Action Committee | ഗഫൂര്‍ ഹാജിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കര്‍മ സമിതി പ്രത്യക്ഷ സമരത്തിലേയ്ക്ക്
Dec 22, 2023, 16:51 IST
പള്ളിക്കര: (KasargodVartha) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രൂപീകരിച്ച കര്‍മ സമിതി പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. പൊലീസിന്റെ അന്വേഷണ വീഴ്ചയില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷന്‍ മാര്‍ച് ഉള്‍പെടെയുള്ള സമര പരിപാടികളുമായി കര്‍മ സമിതി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.
കേസന്വേഷണത്തിനിടെ പ്രതിയെന്ന് സംശയിക്കുന്ന ആഭിചാരക്രിയകള്‍ നടത്തുന്ന മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയെ ഉന്നതല പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ വിളിച്ച് വരുത്തി കര്‍മ സമിതി ഭാരവാഹികള്‍ക്ക് മുമ്പാകെ ചോദ്യം ചെയ്തത് കണ്ണില്‍ പൊടിയിടാനാണെന്നും യോഗം കുറ്റപ്പെടുത്തി.
ഏപ്രില്‍ 14 ന് പുലര്‍ചെയാണ് അബ്ദുല്‍ ഗഫൂര്‍ ഹാജിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകാതെ വീട്ടുകാരുടെയും ബന്ധുക്കളുടെയും കയ്യില്‍ നിന്ന് ഗഫൂര്‍ ഹാജി വാങ്ങിയ 596 പവന്‍ സ്വര്‍ണാഭരണങ്ങളും കാണാതായതായി വ്യക്തമായതോടെ മരണത്തില്‍ സംശയമുയരുകയും ഹാജിയുടെ മകന്‍ മുസമ്മില്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു യുവതിയെയും ഭര്‍ത്താവിനെയും സംശയമുണ്ടെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് മൃതദേഹം ഏപ്രില്‍ 28 ന് ഖബറിടത്തില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ടം ചെയ്‌തെങ്കിലും സംശയിക്കപ്പെടുന്ന ഒന്നും കണ്ടെത്തിയിരുന്നില്ല. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചതിന്റെ ഫലം പുറത്ത് വന്നെങ്കിലും തലയ്ക്ക് പരുക്ക് പറ്റിയെന്ന് പറയുന്നതല്ലാതെ വിശദ വിവരം നല്‍കാത്തത് ദുരൂഹത വര്‍ധിക്കുകയാണ്.
ആഭിചാര ക്രിയയുടെ ഭാഗമായി ആഭരണങ്ങള്‍ കുഴിച്ചിട്ടിരിക്കാമെന്ന നിഗമനത്തില്‍ മെറ്റല്‍ ഡിറ്റക്ടറുടെ സഹായത്തോടെ ഗഫൂര്‍ ഹാജിയുടെ വീട്ടുവളപ്പിലും പരിസരത്തെ പറമ്പിലും കുഴികളെടുത്ത് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.
ഇതിനിടെ ആരോപണ വിധേയയായ യുവതി നുണ പരിശോധനയ്ക്ക് ആദ്യം തയ്യാറായിരുന്നെങ്കിലും കോടതിയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അറിയിച്ച് പരിശോധനയ്ക്ക് പിന്നീട് വിസമ്മതിക്കുകയയായിരുന്നു. ഇപ്പോള്‍ യുവതിയുടെ ഭര്‍ത്താവായ യുവാവ് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ്. അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വരികയാണ്.
മരണപ്പെട്ട് എട്ട് മാസം പിന്നിട്ടിട്ടും നിരവധി സാഹചര്യ തെളിവുകളും നല്‍കിയിട്ടും പൊലീസ് ചോദ്യം ചെയ്യുന്നുവെന്നല്ലാതെ കേസില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് കര്‍മസമിതി ഭാരവാഹികള്‍ പറഞ്ഞു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കര്‍മ സമിതി അഡ്വ. ആസഫലിയുടെ നിര്‍ദേശപ്രകാരം അഡ്വ. കെ പത്മനാഭന്‍ മുഖാന്തരം ഹൈകോടതിയില്‍ ഫയല്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
കര്‍മസമിതി യോഗത്തില്‍ കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട് കാര്യങ്ങള്‍ വിശദീകരിച്ചു. ചെയര്‍മാന്‍ ഹസൈനാര്‍ ആമു ഹാജി അധ്യക്ഷനായി. പഞ്ചായത് മെമ്പര്‍മാരായ സിദ്ദീഖ് പള്ളിപ്പുഴ, അബ്ബാസ് തെക്കുപ്പുറം കര്‍മസമിതി ഭാരവാഹികളായ എം എ ലത്വീഫ്, ബി എം മൂസ, ബി കെ ബശീര്‍, കപ്പണ അബൂബകര്‍, കെ എസ് മുഹാജിര്‍, പി കുഞ്ഞാമദ്, മുഹമ്മദ് കുഞ്ഞി കെ എം, അലി പൂച്ചക്കാട്, മുഹമ്മദലി ടി പി, അബ്ദുല്‍ റഹ് മാന്‍ എന്നിവര്‍ സംസാരിച്ചു.