Wild Elephant | പത്തനംതിട്ടയില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന് ദാരുണാന്ത്യം; ദുരന്തം ഭാര്യയുടെ കണ്‍മുന്നില്‍വെച്ച്; പ്രതിഷേധവുമായി പ്രദേശവാസികള്‍
Apr 1, 2024, 08:57 IST
പത്തനംതിട്ട: (KasargodVartha) വീടിന് പുറത്തുനിന്ന് ശബ്ദം കേട്ട് പുറത്ത് ഇറങ്ങിയ ഗൃഹനാഥനെ കാട്ടാന ആക്രമിച്ച് കൊന്നു. തുലാപ്പള്ളിയിലാണ് സംഭവം. പുളിയന്‍കുന്നുമല സ്വദേശി ബിജു (50) ആണ് മരിച്ചത്. സ്വന്തം വീടിന്റെ മുറ്റത്താണ് ഗൃഹനാഥന് ജീവന്‍ നഷ്ടമായത്.
തിങ്കളാഴ്ച (01.04.2024) രാവിലെ മൂന്ന് മണിയോടെ വീട്ടുമുറ്റത്തെ കൃഷിയിടത്തില്‍നിന്നും അനക്കം കേട്ട് പുറത്ത് ഇറങ്ങിയപ്പോള്‍ ആന ആക്രമിക്കുകയായിരുന്നു. ബിജുവിന്റെ ഭാര്യയും നാട്ടുകാരും നോക്കിനില്‍ക്കേയാണ് കാട്ടാന ആക്രമണം. തുലാപ്പള്ളി ടാക്‌സി സ്റ്റാന്‍ഡിലെ ഓടോ റിക്ഷ ഡ്രൈവറാണ് ബിജു.
വീടിന്റെ മുറ്റത്തെ കൃഷികള്‍ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ആനയെ ഓടിക്കാന്‍ ബിജു ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വീട്ടില്‍നിന്നും 50 മീറ്റര്‍ അകലെയാണ് ബിജുവിനെ കാട്ടാന ആക്രമിച്ചത്. വീടിന് ചുറ്റും മറ്റ് വീടുകളും ഉണ്ട്. എന്നാലും പ്രദേശത്ത് കാട്ടാന ആക്രമണം രൂക്ഷമാണ്. പത്തനംതിട്ട ടൗണില്‍ നിന്നും വളരെ ഉള്ളില്‍ ശബരിമല പാതയിലാണ് ബിജുവിന്റെ വീട്.
വിവരമറിഞ്ഞ് പമ്പ പൊലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി. എന്നാല്‍ കാട്ടാന ആക്രമണത്തില്‍ പരിഹാരം കാണാതെ, മൃതദേഹം വിട്ട് തരില്ലെന്ന തീരുമാനത്തിലാണ് പ്രദേശവാസികള്‍. മൃതദേഹം സ്ഥലത്തുനിന്നും മാറ്റാന്‍ പൊലീസിനെ അനുവദിച്ചില്ല. കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബിജുവിന്റെ ഭാര്യ: ഡെയ്‌സി. മക്കള്‍: ജിന്‍സണ്‍, ബിജോ.
Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Pathanamthitta News, Local News, District Collector, Protest, Police, Forest Department, One Died, Wild Elephant, Attack, Pathanamthitta: One More Died in Wild Elephant Attack.