കോവിഡ് വ്യാപനം: ബളാൽ പഞ്ചായത്ത് പരിധിയിൽ വ്യാപാര സ്ഥാപനങ്ങൾ ഉൾപെടെയുള്ളവയ്ക്ക് നിയന്ത്രണം
Apr 29, 2021, 12:56 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 29.04.2021) കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബളാൽ ഗ്രാമപഞ്ചായത്തിൽ വ്യാഴാഴ്ച മുതൽ വ്യാപാര സ്ഥാപനങ്ങൾ ഉൾപെടെയുള്ളവയ്ക്കു നിയന്ത്രണം ഏർപെടുത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പഞ്ചായത്തും ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കർശന നിയന്ത്രണം ഏർപെടുത്തിയത്.
വ്യാഴാഴ്ച രാവിലെ ഏഴു മണിമുതൽ വൈകിട്ട് അഞ്ചു മണിവരെ വ്യാപാര സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം. വെള്ളിയാഴ്ച മുതൽ രാവിലെ എട്ട് മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെ മാത്രമേ തുറന്നു പ്രവർത്തിക്കാവു. തുറന്ന് പ്രവർത്തിക്കേണ്ട വ്യാപാര സ്ഥാപനങ്ങൾ പലചരക്ക് കട, മീൻ, മാംസം, പാൽ, പച്ചക്കറി, ബേകറി എന്നിവ മാത്രമാണ്.
ഹോടെലുകൾക്ക് രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു മണിവരെ തുറന്നു പ്രവർത്തിക്കാം. ഹോടെലിന് അകത്തു ഭക്ഷണം വിളമ്പുന്നത് പരമാവധി നിരുത്സാഹപ്പെടുത്തണം. ഭക്ഷണം വിളമ്പുന്ന ഹോടെലുകളിൽ ഒരു ടേബിളിൽ രണ്ട് പേരിൽ കൂടുതൽ ആളുകൾ പാടില്ല.
മെഡികൽ ഷോപുകൾ അവശ്യ സെർവീസ് ആയതിനാൽ അവ തുറന്നു പ്രവർത്തിക്കാം. ഓടോറിക്ഷ-ടാക്സികൾ ആവശ്യക്കാർ ഓട്ടം വിളിച്ചാൽ മാത്രമേ ടൗണുകളിൽ വരാൻ പാടുള്ളൂ. അനാവശ്യമായി വാഹനങ്ങൾ നിരത്തിൽ ഇറക്കുവാൻ പാടില്ല. അടുത്ത മാസം ആറു വരെയാണ് ഈ നിയന്ത്രണം.
പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കോവിഡ് മഹാമാരി തടയുവാൻ എല്ലാവരും ഒരേ മനസോടെ സഹകരിക്കണമെന്നും ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അഭ്യർഥിച്ചു. രണ്ടിന് മാലോത്തും അഞ്ചിന് കൊന്നക്കാടും ആറിന് വെള്ളരിക്കുണ്ടിലും വെച്ച് നടക്കുന്ന ആർടി പിസിആർ ടെസ്റ്റിൽ പരമാവധി ആളുകൾ പങ്കെടുത്തു രോഗ നിർണയം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: COVID-19, News, Corona, Test, Balal, Panchayath, Health-Department, Police, Kasaragod, Kerala, Top-Headlines, Restrictions on businesses entities in Balal panchayat.