മഞ്ഞം പൊതിക്കുന്ന് ടൂറിസം പദ്ധതി പ്രവൃത്തി റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു
Feb 7, 2021, 20:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.02.2021) മാവുങ്കാലിന് സമീപം മഞ്ഞം പൊതിക്കുന്നിൽ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന വാനനിരീക്ഷണ വിനോദ സഞ്ചാര പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നിർവഹിച്ചു. ആരുടെയും ശ്രദ്ധയിൽ പെടാതെ കിടക്കുന്ന, ദൃശ്യ മനോഹരമായ നിരവധി കേന്ദ്രങ്ങൾ വടക്കൻ കേരളത്തിൽ, പ്രത്യേകിച്ച് കാസർകോട് ജില്ലയിൽ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. ടൂറിസം പദ്ധതി വികസിപ്പിക്കുന്നതിലൂടെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം ഒട്ടേറെ പേർക്ക് തൊഴിൽ നൽകാനും കഴിയും. ബേക്കൽ കോട്ട ഉൾപ്പെടെയുള്ള കേന്ദ്രങ്ങളുടെ ടൂറിസം സാധ്യതകൾ കൂടുതൽ ഉപയോഗിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.
മഞ്ഞം പൊതിക്കുന്നിൽ 4.97 കോടി രൂപയുടെ ടൂറിസം പദ്ധതിക്കാണ് സർക്കാർ ഭരണാനുമതി നൽകിയത്. മഞ്ഞം പൊതിക്കുന്നിന്റെ പ്രകൃതി സൗന്ദര്യം നിലനിർത്തിയാണ് വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കുന്നത്. സംഗീത ജലധാര, ബേക്കൽ കോട്ട, തൈക്കടപ്പുറം അഴിമുഖം, അറബിക്കടൽ എന്നിവയുടെ ദൂരക്കാഴ്ച കുന്നിൻമുകളിൽ നിന്ന് ആസ്വദിക്കാനുള്ള ബൈനോക്കുലർ സംവിധാനങ്ങൾ, വാനനിരീക്ഷണത്തിനുള്ള ടെലിസ്‌കോപ്പ് എന്നിവ മഞ്ഞം പൊതിക്കുന്നിൽ സ്ഥാപിക്കും. ഇരിപ്പിടങ്ങൾ, സെൽഫി പോയിന്റുകൾ, ലഘുഭക്ഷണശാല, പാർക്കിങ് സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും. രാത്രികാലങ്ങളിൽ ആകാശക്കാഴ്ചകൾ ആസ്വദിക്കാനാവും വിധം വാനനിരീക്ഷണ വിനോദ സഞ്ചാര പദ്ധതി എന്ന ആശയം സംസ്ഥാനത്ത് ആദ്യമായാണ് നടപ്പിലാക്കുന്നത്.
Keywords: Kerala, News, Kasaragod, Kanhangad, Ecotourism, Top-Headlines, Inauguration, Mavungal, E.Chandrashekharan, Minister, The Minister of Revenue inaugurated Manjampothikkunnu tourism project.
< !- START disable copy paste -->