യുവതിയുടെ ദുരൂഹ മരണം; ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ടതെന്ന സംശയം ബലപ്പെടുന്നു
Apr 24, 2021, 14:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.04.2021) യുവതിയുടെ ദുരൂഹ മരണം ബിറ്റ് കോയിൻ ഇടപാടുമായി ബന്ധപ്പെട്ടാണോ എന്ന സംശയം ബലപ്പെടുന്നു. ബിറ്റ്കോയിൻ ഇടപാടില്‍ പണം നഷ്ടപ്പെട്ട വിഷമത്തിൽ യുവതി എലിവിഷം കഴിച്ച് മരിച്ചതായാണ് സംശയിക്കുന്നത്.
മീനാപീസ് കടപ്പുറത്തെ ഗള്‍ഫുകാരനായ പ്രസാദിന്റെ ഭാര്യ ഷുഷീല (39) വ്യാഴാഴ്ചയാണ് മരണപ്പെട്ടത്. കാനറ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരിയായ ഷുഷീല ബിറ്റ്കോയിൻ സാമ്പത്തിക ഇടപാടിൽ നിരവധി പേരെ ചേര്‍ത്തിരുന്നതായാണ് പുറത്ത് വരുന്ന വിവരം.
ആളുകളില്‍ നിന്നും പിരിച്ചെടുത്ത പണം ബിറ്റ്കോയിനിൽ നിക്ഷേപിച്ചിരുന്നുവെങ്കിലും സാങ്കേതിക പിഴവില്‍ വന്‍തുക നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഷുഷീല മുഖേന നിരവധിപേര്‍ ബിറ്റ്കോയിനിൽ നിക്ഷേപം നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നുള്ള വരുമാനം കിട്ടാതായപ്പോള്‍ നടത്തിയ പരിശോധനയിലാണ് സാങ്കേതിക പിഴവിലൂടെ പണം നഷ്‌ടമായ വിവരം ലഭിച്ചത്.
10 ലക്ഷത്തോളം രൂപ ഷുഷീലക്ക് ലഭിക്കാനുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ നിക്ഷേപം നടത്തിയവര്‍ പണം തിരികെ ആവശ്യപ്പെട്ടു തുടങ്ങിയതോടെ യുവതി കടുത്ത മനോവിഷമത്തിൽ ആയിരുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്.
ഇതിനിടയിലാണ് നാലുദിവസം മുമ്പ് ഷുഷീല എലിവിഷം ജ്യൂസില്‍ കലര്‍ത്തി കഴിച്ചതായി പറയുന്നത്. ഇതേ തുടർന്ന് കടുത്ത വയറുവേദന അനുഭവപ്പെട്ട ഷുഷീലയെ ആശുപ്രയില്‍ കാണിക്കുകയും മരുന്ന് നല്‍കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെ അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. ആശുപ്രതിയിലേക്ക് കൊണ്ടു പോകുന്ന വഴിയിലാണ് താന്‍ രണ്ടുദിവസം മുമ്പ് എലിവിഷം കഴിച്ചതായി ബന്ധുക്കളോട് യുവതി വെളിപ്പെടുത്തിയത്. ആശുപത്രിയിലെത്തിക്കുമ്പോഴെക്കും യുവതി മരണപ്പെട്ടിരുന്നു.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപ്രതിയിൽ പോസ്റ്റുമാർടം നടത്തി വെള്ളിയാഴ്ച സംസ്കരിച്ചു. ഹോസ്ദുര്‍ഗ് പൊലീസ് യുവതിയുടെ ദുരൂഹ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മീനാപീസ് കടപ്പുറത്തെ ബാലന്‍ - വിമല ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: സുജല, സുനില, സുജിത്.
Keywords: Kasaragod, Kerala, News, Youth, Death, Top-Headlines, Woman, Mysterious death of young woman; Suspicion related to Bitcoin transaction.