Custody Death | താനൂരിലെ യുവാവിന്റെ കസ്റ്റഡി മരണം; ശരീരത്തില്‍ 21 മുറിവുകള്‍, പൊലീസ് മര്‍ദനവും കാരണമായതായി പോസ്റ്റുമോര്‍ടം റിപോര്‍ട്
Aug 8, 2023, 17:28 IST
മലപ്പുറം: (www.kasargodvartha.com) താനൂരില്‍ ലഹരിക്കേസില്‍ പിടികൂടി കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രി (30)യുടെ പോസ്റ്റുമോര്‍ടം റിപോര്‍ട് പുറത്തുവന്നു. പൊലീസ് മര്‍ദനവും മരണകാരണമായതായാണ് റിപോര്‍ടില്‍ പറയുന്നത്. പോസ്റ്റുമോര്‍ടം റിപോര്‍ട് എത്രയും പെട്ടെന്ന് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് താമിര്‍ ജിഫ്രിയുടെ കുടുംബം കോടതിയെ സമീപിച്ചിരുന്നു.
കസ്റ്റഡിയില്‍ മര്‍ദനമേറ്റിരുന്നുവെന്ന് വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ടം റിപോര്‍ടാണ് പുറത്തു വന്നത്. താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ 21 മുറിവുകള്‍ ഉണ്ടായിരുന്നു. ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് ഉണ്ടായിരുന്നതായും കണ്ടെത്തല്‍. മയക്കുമരുന്ന് ഉപയോഗത്തിന്റെ നിരവധി പ്രശ്‌നങ്ങളും ശരീരത്തില്‍ ഉണ്ടായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് താനൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഉള്‍പെടെ എട്ടുപേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ്‌ഐ കൃഷ്ണലാല്‍, താനൂര്‍ സ്റ്റേഷനിലെ പൊലീസുകാരായ കെ മനോജ്, ശ്രീകുമാര്‍, ആശിഷ് സ്റ്റീഫന്‍, ജിനേഷ്, അഭിമന്യു, കല്‍പകഞ്ചേരി സ്റ്റേഷനിലെ വിപിന്‍, പരപ്പനങ്ങാടി സ്റ്റേഷനിലെ ആല്‍ബിന്‍ അഗസ്റ്റിന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി തൃശൂര്‍ റേന്‍ജ് ഡിഐജി സസ്‌പെന്‍ഡ് ചെയ്തത്.
അതേസമയം, കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. പൊലീസിനെതിരെയുള്ള അന്വേഷണം പൊലീസ് വിഭാഗം തന്നെ അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. മറ്റൊരു ഏജന്‍സി അന്വേഷിക്കണം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ഉള്‍പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Keywords: News, Kerala, Kerala-News, News-Malayalam, Top-Headlines, Malappuram-News, Post-Mortem Report, Police Attacked, Tanur, Custody Death Case, Post-Mortem Report Reveals Police Attacking as Cause of Tanur Custody Death.