തിരുവനന്തപുരത്ത് സ്ഥലം ഒഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു
തിരുവനന്തപുരം: (www.kasargodvartha.com 28.12.2020) തിരുവനന്തപുരത്ത് സ്ഥലം ഒഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു. നെയ്യാറ്റിന്‍കര പോങ്ങയില്‍ സ്വദേശി രാജന്‍ (47) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചത്. താല്‍കാലിക ഷെഡ് കെട്ടി താമസിക്കുകയായിരുന്ന രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ കഴിഞ്ഞ ചൊവ്വാഴ്ച ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് രാജന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജന്റെ ഭാര്യ അമ്പിളിക്കും ഗുരുതരമായി പൊള്ളലേറ്റു.
പൊലീസിനെ പിന്തിരിപ്പിക്കാനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ലൈറ്റര്‍ പൊലീസ് തട്ടിമാറ്റിയപ്പോഴാണ് തീ ആളിപ്പടര്‍ന്നതെന്നും രാജന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. നെയ്യാറ്റിന്‍കര കോടതിയില്‍ രാജനും അയല്‍വാസിയായ വസന്തയും തമ്മില്‍ ഭൂമിസംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു.
ഈ ഭൂമിയില്‍ അടുത്തിടെ രാജന്‍ വെച്ചുകെട്ടിയ താല്‍ക്കാലിക ഷെഡ് പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് രാജന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവ സമയത്ത് ഗ്രേഡ് എസ്‌ഐ അനില്‍ കുമാറിനും നേരിയ തോതില്‍ പൊള്ളലേറ്റിരുന്നു.