കാസർകോട്ടെ വാക്‌സിൻ കേന്ദ്രങ്ങളിൽ ജനങ്ങളുടെ നീണ്ട നിര; ലോക് ഡൗണിലും തിരക്കൊഴിയുന്നില്ല
May 10, 2021, 14:25 IST
കാസർകോട്: (www.kasargodvartha.com 10.05.2021) കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി ലോക് ഡൗൺ ഏർപെടുത്തിയിട്ടും കാസർകോട് മുൻസിപൽ കോൺഫ്രൻസ് ഹാളിലെ വാക്‌സിൻ വിതരണ കേന്ദ്രത്തിൽ തിരക്കൊഴിയുന്നില്ല. രാവിലെ മുതൽ തന്നെ ആളുകളുടെ നീണ്ട നിരയാണ് കാണുന്നത്.
കോ വാക്‌സിന്‍, കൊവിഷീല്‍ഡ് എന്നിവയുടെ രണ്ടാം ഡോസാണ് നൽകുന്നത്. സാമൂഹിക അകലം നിലനിർത്താൻ അധികൃതർ പരമാവധി ശ്രമിക്കുമ്പോഴും കാര്യങ്ങൾ കൈവിട്ട് പോകുമോ എന്ന ആശങ്കയാണുളളത്.
തിരക്ക് അനിയന്ത്രിതമായത് തർക്കങ്ങൾക്കും വഴിവെക്കുന്നു. തിങ്കളാഴ്ച മാത്രം 300 ൽ കൂടുതൽ ആളുകൾക്കാണ് വാക്‌സിൻ നൽകുന്നത്. വൈകീട്ട് അഞ്ച് മണിവരെയാണ് സമയം.
വയോവൃദ്ധരടക്കമുള്ളവർ രാവിലെ തന്നെയെത്തി നിരയിൽ ഇടം നേടിയിരുന്നു. കിടപ്പു രോഗികളും വളരെയേറെ പ്രയാസങ്ങളോടെയാണ് നിരയിലുള്ളത്. ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്തവരും സ്പോട് രജിസ്ട്രഷനു വേണ്ടിയെത്തിയവരും കൂടിയായപ്പോൾ മുൻസിപൽ ഓഫീസ് പരിസരം ജനങ്ങളെ കൊണ്ട് നിറയുകയായിരുന്നു.
ഉദുമയിലെ വാക്‌സിൻ കേന്ദ്രത്തിലെ തിരക്ക്
ഉദുമയിലെ എഫ് എച് സി യിലെ വാക്‌സിൻ കേന്ദ്രത്തിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച 400 ഓളം പേരാണ് വാക്സിൻ എടുക്കാൻ എത്തിയത്. സാമൂഹ്യ അകലമോ സമയ ഷെഡ്യൂളോ പാലിക്കാതെയാണ് പലരും എത്തിയത്.
Keywords: Kasaragod, Kerala, News, COVID-19, Lockdown, Municipal Conference Hall, Vaccinations, Top-Headlines, Long line of people in Kasargod Vaccine Centers.