ചെക്പോസ്റ്റ് വികസനത്തിന് സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്ക് നഷ്ട പരിഹാരം നൽകിയില്ല; സർക്കാർ അതിഥി മന്ദിരം ജപ്തി ചെയ്യാൻ കോടതി വിധി
Dec 31, 2020, 16:39 IST
കാസർകോട്: (www.kasargodvartha.com 31.12.2020) ചെക്പോസ്റ്റ് വികസനത്തിന് സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്ക് നഷ്ട പരിഹാരം നൽകാത്തതിന് കാസർകോട്ടെ സർക്കാർ അതിഥി മന്ദിരം ജപ്തി ചെയ്യാൻ കോടതി വിധി.
കേരള സർക്കാറിൻ്റെ കീഴിലുള്ള ഹൊസങ്കടി ചെക്പോസ്റ്റ് വികസനത്തിനു സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്കു സുപ്രീംകോടതി വർധിപ്പിച്ച തുക നൽകാൻ ഉത്തരവിട്ടിരുന്നു.
ഇത് നൽകാത്തതിനാണ് സർക്കാർ അതിഥിമന്ദിരത്തിനു ജപ്തി നോടീസ് നൽകിയത്. മംഗളൂരു ടെലികോം റോഡിൽ താമസക്കാരനായ ദേവദാസ് കുമാർ, എം സി ഹുസൈൻ, ഉപ്പളയിലെ മുഹമ്മദ് ഹനീഫ് എന്നിവർ നൽകിയ ഹർജിയിലാണ് കാസർകോട് സബ് കോടതി ജപ്തി നോടീസ് നൽകിയിരിക്കുന്നത്. കാസർകോട് സർക്കാർ അതിഥി മന്ദിരത്തിൽ ജപ്തി നോട്ടീസ് പതിച്ചു.
ലേലം ചെയ്തു പണം വസൂലാക്കാനാണ് ഉത്തരവ്. സെന്റിന് 66,000 രൂപ നിരക്കിലാണ് ഹൊസങ്കടി ചെക്ക് പോസ്റ്റിനായി സർക്കാർ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുത്തത്. സർക്കാർ നഷ്ടപരിഹാരമായി നിശ്ചയിച്ച വില അപര്യാപ്തമാണെന്നും തുക വർധിപ്പിച്ച് തരണമെന്നും കാണിച്ച് സ്ഥല ഉടമകൾ നൽകിയ ഹർജിയിൽ 1,80,000 രൂപ നൽകാൻ സബ്കോടതി ഉത്തരവ് ഇറക്കി. എന്നിട്ടും കേസ് തുടരുകയും സ്ഥല ഉടമകൾ സുപ്രീം കോടതിയിൽ എത്തുകയും ചെയ്തു.
1.20 ലക്ഷം നൽകാനായിരുന്നു സുപ്രീംകോടതി വിധി. ഉടമകൾ 10 വർഷമായി നടത്തിയ വ്യവഹാരത്തിനൊടുവിലാണ് ആണ് ജപ്തി നടപടി. 44 ലക്ഷം രൂപ കിട്ടണമെന്ന് സ്ഥലം ഉടമകൾ ആവശ്യപ്പെട്ടു. 7 ലക്ഷം രൂപ ഉടമകൾക്കു നൽകാനുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും സർക്കാർ സമ്മതിച്ച പണം പോലും നൽകാത്തതാണ് സബ് കോടതിയുടെ ജപ്തി നടപടിക്ക് കാരണമായത്. ഏറ്റെടുത്ത ഭൂമിക്കു കൂടിയ വില നൽകണമെന്ന് ആവശ്യപ്പെട്ട് താലൂക്കിൽ 17 കേസുകൾ ജപ്തി നടപടിയിലെത്തി നിൽക്കുകയാണ്. കാസർകോട് അതിഥി മന്ദിരത്തിന് സമാനമായി രണ്ട് വർഷം മുൻപും ജപ്തി നോടീസ് പതിച്ചിട്ടുണ്ട്.
എൽ എ സ്പെഷൽ തഹസിൽദാർ, വാണിജ്യ നികുതി ഡപ്യൂടി കമ്മിഷണർ, കാസർകോട് കലക്ടർ എന്നിവരെ എതിർകക്ഷി ചേർത്തു നൽകിയ ഹർജിയിലാണ് അതിഥി മന്ദിരത്തിനു കോടതി ജപ്തി നോട്ടീസ് പതിച്ചത്.
Keywords: Kerala, News, Kasaragod, Government, Court order, Bank, Complaint, Guest-house, District Collector, Check-post, Land, Top-Headlines, No compensation was paid to the owners of land acquired by the government for checkpost development; Court orders confiscation of government guest house.
< !- START disable copy paste -->