1496 രൂപ കുടിശിക അടച്ചില്ല; വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച് കെഎസ്ഇബി; മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു
Feb 17, 2021, 13:08 IST
തിരുവനന്തപുരം: (www.kasargodvartha.com 17.02.2021) നെയ്യാറ്റിന്‍കരയില്‍ വീട്ടിലെ വൈദ്യുതി കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചതില്‍ മനം നൊന്ത് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയ്ക്കിടെ മരിച്ചു. നെയ്യാറ്റിന്‍കര പെരിങ്കടവിള സ്വദേശി സനില്‍ (39) ആണ് മരിച്ചത്. ലോക്ഡൗണ്‍ തുടങ്ങിയതു മുതലുള്ള കുടിശിക കാരണമാണ് സുനിലിന്റെ വീട്ടിലെ വൈദ്യുതി വിഛേദിച്ചതെന്നാണ് കെഎസ്ഇബി വിശദീകരണം.
രണ്ട് മാസത്തെ കുടിശികയായ 1496 രൂപ അടയ്ക്കാത്തതിനെ തുടര്‍ന്നാണ് നടപടി. വൈകുന്നേരം പണം അടയ്ക്കാമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞുവെങ്കിലും വഴങ്ങിയില്ലെന്ന് മക്കള്‍ ആരോപിക്കുന്നു. പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രന്‍ പറഞ്ഞിട്ടാണ് വൈദ്യുതി മുടക്കിയതെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മക്കള്‍ പറയുന്നു. ഇയാളുടെ വീട്ടില്‍ പോയ സനില്‍ തിരിച്ചുവന്നശേഷമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും മക്കള്‍ പറയുന്നു.
പെരുങ്കടവിള പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി മത്സരിച്ചതിനുശേഷം നിരവധി ഭീഷണികള്‍ സനില്‍ നേരിട്ടതായും മക്കള്‍ പറയുന്നു. നിലവിലെ പഞ്ചായത്ത് പ്രസിഡന്റായ സുരേന്ദ്രന് എതിരായാണ് സനില്‍ മത്സരിച്ചത്. റിബലായി മത്സരിച്ച സാഹചര്യത്തില്‍ വൈരാഗ്യ ബുദ്ധിയോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് പെരുമാറിയതെന്നാണ് ആരോപണം.
പക്ഷേ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. കുടിശിക ഉണ്ടായ സാഹചര്യത്തില്‍ പ്രദേശത്തെ പത്തോളം വീടുകളുടെ വൈദ്യുതി വിച്ഛേദിച്ചുവെന്നും ആരുടേയും ഇടപെടല്‍കൊണ്ടല്ലെന്നും കെ എസ് ഇ ബി അധികൃതരും പ്രതികരിച്ചിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് വൈദ്യുതി വിച്ഛേദിച്ചത്. രാത്രിയോടെ സനില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും എത്തിച്ചുവെങ്കിലും സനിലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് മരണം സംഭവിച്ചത്.
സംഭവത്തിനു ശേഷം സനിലിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്നും ഒരു മണിക്കൂറോളം വൈകിയാണ് സനിലിനെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചതെന്നും മകന്‍ പറഞ്ഞു.
Keywords: Man attempts suicide to protest against KSEB; dies in TVM medical college, Thiruvananthapuram, News, Suicide, Top-Headlines, Hospital, Kerala.