Missing Son | മകനെ കാണാതായിട്ട് ഒരു വർഷമായി; മഹ്‌മൂദിന്റെയും മറിയം ഉമ്മയുടെയും കാത്തിരിപ്പിന് വിരാമമില്ലേ?
കുമ്പള പൊലീസ് സ്റ്റേഷന് മുന്നിൽ നിരാഹാരം കിടക്കുമെന്ന് കുടുംബം
കാസർകോട്: (KasaragodVartha) മകനെ കാണാതായിട്ട് ഒരു വർഷം തികയുമ്പോഴും മഹ് മൂദിന്റെയും മറിയം ഉമ്മയുടെയും കാത്തിരിപ്പിന് വിരാമമില്ല. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ അടുക്ക കോട്ടയിലെ കാഴ്ച പരിമിതിയും കേൾവി പരിമിതിയുമുള്ള നിസാർ എന്ന 28 കാരനെയാണ് ഒരുവർഷം മുമ്പ് കാണാതായത്. പൊലീസ് സ്റ്റേഷനിലും കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. തങ്ങളുടെ മകനെ കണ്ട് പിടിച്ച് തരുന്നതിന് പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന് മാതാപിതാക്കൾ പറയുന്നു.
പാവങ്ങളായത് കൊണ്ടാണോ തങ്ങൾക്ക് നീതി കിട്ടാത്തതെന്നും ഇവർ ചോദിക്കുന്നു. 2023 ജൂലൈ നാലിനാണ് നിസാറിനെ കാണാതായത്. അടുക്കത്ത് മഹ്‌മൂദിന് തട്ടുകടയുണ്ട്. ചെറിയ പലഹാരങ്ങളും മിഠായിയും വിൽക്കുന്ന ഈ തട്ടുകട തുറക്കാനാണെന്ന് പറഞ്ഞാണ് മഹ്‌മൂദ് രാവിലെ 10.30 മണിയോടെ വീട്ടിൽ നിന്ന് പോയത്. എന്നാൽ പിന്നീട് തിരിച്ചുവന്നില്ല. കാസർകോട്ടക്കുള്ള കെ എസ് ആർ ടി സി ബസിൽ കയറിപ്പോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. എവിടേക്കാണ് പോകുന്നത് ചോദിച്ചപ്പോൾ കാസർകോട്ട് പോയി വരാമെന്ന് മാത്രം പറഞ്ഞിരുന്നു.
സാധാരണ പച്ചമ്പളയിലെ മാതൃ സഹോദരിയുടെ വീട്ടിൽ പോയി നിൽക്കാറുള്ളത് കൊണ്ട് ഒരു ദിവസം യുവാവിനെ കുറിച്ച് അന്വേഷിച്ചിരുന്നില്ല. രണ്ടാമത്തെ ദിവസം യുവാവിനെ അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കുമ്പള പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് മാൻ മിസിംഗിന് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. മിക്ക ദിസങ്ങളിലും സ്റ്റേഷനിൽ ചെന്ന് മകനെ കിട്ടിയോ എന്ന കാര്യം അന്വേഷിച്ച് ചെരിപ്പ് തേഞ്ഞത് മാത്രമായിരുന്നു മിച്ചമെന്നും മഹ്‌മൂദ് പറയുന്നു.
ഏറ്റവും ഒടുവിൽ ജനങ്ങൾക്ക് പ്രതീക്ഷ നൽകി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മുഴുവൻ മന്ത്രിമാരും ചേർന്ന് കാസർകോട് പൈവളികെയിൽ തുടങ്ങി തിരുവനന്തപുരത്ത് സമാപിച്ച നവകേരള സദസിലും പരാതി നൽകിയെങ്കിലും പരാതി എസ് പി ഓഫീസ് വഴി വീണ്ടും കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് തന്നെ എത്തി. പതിവ് പോലെ വിളിച്ചുവരുത്തി മൊഴിയെടുത്ത് പറഞ്ഞയക്കുക മാത്രമാണ് ചെയ്തതെന്ന് മാതാപിതാക്കൾ സങ്കടത്തോടെ കാസർകോട് വാർത്തയോട് പറഞ്ഞു. സ്ഥലം എംഎൽഎ എകെഎം അശ്റഫ് വഴി മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും തങ്ങൾക്ക് നീതി കിട്ടിയില്ലെങ്കിൽ ഇനി പൊലീസ് സ്റ്റേഷന് മുന്നിൽ നിരാഹാരം കിടക്കുക മാത്രമാണ് വഴിയെന്ന് കുടുംബം കൂട്ടിച്ചേർത്തു.
നിസാർ തനിച്ച് കുമ്പളയോ കാസർകോടോ വിട്ടുപോകാറില്ലെന് മാതാവ് മറിയം ഉമ്മ വിതുമ്പിക്കൊണ്ട് പറഞ്ഞു. പൊലീസ് മകനെ കണ്ടെത്തുന്നതിൽ കൃത്യമായ ഒരു പരിശോധന നടത്തിയില്ലെന്ന് ഇവർ പരാതിപ്പെട്ടു. മകനെ ഓർത്ത് ഭക്ഷണം പോലും സമാധാനത്തോടെ കഴിച്ചിട്ട് നാളുകളായെന്നും ഇവർ പറഞ്ഞു. ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള നിസാറിന് എഴുത്തും വായനയും അറിയാം. മകനെ ആരെങ്കിലും പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ട് പോകാനാണ് സാധ്യതയെന്ന് കുടുംബം സംശയിക്കുന്നു. അന്വേഷിക്കുന്നുണ്ടെന്ന് മാത്രാണ് ഇപ്പോഴും പൊലീസ് ഈ തിരോധാന കേസിനെ കുറിച്ച് പറയുന്നത്. മകനെ എത്രയും വേഗം കണ്ടെത്തി തങ്ങളുടെ അടുക്കൽ എത്തിക്കണമെന്നാണ് കണ്ണീരോടെ മാതാപിതാക്കൾ ആവശ്യപ്പെടുന്നത്.