city-gold-ad-for-blogger

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സി എച്ച് കുഞ്ഞമ്പുവിനെയോ കെ പി സതീഷ് ചന്ദ്രനെയോ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കിയേക്കും, മുന്‍ എം പി രാമ റൈയുടെ മകന്‍ അഡ്വ. സുബ്ബയ്യ റൈയെയോ ടി സിദ്ദീഖിനെയോ ഇറക്കാന്‍ കോണ്‍ഗ്രസ്

കാസര്‍കോട്: (www.kasargodvartha.com 24.09.2018) വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം എല്‍ എയുമായ സി എച്ച് കുഞ്ഞമ്പുവിനെയോ മുന്‍ സി പി എം ജില്ലാ സെക്രട്ടറിയും എല്‍ ഡി എഫ് കണ്‍വീനറുമായ കെ പി സതീഷ് ചന്ദ്രനെയോ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കിയേക്കും. ഇതിനുള്ള മുന്നൊരുക്കങ്ങളും ചര്‍ച്ചകളും വിവിധ കക്ഷികളിലും പാര്‍ട്ടികളിലും ആരംഭിച്ചിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സി എച്ച് കുഞ്ഞമ്പുവിനെയോ കെ പി സതീഷ് ചന്ദ്രനെയോ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കിയേക്കും, മുന്‍ എം പി രാമ റൈയുടെ മകന്‍ അഡ്വ. സുബ്ബയ്യ റൈയെയോ ടി സിദ്ദീഖിനെയോ ഇറക്കാന്‍ കോണ്‍ഗ്രസ്
അതേസമയം കാസര്‍കോട് ലോക്‌സഭാ മണ്ഡലം എല്‍ ഡി എഫില്‍ നിന്നും പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ ഇറക്കാനാണ് സാധ്യത. കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ടുമാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട കെ സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് നേരത്തെ ആലോചിച്ചിരുന്നതെങ്കിലും കെ പി സി സി ഭാരവാഹികള്‍ മത്സരിക്കേണ്ടതില്ലെന്ന സൂചന കെ പി സി സി പ്രസിഡണ്ടായി നിയമിതനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കിയതിനാല്‍ സുധാകരന്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത ഇല്ലാതായിരിക്കുകയാണ്.

അതേസമയം മുന്‍ എം പി രാമ റൈയുടെ മകനും ഡി സി സി ഭാരവാഹിയുമായ അഡ്വ. സുബ്ബയ്യ റൈയെയോ കഴിഞ്ഞ തവണ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ പി കരുണാകരന്‍ എം പിയെ വിറപ്പിച്ച നിലവില്‍ കോഴിക്കോട് ഡി സി സി പ്രസിഡണ്ടായ ടി സിദ്ദീഖിനെയോ ഇറക്കാന്‍ കോണ്‍ഗ്രസ് തയ്യാറായേക്കുമെന്നാണ് വിവരം. കോണ്‍ഗ്രസും യു ഡി എഫും ഇതിനകം തന്നെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ഭാരവാഹികളുടെ പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷനും നിയോജക മണ്ഡലം തലത്തിലുള്ള കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാക്കി മണ്ഡലം ബൂത്ത് തല കണ്‍വെന്‍ഷനുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണ്. പതിവില്‍ നിന്നും വിപരീതമായി യു ഡി എഫും കോണ്‍ഗ്രസും നേരത്തെ തന്നെ തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങിയത് പ്രവര്‍ത്തകരേയും ആവേശത്തിലാക്കിയിട്ടുണ്ട്.

അതേസമയം എല്‍ ഡി എഫും ബി ജെ പിയും വരും ദിവസങ്ങളില്‍ തന്നെ അവരുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങുമെന്നാണ് കരുതുന്നത്. പി കരുണാകരന്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കുമെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ടു തന്നെ സിപിഎമ്മിന് പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടി വരും. നിലവില്‍ ജില്ലയില്‍ നിന്നും സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള മൂന്ന് നേതാക്കളാണുള്ളത്. അഡ്വ. സി എച്ച് കുഞ്ഞമ്പു, കെ പി സതീശ് ചന്ദ്രന്‍, സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരാണ്. കണ്ണൂരില്‍ നിന്നുള്ള ഏതെങ്കിലും നേതാക്കളെ കാസര്‍കോട് മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന നിര്‍ദേശമുണ്ടായാല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ മത്സരിപ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിനുള്ള സാധ്യത വിരളമാണെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 6921 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് പി കരുണാകരന്‍ എം പി വിജയിച്ചു കയറിയത്. കെ സുരേന്ദ്രന്‍ തന്നെ ഇത്തവണയും ബി ജെ പി സ്ഥാനാര്‍ത്ഥിയാകുമോ എന്ന കാര്യം സംശയത്തിലാണ്. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്തിനാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയേറിയിട്ടുള്ളത്. മഞ്ചേശ്വരം, കാസര്‍കോട് ഒഴികെ മറ്റ് അഞ്ച് നിയോജക മണ്ഡലങ്ങളിലും എല്‍ ഡി എഫിനാണ് മുന്‍തൂക്കമുള്ളത്. പൊതുസമതനായ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തവണ ടി സിദ്ദീഖ് രംഗത്തിറങ്ങിയപ്പോള്‍ അത് വലിയ നേട്ടമായി മാറിയെങ്കിലും വിജയത്തില്‍ എത്തിക്കാന്‍ യു ഡി എഫിന് സാധിച്ചില്ല. കന്നഡ മേഖലയില്‍ നിന്നുള്ള നിര്‍ണായക വോട്ടുകള്‍ കൂടി ലക്ഷ്യമിട്ടാണ് യു ഡി എഫ് അഡ്വ. സുബ്ബയ്യ റൈയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഒരുങ്ങുന്നത്. ഇതിനു മുമ്പും സുബ്ബയ്യ റൈയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യം തടസമാവുകയായിരുന്നു.

എ ഗ്രൂപ്പിനാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം അനുവദിക്കാറുള്ളത്. എന്നാല്‍ ഇത്തവണയും അതുതന്നെ സംഭവിക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന. സുബ്ബയ്യ റൈയും ടി സിദ്ദീഖും കടുത്ത എ ഗ്രൂപ്പ് പക്ഷക്കാര്‍ തന്നെയാണ്. ഇരുവരും എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും അടുത്ത അനുയായികളാണ്.

കന്നഡ മേഖലയില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് അഡ്വ. സി എച്ച് കുഞ്ഞമ്പു, ബി ജെ പിയുടെയും യു ഡി എഫിന്റെയും പരമ്പരാഗത വോട്ടു ബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയുന്ന സി എച്ച് കുഞ്ഞമ്പുവിന് വടക്കേ മേഖലയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ വലിയ ഭൂരിപക്ഷത്തിന് വിജയിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. അതേസമയം സി എച്ച് കുഞ്ഞമ്പുവിനെ പരിഗണിക്കുന്നതോടൊപ്പം തന്നെ അതേ മേഖലയില്‍ പയറ്റിത്തെളിഞ്ഞ കെ പി സതീഷ് ചന്ദ്രന്റെ സാധ്യതയും തള്ളിക്കളയാനാകില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Election, CPM, Congress, LDF, UDF, Adv. T. Siddique, C.H. Kunhambu, K.P. Satheesh Chandran, Rama Rai, Lok Sabha Election; Probable Candidates list

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia