Expatriate | പൃഥ്വിരാജിന്റെ പുതിയ ചിത്രം പുറത്തിറങ്ങുമ്പോൾ 'ആട് ജീവിത'ത്തിന്റെ ദുരന്തം പേറി ജീവിച്ച ഒരാളുണ്ട് കാഞ്ഞങ്ങാട്ട്; അശോകന്റെ കഥ ഇങ്ങനെ
Mar 21, 2024, 11:57 IST
കാഞ്ഞങ്ങാട്: (KasargodVartha) ബ്ലെസി സംവിധാനം ചെയ്‌ത പൃഥ്വിരാജിന്റെ പുതിയ ചിത്രമായ 'ആട് ജീവിതം' റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ് കാഞ്ഞങ്ങാട് സൗതിലെ കെ കൃഷ്ണൻ്റെ മകൻ ടാക്‌സി ഡ്രൈവറായ അശോകൻ. ഏജന്റിന്റെ ചതിയിൽ പെട്ട് ആട് മേയ്ക്കാനെത്തിയ ആ കഥ ഓർത്തെടുക്കുകയാണ് അശോകൻ ഇന്ന്. അതേകുറിച്ച് അശോകൻ തന്നെ പറയുന്ന വാക്കുകൾ ഇങ്ങനെയാണ്:
'1992 ഡിസംബറിലാണ് സ്വപ്‌ന തുല്യമായ ഗൾഫിലേക്ക് ഞാൻ പറന്നിറങ്ങിയത്. മോഹൻലാലിന്റെയും ശ്രീനിവാസന്റെയും നാടോടിക്കാറ്റ് എന്ന സിനിമയിൽ അവർ സ്വപ്‌നം കണ്ട ഗൾഫ് തന്നെയായിരുന്നു എന്റെയും മനസിൽ. സിനിമയിൽ അവർ മറീന ബീചിലാണ് എത്തിയതെങ്കിൽ ഞാനെത്തിയത് സഊദിയിലെ ദമാമിലായിരുന്നു. ഗൾഫ് വിസയ്ക്ക് അന്ന് വീടും പറമ്പും പണയപ്പെടുത്തി 40,000 രൂപയാണ് ഏജൻറിന് നൽകിയത്. പച്ചക്കറി മാർകറ്റിൽ സെയിൽമാൻ ജോലിയാണ് ഏജൻ്റ് വാഗ്ദാനം ചെയ്തത്. എന്നാൽ ചെന്നെത്തിയതാകട്ടെ മരുഭൂമിയിൽ ആട് മേയ്ക്കുന്ന തടങ്കൽ പാളയത്തിലേക്കാണ്.
സഊദിയിലെ ദമാം വിമാനത്താവളത്തിൽ പറന്നിറങ്ങിയത് കുടുംബത്തെ കരകയറ്റാൻ വേണ്ടിയായിരുന്നു. കണ്ണൂരിലെ ഒരു ഏജൻസി മുഖാന്തരമാണ് വിസയ്ക്ക് അപേക്ഷ നൽകിയത്. അഞ്ച് സെൻ്റ് സ്ഥലവും അതിലെ വീടും ഒരു ലക്ഷം രൂപയ്ക്ക് വിൽപന നടത്തിയാണ് അതിൽ നിന്നും വിസക്ക് പണം നൽകിയത്. ബാക്കി പണം കുറച്ച് കടം വീട്ടാനുണ്ടായിരുന്നു. മൂന്ന് മാസം മാത്രമാണ് ആടിനെ മേയ്ക്കുന്ന തടങ്കൽ പാളയത്തിൽ ഉണ്ടായിരുന്നതെങ്കിലും ഒരു ആയുസിൻ്റെ മുഴുവൻ ദുരിതവും ആ ദിവസങ്ങളിൽ അനുഭവിക്കേണ്ടി വന്നു. ദമാമിൽ നിന്നും 300 കിലോമീറ്റർ ദൂരത്താണ് എന്നെ എത്തിച്ചത്. അവിടെ എത്തി ജോലി ആടുമേയ്ക്കലാണെന്ന് അറിഞ്ഞ ഉടനെ ഞാൻ ബോധം നഷ്ടപ്പെട്ട് വീണു.
കുവൈറ്റ് സ്വദേശിയുടേതായിരുന്നു മരുഭൂമിയിലെ ആട് ഫാം. അദ്ദേഹത്തിന് ഇത്തരത്തിൽ നിരവധി ആട് ഫാമുകൾ ഉണ്ടായിരുന്നു. ബോധം തിരിച്ച് കിട്ടിയപ്പോൾ തന്നെ ഫാം നോക്കി നടത്തുന്ന സഊദി പൗരൻ എത്തി എന്തായാലും ഇവിടെ ജോലി ചെയ്യണമെന്ന് പറഞ്ഞ് നാഭിക്ക് തൊഴിച്ചു. എന്റെ മരണം ഇവിടെ തന്നെയായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായ നിമിഷമായിരുന്നു അത്. കുവൈറ്റുകാരനായ ആട് ഫാം ഉടമ പ്രായമുള്ള വ്യക്തിയും നിഷ്കളങ്കനുമായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ച ശേഷമാണ് പിറ്റേന്ന് പികപ് വാനിൽ ജോലി സ്ഥലമായ ആട് ഫാമിൽ എത്തിച്ചത്.
ടാങ്കറിൽ കൊണ്ടുവരുന്ന വെള്ളം കുടിച്ചു വേണം അവിടെ ഞങ്ങൾക്ക് ജീവിക്കേണ്ടത്. 200 ഓളം ആടും 20 ഓളം ഒട്ടകവുമാണ് അവിടെ ഉണ്ടായിരുന്നത്. ഞാൻ എത്തുമ്പോൾ ബംഗ്ലാദേശുകാരനായ ജോലിക്കാരൻ അവിടെയുണ്ടായിരുന്നു. വർഷങ്ങളായി താൻ ഇവിടെ ജോലിക്കുണ്ടെന്നും വന്ന ശേഷം ഇതുവരെ നാട്ടിൽ പോയിട്ടില്ലെന്നും അയാൾ പറഞ്ഞു. അദ്ദേഹത്തിന് ഈ ജോലിയുമായി ഏതാണ്ട് പൊരുത്തപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നി. എന്നാൽ അയാളുടെ മനസിലും വിഷമമുണ്ടെന്ന് ബോധ്യപ്പെട്ടിരുന്നു. ചോറും കറിയും കഴിച്ച് ജീവിച്ച എനിക്ക് കുബൂസും ടാങ്കിൽ വരുന്ന പച്ചവെള്ളവും മാത്രം കഴിക്കാൻ സാധിച്ചില്ല.
കഠിനമായ വെയിലേറ്റും ഭക്ഷണം കിട്ടാതെയും ഒരുമാസം കൊണ്ട് തന്നെ ഞാൻ മെലിഞ്ഞുണങ്ങി. മുകളിൽ ആകാശം താഴെ പരന്ന് കിടക്കുന്ന ചുട്ട് പൊള്ളുന്ന ഭൂമി, ഇതായിരുന്നു അവസ്ഥ. ടെൻ്റ് അടിച്ച് അവിടെയായിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. കുവൈറ്റ് പൗരന്റെ ജോലിക്കാരനായ തിരുവനന്തപുരം സ്വദേശിയായ മലയാളി ഒരിക്കൽ ഫാമിലെ ആവശ്യത്തിനായി വന്നിരുന്നു. എന്റെ ദയനീയതയും കഷ്ടപ്പാടും ഇവിടെ നിന്ന് പോയില്ലെങ്കിൽ മരിച്ചു വീഴുമെന്നും ബോധ്യമായ അയാൾ രക്ഷപ്പെടുത്താമെന്ന് വാക്ക് തന്നു.
ഡി വൈ സ് പി പോലെ റാങ്കിലുള്ള സഊദി ദമാമിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ വിവരമറിയിച്ചാണ് തടങ്കൽ പാളയത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. അദ്ദേഹം മനസലിവുള്ള പൊലീസ് ഉദ്യാഗസ്ഥനായിരുന്നു. 10 റിയാൽ നൽകി, അദ്ദേഹത്തിന്റെ ഡ്രൈവറോട് പറഞ്ഞ് ബെൻസ് കാറിൽ കൂട്ടിക്കൊണ്ട് പോയി നല്ല ഭക്ഷണം വാങ്ങിത്തന്നു. അന്ന് കിട്ടിയ ആ ഭക്ഷണത്തിന്റെ രുചി ഇപ്പോഴും നാവിൻ തുമ്പിലുണ്ട്. രണ്ട് മാസത്തിനകം രക്ഷപ്പട്ട് പൊലീസ് ഉദ്യോഗസ്ഥന്റെ ഓഫീസിൽ എത്തിയപ്പോൾ അവിടെ ഉദ്യോഗസ്ഥർക്ക് ചായയും ഭക്ഷണവും എത്തിക്കുന്ന ശശിയെന്ന മലയാളിയെ പരിചയപ്പെട്ടു.
എനിക്ക് ദൈവദൂതനെ പോലെയായിരുന്നു ശശി. എല്ലാ സഹായവും ചെയ്യാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. എടുത്ത വിസയുടെ കാലാവധി കഴിയാതെ നാട്ടിലേക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിൽ ശശിയായിരുന്നു മനസിന് ധൈര്യം തന്നത്. വിസയും പാസ്‌പോർടും ഉള്ളത് കൊണ്ടും ചതിക്കപ്പെട്ട് എത്തിയതാണെന്ന് ബോധ്യപ്പെട്ടതിനാലും പൊലീസുകാർ മാന്യമായി പെരുമാറി. ഞാൻ എത്തിപ്പെട്ട സ്ഥലത്ത് നിന്നും 400 കിലോമീറ്റർ ദൂരെയുള്ള അൽ - അസ്ഹറിൽ പോയി വേണം ടികറ്റ് എടുക്കാൻ. ഒരു തമിഴ്നാട് സ്വദേശിക്ക് വാടകയടക്കം നൽകിയാണ് അവിടേക്ക് ശശി യാത്രയാക്കിയത്.
ഒരുപാട് പേർ 'ആട് ജീവിത'വുമായി ബന്ധപ്പെട്ട് അൽ - അസ്ഹറിൽ അന്ന് എത്തിയിട്ടുണ്ടായിരുന്നു. ഇതിൽ ഒരാളുടെ കയ്യെല്ല് സൗദി പൗരൻ അടിച്ച് പൊട്ടിച്ചിരുന്നു. പലരുടെയും കാല് പിടിച്ചാണ് നാട്ടിലേക്കുള്ള ടികറ്റിന് പണം കണ്ടെത്തിയത്. 15 ഓളം പേരെ കണ്ണൂരുകാരനായ ജോസ് എന്ന എജൻ്റ് ഇതുപോലെ പറ്റിച്ചതായി അറിയാൻ കഴിഞ്ഞു. നാട്ടിലെത്തിയപ്പോൾ എന്നെ വീട്ടുകാർക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം കോലം കെട്ടിരുന്നു.
വിസയുടെ ആവശ്യത്തിനായി മൂന്ന് തവണയാണ് എന്നെ ജോസ് മുംബൈയിൽ കൊണ്ടുപോയത്. 10 പേർ അന്നും ജോസിൻ്റെ കൂടെ അവിടെ വന്നിരുന്നു. ഒടുവിൽ എനിക്കും മറ്റൊരാൾക്കുമാണ് ആട് ജീവിതത്തിന് വിസ അടിച്ച് കിട്ടിയത്. മുംബൈയിൽ നിന്നും വിസ അടിക്കുമ്പോൾ സീൽ വെച്ച പാസ്പോർട് മാത്രമേ കയ്യിൽ തരികയുള്ളു. സഊദിയിൽ വിമാനം ഇറങ്ങിയ ശേഷമാണ് വിസ കയ്യിൽ കിട്ടിയത്. ആദ്യം അറബിയുടെ വീട്ടിൽ കൊണ്ടുപോയി ഒരു ദിവസം താമസിപ്പിച്ച് പിറ്റേ ദിവസമാണ് പികപ് വാനിൽ സ്വപ്നം കണ്ട 'സ്വർഗത്തിൽ' എത്തിച്ചത്'. ഇന്നും ആ ഓർമകൾ മായാതെ മനസിൽ കിടക്കുന്നു'.
നാട്ടിലെത്തിയ ശേഷം കാഞ്ഞങ്ങാട് ചുള്ളിക്കര സ്വദേശി ജോയ് മുളവനാൽ എന്നയാളുടെ ഡ്രൈവറായിരുന്നു. ഇദ്ദേഹമാണ് കലാഭവൻ മണിയുടെ 'എംഎൽഎ മണി, പത്താം ക്ലാസും ഗുസ്തിയും' എന്ന സിനിമയുടെ നിർമാതാവ്. ഈ സിനിമയിൽ കലാഭവൻ മണിയുടെ ഡ്രൈവറുടെ വേഷം ചെയ്‌തത് അശോകനായിരുന്നു. കലാഭവൻ മണിയുമായി അടുത്ത് പെരുമാറാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അശോകൻ കാസർകോട് വാർത്തയോട് പറഞ്ഞു.
ആപിൾ കംപനിയുടെ കൊച്ചിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഡ്രൈവറായും അശോകൻ ജോലി ചെയ്തിട്ടുണ്ട്. സിനിമാ രംഗത്തെ ഒരുപാട് ആൾക്കാരുമായും അശോകന് സൗഹൃദ ബന്ധമുണ്ട്. ഇപ്പോൾ തത്കാലം നാട്ടിലാണ് ടാക്‌സി ഓടിക്കുന്നത്. ഭാര്യ ബീഡിത്തൊഴിലാളിയായിരുന്ന എം ലീല. മക്കൾ: അഖില, അനില. രണ്ട് പേരുടെയും വിവാഹം കഴിഞ്ഞു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala News, Aadujeevitham, Expatriate, Memories of a Indian Expatriate. < !- START disable copy paste -->