ലീഗ് കോട്ടയായ ചെങ്കളയില്‍ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് കണ്ണും നട്ട് നേതാക്കളുടെ പട; ബേവിഞ്ചയില്‍ പൊട്ടിതെറി, മത്സരം മുറുകും
ചെര്‍ക്കള: (www.kasargodvartha.com 16.11.2020) മുസ്ലിം ലീഗിന്റെ കോട്ടയെന്നറിയപ്പെടുന്ന ചെങ്കള പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം ജനറല്‍ ആയതോടെ ആ സ്ഥാനത്തേക്ക് കണ്ണും നട്ട് നേതാക്കളൂടെ പട തന്നെ രംഗത്ത്.
മുന്‍ കൂട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഇല്ല എന്ന മേല്‍കമ്മറ്റി നിര്‍ദ്ദേശമുണ്ടെങ്കിലും അണിയറയില്‍ ചരടു വലികള്‍ സജീവമാണ്. കഴിഞ്ഞ നാല് തവണയായി പ്രസിഡന്റുമാരെ തെരെഞ്ഞെടുത്ത 5-ാം വാര്‍ഡായ നാരമ്പാടിയില്‍ തന്നെയാണ് എല്ലാവരുടെ കണ്ണുകളും.
കഴിഞ്ഞ ദിവസം ചേര്‍ന്ന വര്‍ക്കിംഗ് കമ്മറ്റി യോഗത്തില്‍ 7 പേരുകളാണ് ഉയര്‍ന്ന് വന്നത്. ഇതില്‍ അഞ്ചുപേരും വിജയിച്ചാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാവുന്നവര്‍ തന്നെയാണ്. പാര്‍ട്ടിയുടെ ജില്ലാ - മണ്ഡലം - പഞ്ചായത്ത് ഭാരവാഹികള്‍ മുതല്‍ വ്യവസായ പ്രമുഖര്‍ വരെ ഇതില്‍പെടും.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി മൂസ ബി ചെര്‍ക്കള, മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയും വാര്‍ഡംഗവുമായ പി ഡി എ റഹ്മാന്‍, എസ് ടി യു ജില്ലാ പ്രസിഡന്റും പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ എ അഹ് മദ് ഹാജി, പി ബി അബ്ദുര്‍ റസാഖിന്റെ മകന്‍ പി ബി ശെഫീഖ്, വാര്‍ഡിലെ മുതിര്‍ന്ന അംഗം എരിയപ്പാടി മുഹമ്മദ് ഹാജി, അലി ഗോളിന്റടി എന്നിവരാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണനയിലുള്ളത്.
എന്നാല്‍ 20 വര്‍ഷമായി വാര്‍ഡില്‍ നിന്ന് പുറത്ത് ഉള്ളവരെ മാത്രം മത്സസരിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പ്രസിഡന്റ് ആരായാലും മെമ്പര്‍ വാര്‍ഡുകാരന്‍ തന്നെയാവണമെന്ന ആവശ്യം നാട്ടുകാരില്‍ ശക്തമാണ്.
വര്‍ക്കിംഗ് കമ്മറ്റി യോഗത്തില്‍ ഇക്കാര്യം നാട്ടിലെ യുവാക്കള്‍ ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. ചെങ്കള പഞ്ചായത്തില്‍ മറ്റു വാര്‍ഡുകളിലെല്ലാം സ്വന്തം വാര്‍ഡുകാര്‍ മാത്രം മത്സരിച്ചാല്‍ മതിയെന്ന് തീരുമാനമെടുക്കുമ്പോള്‍ അഞ്ചാം വാര്‍ഡില്‍ മാത്രമാണ് ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നതെന്ന് ഇവര്‍ പറയുന്നു.
ഇത്തവണയും ഇതാവര്‍ത്തിച്ചാല്‍ തെരെഞ്ഞെടുപ്പുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഇവരുടെ പക്ഷം. അതിനിടയില്‍ നാട്ടിലെ ചിലര്‍ക്ക് പണമെറിഞ്ഞ് സീറ്റ് സ്വന്തമാക്കാന്‍ വാര്‍ഡിന് പുറമെ നിന്നുള്ള ചില പ്രമാണിമാര്‍ നീക്കുപോക്കുകള്‍ നടത്തുന്നു എന്ന ആക്ഷേപവുമുയരുന്നു. ലീഗിന്റെ ജില്ല പാര്‍ലമെന്റ് ബോര്‍ഡാണ് സ്ഥാനാര്‍ത്തികളെ പ്രഖ്യാപിക്കേണ്ടത്.അതിനിടയില്‍ ലീഗിന്റെ അഭിപ്രായ ഭിന്നതകള്‍ മുതലെടുത്ത് വാര്‍ഡ് തിരിച്ചു പിടിക്കാന്‍ സി പി എം അണിയറയില്‍ കരുക്കള്‍ നീക്കുന്നുണ്ട്. പ്രാദേശിക വികാരം മുതലെടുത്ത് നാരമ്പാടിയിലെ തന്നെ ലത്വീഫിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് സി പി എം നീക്കം.
യുവാക്കള്‍ക്കിടയില്‍ മികച്ച സ്വാധീനമുള്ള ലത്വീഫിന് വാര്‍ഡില്‍ ഏറെ കുടുംബ ബന്ധങ്ങളുമുണ്ട്. ഒരു മതസംഘടനയുടെ പിന്തുണയും എല്‍ ഡി എഫ് പ്രതീക്ഷിക്കുന്നു. എല്ലാം ഒത്തിണങ്ങിയാല്‍ ലീഗിന്റെ അഭിമാന വാര്‍ഡ് പിടിച്ചെടുക്കാം എന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.
അതേ സമയം ആസന്നമായ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ലീഗിന്റെ ഉരുക്കു കോട്ടയായ ബേവിഞ്ചയില്‍ ലീഗിന് വെല്ലുവിളിയായി മുന്‍ പഞ്ചായത്ത് മെമ്പറും പാര്‍ട്ടിയെ ബേവിഞ്ചയില്‍ കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ലീഗിന്റെ പ്രമുഖ നേതാവുമായിരുന്ന ബി മൊയ്ദീന്‍ കുഞ്ഞി സര്‍വ്വ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ കൊടുത്തത് നേതൃത്വത്തെ അങ്കലാപ്പിലാക്കി.
പാര്‍ട്ടിക്കാരുടെയും നാട്ടുകാരുടെയും പരിപൂര്‍ണമായ പിന്തുണ തനിക്കുണ്ടെന് അവകാശപ്പെടുന്ന അദ്ദേഹം വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന പരിപൂര്‍ണ വിശ്വാസത്തിലുമാലാണ്.
എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് അബ്ദുര്‍ റഹ് മാനാണ്. മുസ്ലിം ലീഗിന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതില്‍ നേതൃത്വത്തിന് ഇത് വരെ തീരുമാനമെടുക്കാനാവാത്തതും പാര്‍ട്ടി നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുന്നു.
Keywords: Cherkala, News, Kerala, Kasaragod, Election, Muslim-league, LDF, Top-Headlines, Leader, Panchayath, Stronghold of the League, is eyeing the post of panchayat president; Bevinja explodes and the competition intensifies