city-gold-ad-for-blogger

കോവിഡ് രണ്ടാം തരംഗത്തിന് സാധ്യത; ശനിയാഴ്ച മുതല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും; റാണിപുരത്തും ബീച്ചുകളിലും അനധികൃത പ്രവേശനം തടയും

കാസര്‍കോട്: (www.kasargodvartha.com 28.11.2020) ജില്ലയില്‍ കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യത പരിഗണിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. 

കോവിഡ് രണ്ടാം തരംഗത്തിന് സാധ്യത; ശനിയാഴ്ച മുതല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും; റാണിപുരത്തും ബീച്ചുകളിലും അനധികൃത പ്രവേശനം തടയും

ആരോഗ്യം, റവന്യൂ, പൊലീസ്, പഞ്ചായത്ത് വിഭാഗങ്ങള്‍ക്കാണ് നിയന്ത്രണ ചുമതല. ചെമ്പരിക്ക, ബേക്കല്‍, പള്ളിക്കര, വലിയപറമ്പ്, കാപ്പില്‍, അഴിത്തല, കീഴൂര്‍ ബീച്ചുകളിലും റാണിപുരം ഹില്‍ സ്റ്റേഷനിലും ആള്‍ക്കൂട്ടം നിയന്ത്രിക്കാനും ബീച്ചുകളിലേക്കുള്ള അനധികൃത വഴികള്‍ അടച്ച് സന്ദര്‍ശന സമയം ഒരു മണിക്കൂറായി പരിമിതപ്പെടുത്തുവാനും തീരുമാനിച്ചു.

ചെമ്പരിക്ക ബീച്ചില്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് ബീച്ചിലേക്കുള്ള അനധികൃത പ്രവേശനം തടയും. പ്രധാന വഴിയിലൂടെ മാത്രമായിരിക്കും ബീച്ചിലേക്ക് പ്രവേശനാനുമതി. ഒരു സമയം പരമാവധി 50 പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക.

പളളിക്കര ബീച്ചിലും ബേക്കല്‍ കോട്ടയിലും ഒരു ദിവസം പരമാവധി 1000 പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. പള്ളിക്കര ബീച്ച് പരിസരത്തെ പ്രധാന പ്രവേശന വഴി ഒഴികെയുള്ള അനധികൃത പാതകള്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കും. ബേക്കല്‍ കോട്ടയില്‍ പാസ് വിതരണം ചെയ്ത് പ്രവേശനം നല്‍കുകയും പരമാവധി എണ്ണം കഴിയുമ്പോള്‍ ഹൗസ് ഫുള്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

വലിയ പറമ്പ ബീച്ചില്‍ ബീച്ചിനോട് ചേര്‍ന്ന രണ്ട് പാലങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഒരേ സമയം 300 സന്ദര്‍ശകരെ (100 വാഹനങ്ങള്‍) മാത്രമേ അനുവദിക്കുകയുള്ളൂ. കാപ്പില്‍ ബീച്ചിലും ബാരിക്കേഡ് നിയന്ത്രണം നടത്തും. അഴിത്തലയിലെ സഞ്ചാരികളുടെ നിയന്ത്രണ ചുമതല കോസ്റ്റല്‍ പൊലീസിനെ ഏല്‍പ്പിച്ചു.

റാണി പുരത്ത് പള്ളിക്ക് സമീപം ബാരിക്കേഡ് സ്ഥാപിച്ച് സഞ്ചാരികളെ നിയന്ത്രിക്കും. പരമാവധി 400 പേരെയാണ് ഒരു ദിവസം അനുവദിക്കുക. റാണിപുരത്ത് ഡിസംബര്‍ മാസം മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം നിലവില്‍ വരും. ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പിന്റെ കിയോസ്‌ക്കുകള്‍ സ്ഥാപിച്ച് ആന്റിജെന്‍ ടെസ്റ്റ് നടത്തും.  അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വളണ്ടിയര്‍മാരെ നിയോഗിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ വിവരങ്ങള്‍ സംബന്ധിച്ച രജിസ്റ്റര്‍ സൂക്ഷിക്കുകയും സഞ്ചാരികളെ നിയന്ത്രിക്കുകയും ചെയ്യും. 

നിരോധനാഞ്ജ പിന്‍വലിച്ചതും മംഗലാപുരത്തേക്കുള്ള കെ എസ് ആര്‍ ടി സി സര്‍വ്വീസ് പുനരാരംഭിച്ചതും സെക്ടറല്‍ മജിസ്ട്രേറ്റ്മാരുടെ സേവനം അവസാനിപ്പിച്ചതും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും കോവിഡുമായി ബന്ധപ്പെട്ട ജില്ലയുടെ നിലവിലെ സാഹചര്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത പരിഗണിച്ചാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബു അധ്യക്ഷനായി. എ ഡി എം എന്‍ ദേവീദാസ്, ഡി എം ഒ ഡോ എ വി രാംദാസ്, ഡി ടി പി സി സെക്രട്ടറി ബിജു രാഘവന്‍, ബേക്കല്‍ എസ് ഐ അജിത് കുമാര്‍, മേല്‍പ്പറമ്പ എസ് എച്ച് ഒ ബെന്നി ലാലു, പഞ്ചായത്ത് സെക്രട്ടറിമാര്‍, മാഷ് പദ്ധതി പ്രതിതിനിധികളായ അധ്യാപകര്‍ സംബന്ധിച്ചു.


Keywords:  Kasaragod, News, Kerala, COVID-19, District Collector, Tourism, Police, Top-Headlines, Restrictions on tourist destinations will be tightened from Saturday
 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia