Shinkari Melam | കലവറനിറക്കൽ ഘോഷയാത്രയിൽ സ്കൂൾ കുട്ടികളുടെ ശിങ്കാരിമേളം ശ്രദ്ധേയമായി
Feb 8, 2024, 15:16 IST
വെള്ളരിക്കുണ്ട്: (KasaragodVartha) ബളാൽ ഭഗവതി ക്ഷേത്ര ഉത്സവത്തിന് തുടക്കം കുറിച്ച് നടന്ന കലവറ ഘോഷയാത്രയിൽ ശിങ്കാരി മേളം തീർത്ത വിദ്യാർഥികളുടെ പ്രകടനം ശ്രദ്ധേയമായി. ബുധനാഴ്ച രാവിലെ കോട്ടെക്കാട് കാവിൽ നിന്നും ആരംഭിച്ച നിരവധി അമ്മമാർ അണി നിരന്ന കലവറ ഘോഷയാത്രയിലാണ് ബളാൽ ഗവ. ഹൈസ്‌കൂളിലെ അഞ്ചിലും ആറിലും ഏഴിലും എട്ടിലും ഒൻപതിലും പഠിക്കുന്ന വിദ്യാർഥികൾ വാദ്യമേളത്തിലെ മികവ് തെളിയിച്ചത്.
കെ നിതിനിന്റെ നേതൃത്വത്തിലുള്ള 12 പേർ അടങ്ങുന്ന സംഘമാണ് സ്വന്തം നാട്ടിലെ അഞ്ചുദിവസം നീണ്ടു നിൽക്കുന്ന ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുള്ള കലവറ നിറക്കൽ ഘോഷയാത്രയിലെ ശിങ്കാരി മേളത്തിൽ അണി നിരന്നത്. താളം കലാസമിതി എന്നപേരിലാണ് ഇവർ ശിങ്കാരി മേളംതീർത്തത്. പലർക്കും വലുപ്പത്തിനനുസരിച്ചുള്ള ചെണ്ട ലഭിച്ചില്ലെങ്കിലും ശിങ്കാരി മേള വിസ്മയം തീർക്കാൻ ബുദ്ധിമുട്ട് നേരിട്ടില്ല.
കോട്ടെക്കാട് കാവ് മുതൽ ബളാൽ അമ്പലം വരെയുള്ള ഒന്നരകിലോമീറ്റർ ദൂരം കലവറഘോഷയാത്രയ്ക്ക് ഒപ്പം ഈ കൊച്ചു വാദ്യകലാസംഗം ചെണ്ടമേളത്തിലെ നാദവിസ്മയം തീർത്ത് നടന്നകന്നു. കവറഘോഷയാത്ര ക്ഷേത്രത്തിൽ എത്തി സമാപിച്ചപ്പോൾ തന്നെ ക്ഷേ ത്രഭാരവാഹികൾ ഈ കൊച്ചുമിടുക്കന്മാരെ അനുമോദിച്ചു. ക്ഷേത്രമുറ്റത്ത് നടന്ന അനുമോദനപരിപാടിയിൽ 12 പേർക്കും മൊമെന്റോ സമ്മാനിച്ചു. ചടങ്ങിൽ വി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആഘോഷ കമിറ്റി ചെയർമാൻ ഹരീഷ് പി നായർ, പി കുഞ്ഞികൃഷ്ണൻ, പി വി ശ്രീധരൻ, ജ്യോതി രാജേഷ്, രേഷ്മ രാധാകൃഷ്ണൻ, ശ്യാമള ശ്രീധരൻ, ദിവാകരൻ നായർ, എം. മണികണ്ഠൻ, വി ഗോപി.എന്നിവർ സംസാരിച്ചു.
Keywords: Shinkari Melam, Malayalam News, Vellarikkundu, Ballal, Students, Ballal Govt High School, Memento, Shinkari Melam of school children prominent in procession.