Train Extended | അറിയിപ്പ്: കേരളത്തില്‍ നിന്നുള്ള അയോധ്യ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടി
Jan 30, 2024, 09:34 IST
പാലക്കാട്: (KasargodVartha) കേരള-അയോധ്യ ട്രെയിനിന്റെ കന്നിയാത്ര ചൊവ്വാഴ്ച (30.01.2024) ഉണ്ടാകില്ല. ചൊവ്വാഴ്ച 7.10ന് സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കേരളത്തില്‍ നിന്നുള്ള ആദ്യ അയോധ്യ ട്രെയിന്‍ സര്‍വീസ് ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടിയതായി റെയില്‍വേ അറിയിച്ചു.
അയോധ്യയില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് സര്‍വീസ് നീടിവെച്ചത്. ട്രെയിനിലേക്കുള്ള ബുകിംഗും ആരംഭിച്ചിരുന്നില്ല. പാലക്കാട് നിന്ന് പുറപ്പെടുന്ന അയോധ്യ ട്രെയിന്‍ 54 മണിക്കൂര്‍ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലര്‍ചെ രണ്ടിനാണ് അയോധ്യയിലെത്തുക. അന്ന് വൈകിട്ട് തന്നെ മടക്കയാത്ര ആരംഭിക്കും. കോയമ്പതൂര്‍ വഴിയാണ് സര്‍വീസ്.
തിരുനെല്‍വേലിയില്‍ നിന്ന് ഫെബ്രുവരി ഒന്നിന് അയോധ്യയിലേക്ക് പുറപ്പെടുന്ന ട്രെയിന് കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം ടൗണ്‍, ഷൊര്‍ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്റ്റോപുണ്ട്. ഫെബ്രുവരി 4, 9, 14, 19, 24, 29 തീയതികളിലും പാലക്കാട് നിന്ന് അയോധ്യയിലേയ്ക്ക് സര്‍വീസ് ഉണ്ട്.
ആദ്യ സര്‍വീസുകളിലെ തിരക്ക് പരിശോധിച്ച് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനും റെയില്‍വേ പദ്ധതിയിടുന്നുണ്ട്. 1,500 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന 22 സ്ലീപര്‍ കോചുകളാണുണ്ടാവുക. കോയമ്പതൂര്‍, നാഗര്‍കോവില്‍, തിരുവനന്തപുരം വഴിയും കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ അയോധ്യയിലേക്ക് സര്‍വീസ് നടത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ആദ്യഘട്ടത്തില്‍ ഐആര്‍സിടിസിയുടെ ടൂറിസം ബുകിംഗ് വെബ്‌സൈറ്റിലൂടെ സംഘമായാണ് ടികറ്റുകള്‍ ബുക് ചെയ്യാന്‍ സാധിക്കുക.