ലഹരി ഇടപാട് കേന്ദ്രങ്ങളില്‍ വ്യാപക പോലീസ് റെയ്ഡ്; ഉല്‍പന്നങ്ങള്‍ പിടികൂടി, 2 പേര്‍ അറസ്റ്റില്‍
Mar 3, 2017, 11:59 IST
കാസര്‍കോട്: (www.kasargodvartha.com 03/03/2017) എസ് പിയുടെ നിര്‍ദേശപ്രകാരം ജില്ലയിലെ ലഹരി ഇടപാട് കേന്ദ്രങ്ങളില്‍ പോലീസ് വ്യാപകമായി റെയ്ഡ് നടത്തി. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്‍പ്പന വര്‍ധിച്ച സാഹചര്യത്തിലാണ് കര്‍ശനനടപടിക്ക് ജില്ലാപോലീസ് മേധാവി നിര്‍ദേശം നല്‍കിയത്. കാഞ്ഞങ്ങാട്ടും കുമ്പളയിലുമായി രണ്ടുകിലോ കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു. ജില്ലയിലെ പല ഭാഗങ്ങളിലും കഞ്ചാവ് വില്‍പ്പന തകൃതിയാണെന്ന് വ്യക്തമായിട്ടുണ്ട്.
കുമ്പള, ഉപ്പള, കാസര്‍കോട്, നീലേശ്വരം, ചെറുവത്തൂര്‍ റെയില്‍വെ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം പൊടിപൊടിക്കുന്നുണ്ട്. പള്ളിക്കര, പടന്നക്കാട് തുടങ്ങിയ പ്രദേശങ്ങളും കഞ്ചാവ് ഇടപാടുസംഘങ്ങളുടെ താവളങ്ങളാണ്. ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ നിന്നും കാസര്‍കോട്ടേക്ക് ഇടനിലക്കാര്‍ മുഖേന ട്രെയിന്‍ മാര്‍ഗവും മറ്റും വന്‍തോതിലാണ് കഞ്ചാവ് എത്തിക്കുന്നത്. ഇതുപോലെ പാന്‍മസാലകളും കടത്തുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപത്തെ പല കടകളിലും കഞ്ചാവും പാന്‍മസാലയും വില്‍ക്കുന്നതായി അറിഞ്ഞതിനെ തുടര്‍ന്ന് ഇത്തരം കടകളിലും മറ്റ് വില്‍പന കേന്ദ്രങ്ങളിലുമാണ് പോലീസ് റെയ്ഡ് നടത്തുന്നത്.
കാസര്‍കോട്ടെ നിരവധി കടകളില്‍ പോലീസ് പരിശോധന നടത്തി. രണ്ട് കടകളില്‍നിന്നും ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടി. ബട്ടംപാറയിലെ അഹ്മദിന്റെ കടയില്‍നിന്ന് പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. അഹ്മദിനെ പോലീസ് അറസ്റ്റുചെയ്തു. താളിപ്പടുപ്പ് ഗ്രൗണ്ടിന് സമീപം പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നതിനിടെ അടുക്കത്ത് എം റഫീഖിനേയും പോലീസ് പിടികൂടി.
നീലേശ്വരത്തും ചീമേനിയിലും സ്‌കൂള്‍ പരിസരത്തെ കടകളില്‍ പാന്‍മസാല ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ പോലീസ് സംഘം ഈ കടകളില്‍ നിന്നും ലഹരിവസ്തുക്കള്‍ പിടികൂടി. കാഞ്ഞങ്ങാട്, കാസര്‍കോട് പോലീസ് സബ്ഡിവിഷന്‍ പരിധികളില്‍ വെള്ളിയാഴ്ചയും പോലീസ് റെയ്ഡ് തുടരുകയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ലഹരിക്കടിമകളാകുന്ന ഗുരുതരമായ സ്ഥിതവിശേഷമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ലഹരിവസ്തുക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതോടൊപ്പം ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Keywords: Raid for alcoholic product, Kasaragod, Kerala, arrest, Police-raid,