Court | ഹോം നഴ്‌സിംഗ് സ്ഥാപനം നടത്തിവന്ന യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് വാഹനത്തിൽ കയറ്റിക്കൊണ്ട് പോയി കുഴിച്ച് മൂടിയെന്ന പ്രമാദമായ കേസിൽ പ്രതികൾ കുറ്റക്കാർ; ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും
കാസർകോട്: (KasargodVartha) ചെറുവത്തൂരിലെ ഹോം നഴ്‌സിംഗ് സ്ഥാപന നടത്തിപ്പുകാരി തൃക്കരിപ്പൂര്‍ ഒളവറയിലെ രജനി (35) യെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മുഖ്യപ്രതി നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സതീശൻ (41), രണ്ടാം പ്രതി ചെറുവത്തൂര്‍ മദര്‍തെരേസ ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമ മാഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബെന്നി എന്നിവരെയാണ് കാസർകോട് ജില്ലാ സെഷൻസ് കോടതി (ഒന്ന്) കുറ്റക്കാരെന്ന് കണ്ടെത്തിയതായി പ്രഖ്യാപിച്ചത്. ഇവർക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും.
2014 സെപ്തംബര്‍ 12ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ രജനിയെ ദിവസങ്ങള്‍ കഴിഞ്ഞാണ് ഒരു പറമ്പില്‍ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. രജനിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നൽകിയതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തുവന്നത്. പരാതിയെ തുടർന്ന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. രജനിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കേസിന്റെ അന്വേഷണം മേൽ നിർദേശപ്രകാരം അന്നത്തെ നീലേശ്വരം പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന യു പ്രേമൻ ഏറ്റെടുക്കുകയും രജനിയുടെ മൊബൈൽ ഫോൺ കോൾ വിശദാശംങ്ങൾ ശേഖരിച്ചു പരിശോധിച്ച് അന്വേഷണം നടത്തിയതിൽ നിർണായക വിവരങ്ങൾ കണ്ടെത്തുകയുമായിരുന്നു.
'സതീശനും രജനിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. സംഭവ ദിവസം ചെറുവത്തൂരിലെ ഹോം നഴ്‌സിംഗ് സ്ഥാപനത്തില്‍ വെച്ച് സതീശനുമായി രജനി വിവാഹ കാര്യം സംസാരിച്ചിരുന്നു. അടുപ്പം തുടരുന്ന സാഹചര്യത്തില്‍ തന്നെ എത്രയും വേഗം വിവാഹം ചെയ്യണമെന്നായിരുന്നു രജനി സതീശനോട് ആവശ്യപ്പെട്ടത്. സതീശന്‍ ഇത് അംഗീകരിച്ചില്ല. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. സെപ്റ്റംബർ 12ന് പുലർച്ചെ മൂന്ന് മണിയോടെ രജനിയെ സതീശൻ അടിക്കുകയും അടികൊണ്ട് രജനി വാതിലിൽ തലയിടിച്ച് അബോധാവസ്ഥയിൽ താഴെ വീഴുകയും ചെയ്തു.
അടിയേറ്റ് താഴെ വീണ രജനിയെ സതീശന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ബെന്നിയെ വിളിച്ചുവരുത്തി മൃതദേഹം വാഹനത്തില്‍ കയറ്റി, നീലേശ്വരം കണിച്ചിറയിലുള്ള സതീശൻ മുമ്പു താമസിച്ചിരുന്ന വീട്ടിന് സമീപമുള്ള കാടുപിടിച്ച പറമ്പിൽ കൊണ്ടുചെന്നു വെച്ച ശേഷം ബെന്നി തിരിച്ചു പോയി. സതീശൻ തന്റെ സുഹൃത്തുക്കളിൽ നിന്നും ഒരു മൺവെട്ടി വാങ്ങി അന്നു രാത്രി അവിടെ കുഴി എടുത്തു രജനിയുടെ മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നു', പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.
സതീശന്റെ മൊഴി പ്രകാരം 2014 ഒക്ടോബർ 20ന് മൃതദേഹം നാട്ടുകാരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ പുറത്തെടുക്കുകയും സംഭവസ്ഥലത്തുവെച്ചു തന്നെ പരിയാരം മെഡികൽ കോളജിലെ പൊലീസ് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പോസ്റ്റ് മോർടം നടത്തുകയും നടപടികൾക്ക് ശേഷം മൃതദേഹം രജനിയുടെ ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു. പ്രതികൾക്കെതിരെ ഐപിസി 302, 201 വകുപ്പുകൾ പ്രകാരം 2014 ഡിസംബർ 23ന് കോടതി മുമ്പാകെ 400 ഓളം പേജ് വരുന്ന കുറ്റപത്രം സമർപിച്ചു. വിചാരണ വേളയിൽ 47 സാക്ഷികളെ കോടതി വിസ്തരിക്കുകയും 92 രേഖകൾ കേസിന്റെ തെളിവിലേക്കായി സ്വീകരിക്കുകയും ചെയ്തു.
അന്നത്തെ കാസർകോട് ജില്ല പൊലീസ് മേധാവിയായിരുന്ന തോംസൺ ജോസിന്റെ മേൽനോട്ടത്തിൽ നീലേശ്വരം സി ഐ ആയിരുന്ന പ്രേമനാണ് കേസ് അന്വേഷണം നടത്തിയത്. അന്വേഷണ സംഘത്തിൽ അന്നത്തെ ചന്തേര എസ് ഐ ആയിരുന്ന പി ആർ മനോജ്, ഗ്രേഡ് എസ് ഐ മോഹനൻ, പൊലീസ് ഉദ്യോഗസ്ഥരായ ദിവാകരൻ, കുമാരൻ, ദിനേശ് രാജ് എന്നിവരും ഉണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി കാസർകോട് ജില്ലാ അഡീഷനൽ പ്രോസിക്യൂടർ ലോഹിതാക്ഷനും രാഘവനും ഹാജരായി.
Keywords: News, Kasaragod, Kerala, Murder, Court Verdict, Police, Rajini murder case: Accused found guilty.