാര്യ ലാബുകളില്‍ ശേഖരിക്കുന്ന സ്രവം അന്യ ജില്ലയിലെ സ്വകാര്യ ലാബിലേക്ക് അയച്ചു ഫലം ലഭ്യമാക്കുന്ന രീതിയാണ് നടക്കുന്നത്. പരിശോധനക്ക് ഈടാക്കുന്ന തുകയ്ക്ക് രസീതും നല്‍കുന്നില്ല. ഒരു ദിവസം അമ്പതിലേറെ പേരുടെ സ്രവം അയക്കുന്നതായാണ് വിവരം. ഒരാളില്‍ നിന്നും 3000 മുതല്‍ 5000 രൂപ വരെ ഈടാക്കുന്നതായും ആക്ഷേപമുണ്ട്. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്നവര്‍ കൂടുതലുള്ള പ്രദേശമാണ് തളങ്കര. കോവിഡ് കാലത്ത് ഇവരിലേറെ പേരും നാട്ടിലെത്തിയിരുന്നു. തിരിച്ചുപോകാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇത് മുതലെടുത്താണ് ലാബ് അനധികൃതമായി പ്രവര്‍ത്തിച്ചു വന്നതെന്നും ഒരു ലാബിന് വേണ്ടുന്ന ഒരു സംവിധാനവും ഇവിടെ ഉണ്ടായിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.










