city-gold-ad-for-blogger

ആയുസിന്റെ ബലത്തിൽ ദുരന്തത്തെ അതിജീവിച്ച കാസര്‍കോട്ടെ ഒന്നരവയസുകാരൻ; പിഞ്ചോമനകളുള്ള മാതാപിതാക്കൾ ജാഗ്രത പാലിക്കുക; പിതാവിന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു

കാസർകോട്: (www.kasargodvartha.com 18.07.2021)ഒരു വയസും രണ്ട് മാസവും പ്രായമുള്ള മകൻ നേരിട്ട അപകടവും പിഞ്ചോമനകളുള്ള മാതാപിതാക്കൾ ജാഗ്രരാവേണ്ടതും ഓർമിപ്പിച്ച് പിതാവിന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു. പൂച്ചക്കാട് കപ്പണയിലെ ബശീർ ആണ് തന്റെ മകന്റെ അനുഭവം വിവരിച്ച് കുറിപ്പ് എഴുതിയിരിക്കുന്നത്.

 
ആയുസിന്റെ ബലത്തിൽ ദുരന്തത്തെ അതിജീവിച്ച കാസര്‍കോട്ടെ ഒന്നരവയസുകാരൻ; പിഞ്ചോമനകളുള്ള മാതാപിതാക്കൾ ജാഗ്രത പാലിക്കുക; പിതാവിന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു


2020 ഡിസംബർ 15 ൻ വൈകുന്നേരം കളിച്ചുകൊണ്ടിരിക്കെ പെട്ടന്ന് കുട്ടി ചുമക്കുകയും, ഛർദിക്കുകയും 10 സെകൻഡിനുള്ളിൽ മുഖം നീല നിറമാവുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് എക്സ്റേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കുട്ടി എന്തെങ്കിലും വിഴുങ്ങിട്ടുണ്ടങ്കിൽ അത് വയറ്റിലേക്ക് പോയിക്കാണുമെന്നും നല്ല പോലെ കഫമുണ്ടന്നും പറഞ്ഞു അതിനുള്ള മരുന്നാണ് ഡോക്ടർ നൽകിയത്.

മരുന്നു കൊടുത്തു രണ്ട് ദിവസം കഴിഞ്ഞപ്പോഴും ചുമക്കാനും ശ്വാസമെടുക്കുമ്പോൾ നല്ല ശബ്ദം കേൾക്കാനും തുടങ്ങി. ഒരു മാറ്റവും കാണാതെ വന്നപ്പോൾ പല ഡോക്ടർമാരെയും കണ്ടെങ്കിലും നാല് മാസത്തോളം പ്രശ്‌നത്തിന് പരിഹാരമായില്ല. ഒടുവിൽ കാസർകോട് ജനറല്‍ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ദനായ ഡോ. അബ്ദുൽ സത്താറിനെ കണ്ട് വിഷയം അവതരിപ്പിച്ചു.

ഉടനെ അദ്ദേഹം പറഞ്ഞതനുസരിച്ച് എക്സ്റേ എടുത്തു. അത് പരിശോധിച്ച ഡോക്ടർ, 80 ശതമാനം കുട്ടിയുടെ ശ്വാസകോശത്തിൽ എന്തോ ഒന്ന് ഉള്ളതായി തോന്നുന്നുവെന്നും എത്രയും പെട്ടന്ന് പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജിലേക്ക് കൊണ്ട് പോകാനും നിർദേശിച്ചു. അദ്ദേഹം തന്നെ അവിടെയുള്ള ഡോ. രാജീവ് റാമിന്റെ അപോയിന്റ്മെന്റ് എടുത്ത് വേണ്ട കാര്യങ്ങൾ ചെയ്‌ത് കൊടുത്തു.

ഏപ്രിൽ എട്ടിന് പരിയാരത്തെത്തി ഡോ. രാജീവിന്റെ നിർദേശാനുസരണം സി ടി സ്കാനെടുത്തു. കുട്ടിയുടെ ശ്വാസ കോശത്തിൽ എന്തോ ഒന്ന് കാണുന്നുണ്ടെന്നും ബ്രോങ്കോസ്കോപി വഴി പുറത്തെടുക്കാമെന്നും അദ്ദേഹം അറിയിച്ചു. പിറ്റേ ദിവസം രണ്ട് മണിക്കൂറിന്റെ കഠിന പ്രയത്നത്തിൽ ശ്വാസ കോശത്തിൽ നിന്നും സാധനം പുറത്തെടുത്തു. അത് കണ്ട് എല്ലാവരും ഞെട്ടിയതായി ബശീർ പറയുന്നു. ഇലക്ട്രോണിക് ഉപകരണത്തിലുണ്ടാവാറുള്ള ഒരു ഇഞ്ച് വലിപ്പത്തിലുള്ള കണ്ടൻസറിന്റെ കഷ്ണവും, അതിന്റെ തന്നെ മറ്റൊരു ചെറിയ കഷ്ണവും, പിസ്തയുടെ അകത്തെ തോടുമായി മൂന്ന് വസ്തുക്കളാണ് ഉണ്ടായിരുന്നത്.

ഈ അവസ്ഥയിൽ നാല് മാസം കുട്ടി എങ്ങനെ നിന്നുവെന്നത് തികച്ചും അത്ഭുതം തോന്നുന്നുവെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. സത്താർ ഡോക്ടറെ കാണാൻ തോന്നിയതും ഇവിടെ എത്തിയതും കുട്ടിയുടെ ആയുസിന്റെ ബലം കൊണ്ടാണന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ഡോ. അബ്ദുൽ സത്താറിന്റെ പ്രത്യേക ശ്രദ്ധയാണ് ഇത് കണ്ടെത്തുന്നതിന് സഹായകമായത്. ശ്വാസകോശത്തിൽ അണുബാധ വരാതിരിക്കാൻ വേണ്ടി ദിവസവും ആറ് എന്ന നിലയിൽ എട്ട് ദിവസം കുത്തിവെപ്പുമെടുത്തു. ഇപ്പോൾ കുട്ടി പൂർണസുഖത്തിലാണ്.

വിട്ടു മാറാത്ത ചുമ, ശ്വാസം മുട്ടുമായി പല ഡോക്ടർമാരെയും കാണിച്ചിട്ടും ഭേദമാവാത്ത കുട്ടികൾ ഉണ്ടാവാമെന്നും അവരുടെ മാതാപിതാക്കൾക്ക് ഈ രീതിയിൽ കൂടി ചിന്തിക്കാൻ വേണ്ടിയാണ് കുറിപ്പെഴുതിയതെന്നും ബശീർ കാസർകോട് വാർത്തയോട് പറഞ്ഞു. ഡോ. അബ്ദുൽ സത്താർ, ഡോ. രാജീവൻ എന്നിവരുടെ ആത്മാർഥതയും ഇടപെടലുകളും ഏറെ സന്തോഷം പകർന്നതായും അദ്ദേഹം വ്യക്തമാക്കി.

Keywords:  Kasaragod, Kerala, News, Top-Headlines, Parents, Child, Social-Media, Poochakadu, Doctor, Treatment, Survivor of One-and-half-year-old boy from accident.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia