കാസർകോട്ട് ഓക്സിജൻ കിടക്കകൾ ജൂലൈ 11നകം 1089 ആയി ഉയർത്തും; വഴിയോര കച്ചവടക്കാർ 14 ദിവസത്തിലൊരിക്കൽ പരിശോധന നടത്തിയതിന്റെ സെർടിഫികെറ്റ് കരുതണം
Jun 30, 2021, 21:11 IST
കാസർകോട്: (www.kasargodvartha.com 30.06.2021) ജില്ലയിൽ ഓക്സിജൻ കിടക്കകൾ ആവശ്യത്തിന് സജ്ജമാക്കാൻ കൊറോണ കോർ കമിറ്റി യോഗം തീരുമാനിച്ചു. നിലവിൽ 550 ഓക്സിജൻ കിടക്കകളാണ് ഉള്ളത്. ഇത് 1089 ആയി ഉയർത്തും. ജൂലൈ 11നകം ജില്ലയിൽ ഓക്സിജൻ കിടക്കകൾ സജ്ജമാക്കുമെന്ന് ജില്ലാ മെഡികൽ ഓഫീസർ (ആരോഗ്യം) ഡോ. കെ ആർ രാജൻ പറഞ്ഞു. കൂടുതൽ ഓക്സിജൻ സിലിൻഡെറുകൾ ലഭ്യമാക്കും. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആശുപത്രികളിലെ കിടക്കകളും നിറയുന്നതായും ജാഗ്രത തുടർന്നാൽ മാത്രമേ രോഗബാധിതരുടെ എണ്ണം കുറക്കാൻ സാധിക്കൂവെന്നും അദ്ദേഹം അറിയിച്ചു.
വഴിയോര കച്ചവടക്കാർക്ക് ആർ ടി പി സി ആർ ടെസ്റ്റ് നിർബന്ധമാണ്. 14 ദിവസത്തിലൊരിക്കൽ പരിശോധന നടത്തിയതിന്റെ സെർടിഫികെറ്റ് കരുതണം. മാസ്‌ക്, ഗ്ലൗസ് എന്നിവ നിർബന്ധമായും ഉപയോഗിക്കണം. രണ്ട് ഡോസ് വാക്സിനേഷൻ നടത്തിയവർക്കും വഴിയോര വ്യാപാരം ചെയ്യാം. ടി പി ആർ കൂടുതലുള്ള കാറ്റഗറി ഡിയിലെ തദ്ദേശ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പി ബി രാജീവ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 1,41,000 രൂപ പിഴയീടാക്കിയിട്ടുണ്ട്. മറ്റു കാറ്റഗറി പ്രദേശങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. ഡി. സജിത്ബാബു ആവശ്യപ്പെട്ടു. ഡെൽറ്റ പ്ലസ് വകഭേദം റിപോർട് ചെയ്യപ്പെടുകയാണെങ്കിൽ കുട്ടികളെയുൾപെടെ ബാധിക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് അവഗണിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
'ഇനിയൊരു തരംഗം വേണ്ട' എന്ന ടാഗ് ലൈനിൽ ഐ ഇ സി ജില്ലാ കോ ഓർഡിനേഷൻ കമിറ്റിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്ററുകളും വ്യത്യസ്ത ഭാഷകളിലെ വീഡിയോകളും ജനങ്ങൾക്കിടയിൽ എത്തിച്ചു കൊണ്ട് ബോധവത്കരണം നടത്തും.
എ ഡി എം അതുൽ എസ് നാഥ്, ഡെപ്യൂടി ഡി എം ഒ ഡോ. എ വി രാംദാസ്, മറ്റു കോർ കമിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Keywords: Kerala, News, Kasaragod, Top-Headlines, COVID-19, Corona, Test, Report, Health-Department, Shop Keeper, Oxygen beds to be raised to 1089 by July 11 on Kasaragod; Street vendors should keep COVID negative certificate.
< !- START disable copy paste -->