Ministers | അഹ്‌മദ് ദേവർകോവിൽ രാജിവെച്ചതോടെ കാസർകോടിന്റെ ചുമതലക്കാരനായി പുതിയൊരു മന്ത്രിയെത്തും; ആരാകും ജില്ലയുടെ പ്രധാന പദവിയിലെത്തുക?
Dec 24, 2023, 20:25 IST
കാസർകോട്: (KasargodVartha) തുറമുഖ - പുരാവസ്തു മന്ത്രി അഹ്‌മദ് ദേവർകോവിൽ രാജിവെച്ചതോടെ കാസർകോട് ജില്ലയുടെ ചുമതലയിലേക്ക് ഇനി പുതിയൊരു മന്ത്രിയെത്തും. മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് മന്ത്രിമാരായ ആന്റണി രാജുവും അഹ്‌മദ് ദേവർകോവിലും സ്ഥാനം രാജിവച്ചത്. സര്‍കാര്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഇടതുമുന്നണിയിലെ രണ്ടുഘടകകക്ഷികള്‍ മന്ത്രിപദവി മറ്റ് രണ്ടു ഘടകകക്ഷികള്‍ക്ക് കൈമാറണമെന്ന് നേരത്തേ തന്നെ എൽഡിഎഫിൽ ധാരണയായിരുന്നു.
ഇതുപ്രകാരമാണ് ഐഎന്‍എൽ പ്രതിനിധിയായ അഹ്‌മദ് ദേവർകോവിലും ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവായ ആന്റണി രാജുവും സ്ഥാനമൊഴിഞ്ഞത്. ഇരുവർക്കും പകരമായി കേരള കോണ്‍ഗ്രസ് (ബി) യുടെ
കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. പുതിയ മന്ത്രിമാർ 29 ന് സത്യപ്രതിജ്ഞ ചെയ്യും. മറ്റുമന്ത്രിമാർക്ക് വകുപ്പുമാറ്റം ഉണ്ടാകുമോയെന്ന് വ്യക്തമല്ല.
1984ലാണ് കാസർകോട് ജില്ല രൂപീകൃതമായത്. 1982 - 87 വരെ കരുണാകരൻ മന്ത്രി സഭയിൽ കെ പി നൂറുദ്ദീൻ, 1987–91 കാലത്ത് ഇ കെ നായനാർ മന്ത്രിസഭയിൽ എ സി ഷൺമുഖദാസ്, 1996–2001ൽ ഇ കെ നായനാർ മന്ത്രിസഭയിൽ പി ആർ കുറുപ്പ്, 2006–11ൽ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ പി കെ ശ്രീമതി, 2011–16 വരെ ഉമ്മൻചാണ്ടി മന്ത്രി സഭയിൽ കെ പി മോഹനൻ എന്നിവർ ജില്ലയുടെ ചുമതല വഹിച്ച മന്ത്രിമാരാണ്. 1991-96 കാലത്ത് സി ടി അഹ്‌മദ് അലിയും, 2001 - 2004 സമയത്ത് ചെർക്കളം അബ്ദുല്ലയും 2016 - 21ൽ ഇ ചന്ദ്രശേഖരനും കാസർകോട് ജില്ലയിൽ നിന്നുള്ള മന്ത്രിമാരായതിനാൽ ഇവർക്കായിരുന്നു ചുമതല.
കോഴിക്കോട് സൗത് മണ്ഡലത്തിൽ നിന്ന് ജയിച്ചാണ് അഹ്‌മദ് ദേവർകോവിൽ പിണറായി മന്തിസഭയിലെത്തിയത്. പിന്നാക്ക ജില്ലയായ കാസർകോടിന്റെ വികസനത്തിന് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രിക്ക് നിർണായക പങ്കുവഹിക്കാനുണ്ട്. ഈ സാഹചര്യത്തിൽ അഹ്‌മദ് ദേവർകോവിലിന് പകരം ആർക്കാവും ചുമതല എന്നത് പ്രധാനമാണ്. ഘടകക്ഷികൾക്ക് പകരം സിപിഎം മന്ത്രിമാർക്ക് തന്നെ ചുമതല നൽകുമോയെന്നും ഉറ്റുനോക്കുന്നുണ്ട്, പ്രത്യേകിച്ചും കാസർകോടിന് മന്ത്രിസഭയിൽ പ്രാതിനിധ്യം ഇല്ലാത്തതിനാൽ. അതിനിടെ, തന്റെ രണ്ടര വർഷത്തെ പ്രവർത്തനം ജനങ്ങൾ വിലയിരുത്തട്ടെ എന്നും പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും അഹ്‌മദ് ദേവർകോവിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Minister, Ahmed Devarkovil, Antony Raju, Malayalam News, Minister Ahmed Devarkovil and Antony Raju Resigned from Post.
< !- START disable copy paste -->