സംസ്ഥാന സെക്രടറിയായിരുന്നപ്പോൾ മഞ്ചേശ്വരം നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയിൽ; സംസ്ഥാന പ്രസിഡന്റ് വീണത് ഫിനിഷിങ് പോയിന്റിൽ; ഇത് കാസർകോട്ടെ അഞ്ചാം തോൽവി, തുളുനാട്ടിൽ വിജയക്കൊടി നാട്ടിയത് കന്നിയങ്കക്കാരൻ
May 3, 2021, 12:36 IST
ഉപ്പള: (www.kasargodvartha.com 03.05.2021) ബിജെപി സംസ്ഥാന പ്രസിഡന്റ് ഒരിക്കൽ കൂടി മഞ്ചേശ്വരത്ത് പരാജയമറിഞ്ഞു. യുഡിഎഫിന് ഉപതിരഞ്ഞെടുപ്പിൽ നേടിയ വലിയ ഭൂരിപക്ഷം നിലനിർത്താൻ ആയില്ലെങ്കിലും 2016 ലെ 89 നേക്കാൾ വിജയ മാർജിൻ ഉയർത്താനായി. ഉപതെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ വോട് വർധിപ്പിക്കാനായി എന്ന് ഇടതിനും ആശ്വസിക്കാം.
വോടെണ്ണലിന്റെ തുടക്കം മുതൽ തന്നെ എകെഎം അശ്‌റഫ് മുന്നിട്ട് നിൽക്കുന്ന കാഴ്ചയാണ് കാണാനായത്. തപാൽവോടിൽ 15 വോടിന്റെ ലീഡുമായാണ് കുതിപ്പ് തുടങ്ങിയത്. പിന്നീട് ഒരു ഘട്ടത്തിലും തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മഞ്ചേശ്വരം പഞ്ചായത്തിലെ ബൂത് എണ്ണിത്തുടങ്ങിയപ്പോൾ അശ്‌റഫ് 3000 ഓളം വോടിന്റെ ലീഡ് നേടി. വോർക്കാടിയിലും മീഞ്ചയിലും എത്തിയപ്പോൾ ലീഡ് കുറഞ്ഞെങ്കിലും ഉറച്ചകോട്ടയായ മംഗൽപാടിയിൽ അത് മറികടന്നു.
പൈവളികെ പഞ്ചായത്തിൽ ബിജെപി 2500 ഓളം വോട് ലീഡ് നേടി ഞെട്ടിച്ചെങ്കിലും ശക്തിദുർഗമായ കുമ്പളയിൽ 3500 ലീഡ് നേടിയതോടെ അതും മറികടന്നു. ഇടതിന്റെ കോട്ടയായ പുത്തിഗെയിൽ എൽഡിഎഫ് ആണ് ലീഡ് നേടിയത്. പുത്തിഗെയിലും എന്മകജെയിലും ബിജെപി മുന്നേറിയെങ്കിലും വിജയത്തിനടുത്തെത്തുന്ന ലീഡിൽ എത്താനായില്ല.
ശക്തികേന്ദ്രങ്ങളിൽ വോട് മികവിൽ അന്തിമ വിജയം എകെഎമിനൊപ്പമായി. മഞ്ചേശ്വരം, മംഗൽപാടി, കുമ്പള പഞ്ചായത്തുകളിൽ യുഡിഎഫും വോർക്കാടി, മീഞ്ച, പൈവളികെ, എൻമകജെ പഞ്ചായത്തുകളിൽ ബിജെപിയും മുന്നിലെത്തി. പുത്തിഗെ ഇടതിനൊപ്പം നിന്നു.
745 വോടിന്റെ ഭൂരിപക്ഷമാണ് നേടിയത്. എ കെ എം അശ്‌റഫ് 65758 വോടും കെ സുരേന്ദ്രന്‍ 65013 വോടും നേടി. എൽഡിഎഫ് പതിവ് പോലെ മൂന്നാമതായി. 40639 വോടാണ് നേടിയത്. 2019 ലെ ഉപതിരഞ്ഞെടുപ്പിൽ 65,407 വോട് നേടിയ യുഡിഎഫ് നേരിയ തോതിൽ വോട് വർധിപ്പിച്ചപ്പോൾ ബിജെപി കാര്യമായി മുന്നേറി. 57,484 വോടായിരുന്നു ബിജെപിക്ക് അന്ന് കിട്ടിയത്. 38,233 വോട് നേടിയ ഇടതും വോട് വർധിപ്പിച്ചു.
കോഴിക്കോട് ഉള്ളിയേരി സ്വദേശിയായ കെ സുരേന്ദ്രന്റെ ഭൂരിഭാഗം തെരെഞ്ഞെടുപ്പ് പോരാട്ടങ്ങൾ കാസർകോട് ജില്ലയിൽ നിന്നായിരുന്നു. ഇത് അഞ്ചാം തവണയാണ് കാസർകോട്ട് നിന്ന് കെ സുരേന്ദ്രൻ പരാജയപ്പെടുന്നത്. 2009, 2014 വർഷങ്ങളിൽ കാസർകോട് നിന്ന് ലോക്‌സഭയിലേക്കും 2011, 2016, 2021 വർഷങ്ങളിൽ മഞ്ചേശ്വരത്ത് നിന്ന് നിയമസഭയിലേക്കും മത്സരിച്ചെങ്കിലും ഒരിക്കൽ പോലും വിജയ കിരീടം ചൂടനായില്ല.
ബിജെപി സംസ്ഥാന സെക്രടറിയായിരിക്കെ 2016 ലെ തെരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനുമിടയിലാണ് സുരേന്ദ്രന് എംഎൽഎ പദവി നഷ്ടമായത്. കേവലം 89 വോടിനാണ് തോറ്റത്. സംസ്ഥാന പ്രസിഡന്റ് എന്ന താര പദവിയോടെ വലിയ പ്രതീക്ഷയുമായി എത്തിയെങ്കിലും ഇത്തവണയും 745 എന്ന ചെറിയ ഭൂരിപക്ഷത്തിൽ വീണ്ടും കാലിടറി. കോന്നിയിൽ കൂടി ഇത്തവണ മത്സരിച്ച സുരേന്ദ്രന് മറ്റൊരു പരാജയവും ഏറ്റുവാങ്ങേണ്ടി വന്നു. ചിട്ടയാർന്ന പ്രവർത്തനം കാഴ്ചവെക്കുകയും പ്രചാരണത്തിനായി ഹെലികോപ്റ്ററിലെത്തി മാസ്സ് എൻട്രി നേടുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.
കന്നിയങ്കത്തിൽ തന്നെ വിജയക്കൊടി നാട്ടാനായത് എകെഎം അശ്‌റഫിന് പൊൻതൂവലായി. ബിജെപി പ്രസിഡന്റിനെ തന്നെ തോൽപിക്കാനായതോടെ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയ മുഖമായി മാറുകയും ചെയ്തു. നീണ്ട കാലത്തിന് ശേഷം മണ്ഡലത്തിൽ നിന്നുള്ള ഒരാൾ മഞ്ചേശ്വരത്ത് എംഎൽഎ ആവുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ നോക്കി കാണുന്നത്. മണ്ഡലത്തിൽ പൊതുപ്രവർത്തന പരിചയമുള്ള അശ്ഫിന് മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനാവുമെന്നാണ് കരുതുന്നത്.
Keywords: Uppala, Kasaragod, News, Kerala, K Surendran, Manjeshwaram, BJP, UDF, State, Congress, Niyamasabha-Election-2021, Top-Headlines, Kerala BJP chief K Surendran lost in Manjeshwar, How?