മത്സ്യതൊഴിലാളിയുടെ ദുരുഹ മരണം; പോസ്റ്റ്‌മോര്‍ട്ടം ശനിയാഴ്ച നടക്കും; പട്ടാപ്പകല്‍ യുവാവ് മരിച്ചത് ആരും അറിഞ്ഞില്ല: സി സി ടി വി ദൃശ്യം പോലീസ് പരിശോധിക്കുന്നു
ബേക്കല്‍: (www.kasargodvartha.com 09.10.2020) മത്സ്യ ബന്ധനത്തിന് പോയി കാണാതായ ബേക്കല്‍ ബീച്ച് റോഡ് രാമഗുരുവിലെ സുധാകരനെ (32) ഓഡിറ്റോറിയം നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ബേക്കല്‍ സി ഐയുടെ ചുമതല വഹിക്കുന്ന അമ്പലത്തറ സി ഐ ദാമോദരന്‍ എസ് ഐ അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനാല്‍ വ്യാഴാഴ്ച സന്ധ്യയ്ക്ക് കണ്ടെത്തിയ മൃതദേഹം വെള്ളിയാഴ്ച രാവിലെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് 12 മണിയോടെ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയത്.
വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തിയില്ല. കോവിഡ് പരിശോധന അടക്കം പൂര്‍ത്തിയാക്കി ശനിയാഴ്ച പോസ്റ്റ്‌മേര്‍ട്ടം നടത്തും. സുധാകരന്റെ മരണം കൊലയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പുലര്‍ച്ചെ വീട്ടില്‍ നിന്നും സഹോദരന്‍ മണി ഉള്‍പ്പെടെയുള്ളവരോടൊപ്പം 35 പേര്‍ പോകുന്ന തോണിയില്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയതായിരുന്നു.
ഉച്ചയ്ക്ക് 12 മണിയോടെ മത്സ്യവുമായി തോണി പള്ളിക്കരയിലാണ് അടുപ്പിച്ചത്. ഇവിടെ നിന്നും വീട്ടിലേക്കെന്ന് പറഞ്ഞ് പോയ സുധാകരന്‍ പൂച്ചക്കാട്ട് എങ്ങനെയെത്തിയെന്നത് ദുരുഹമാണ്. മത്സ്യ ബന്ധനത്തിന് പോയ അതേ വസ്ത്രമാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്.
ഓഡിറ്റോറിയം അടക്കമുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അന്യസംസ്ഥാന തൊഴിലാളികള്‍ നാല് നില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ തന്നെയാണ് താമസിക്കുന്നത്.ഇവര്‍ പോലും സുധാകരന്‍ അവിടെ വന്ന കാര്യമോ മരിച്ചു കിടക്കുന്ന കാര്യമോ കണ്ടിട്ടില്ലെന്നാണ് പോലീസിന് മൊഴി നല്‍കിയത്. മൃതദേഹം കണ്ടെത്തിയ കെട്ടിടത്തിന്റെ പിറകില്‍ നെല്‍വയലാണ്. കര്‍ഷക തൊഴിലാളികളായ സ്ത്രീകള്‍ വൈകീട്ട് ആറ് മണിവരെ പാടത്ത് ജോലി ചെയ്തിരുന്നു. അവരും സുധാകരന്‍ ആ സമയം വരെ അവിടെ വന്ന കാര്യം കണ്ടിട്ടില്ലെന്നാണ് പോലീസിന് മൊഴി നല്‍കിയത്. വ്യാഴാഴ്ച സന്ധ്യയ്ക്ക് 6.40 മണിയോടെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ സൂപ്പര്‍വൈസറാണ് മൃതദേഹം കണ്ടെത്തിയ വിവരം നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചത്.
സുധാകരന്റെ മുഖത്തും ദേഹത്തും പരിക്ക് കണ്ടെത്തിയതിനാല്‍ കൊലയ്ക്കുള്ള സാധ്യത പോലീസും തള്ളിക്കളയുന്നില്ല. വാഹനത്തിലോ മറ്റോ കൊണ്ടുവന്ന് ഇവിടെ യുവാവിന്റെ മൃതദേഹം തള്ളിയതാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. തൊട്ടടുത്തുള്ള വീട്ടിലെയടക്കം സി സി ടി വി പോലീസ് പരിശോധിക്കുന്നുണ്ട്.
സുധാകരന് മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കിലും ഉപയോഗിക്കുന്നത് കുറവാണ്. രണ്ട് ദിവസം മുമ്പ് തകരാറിലായിരുന്ന ഫോണ്‍ നന്നാക്കിയിരുന്നു. അത് വീട്ടില്‍ തന്നെയായിരുന്നു. യുവാവിന്റെ ഫോണ്‍ കോള്‍ സംബന്ധിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിച്ചു വരുന്നുണ്ട്. ആരോഗ്യ ദൃഢഗാത്രനായ സുധാകരനെ ഒന്നാ രണ്ടോ പേര്‍ക്കൊന്നും പെട്ടന്ന് കീഴ്‌പ്പെടുത്താന്‍ സാധിക്കില്ല. മൃതദേഹം കിടന്ന സ്ഥലത്ത് മല്‍പ്പിടുത്തത്തിന്റെയോ മറ്റോ ലക്ഷണങ്ങളും കണ്ടെത്താനായിട്ടില്ല.
സുധാകരന്‍ കെട്ടിടത്തില്‍ നിന്ന് ചാടാനുള്ള സാഹചര്യവും അവിടെയില്ല. മൃതദേഹം കിടക്കുന്ന ഭാഗത്ത് കയറി നില്‍ക്കാനുള്ള സ്ഥലം കെട്ടിടത്തിലില്ല. പകല്‍ മുഴുവനും ആളുകളുടെ ശ്രദ്ധയുള്ള സ്ഥലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് പോലീസിനെയും നാട്ടുകാരെയും ഒരു പോലെ കുഴക്കുന്നുണ്ട്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് കാഞ്ഞങ്ങാട് ഡി വൈ എസ് പി എന്‍ പി വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പോലീസ് നായയെ സ്ഥലത്ത് കൊണ്ടുവന്ന് പരിശോധിപ്പിച്ചെങ്കിലും അവിടെ തന്നെ കറങ്ങി തിരിയുകയായിരുന്നു. ഫോറന്‍സിക്ക് വിദഗ്ദ്ധരും തെളിവുകള്‍ ശേഖരിച്ചു.
Keywords: Bekal, news, Kerala, Kasaragod, Death, fishermen, Police, Investigation, Top-Headlines, The mysterious death of a fisherman