വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വനിതകളുടെ ഓര്‍മപ്പെടുത്തലുമായി മറ്റൊരു വനിതാ ദിനം കൂടി; അറിയാം പ്രാധാന്യം
തിരുവനന്തപുരം: (www.kasargodvartha.com 04.03.2022) സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനാചരണം. വിവിധ മേഖലകളില്‍ കഴിവും കാര്യപ്രാപ്തിയും നേടിയ സ്ത്രീജനങ്ങളുടെ ദിനം. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ നേട്ടങ്ങള്‍ തിരിച്ചറിയുന്നതിനായി അന്താരാഷ്ട്ര വനിതാ ദിനം എല്ലാ വര്‍ഷവും മാര്‍ച് എട്ടിന് ആഘോഷിക്കുന്നു.
ലോകത്തിലെ എല്ലാ വനിതകള്‍ക്കുമായി ഒരു ദിവസം എന്ന ആശയത്തില്‍ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. 1911 ല്‍ ആദ്യമായി നടന്ന, അന്താരാഷ്ട്ര വനിതാ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നത് സ്ത്രീകളുടെ നേട്ടങ്ങള്‍ തിരിച്ചറിയുന്നതിനും സ്ത്രീ സമത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, ലിംഗപരമായ തുല്യതയ്ക്കുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരാനുമാണ്.
സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി വനിതകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വിയര്‍പും ശക്തിയും കൊണ്ട് സ്ത്രീകള്‍ വരിച്ച വിജയത്തിന്റെ കഥയും അവയില്‍ പ്രധാനപ്പെട്ടവ.
20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വ്യാവസായിക വളര്‍ച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴില്‍ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്.
യാഥാസ്ഥിക പുരുഷാധിപത്യ സമൂഹത്തിലെ പാര്‍ശ്വവല്‍കരിക്കപ്പെട്ട സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണം ഇതിന്റെ ഭാഗമാണ്. ലിംഗസമത്വം, ലിംഗനീതി തുടങ്ങിയ ആശയങ്ങള്‍ ഇതുമായി ബന്ധപെട്ടു ഉയര്‍ത്തിപ്പിടിക്കാറുണ്ട്. വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്നാണ്.
വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കുടുംബം തുടങ്ങിയ കാര്യങ്ങളില്‍ വനിതകള്‍ നേടിയ വിജയത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിവസം. അന്നേ ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വര്‍ണാഭമായ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഇതിന് പുറമെ പ്രസംഗം, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങളും നടക്കുന്നു.
Keywords: News, Top-Headlines, Women's-day, Thiruvananthapuram, Women, Significance of International Women's Day






