city-gold-ad-for-blogger
Aster MIMS 10/10/2023

Adalath | 'ജനശ്രദ്ധ എത്താത്ത ഇടങ്ങള്‍ മാഫിയ സംഘങ്ങള്‍ താവളമാക്കി'; ലഹരിക്കെതിരെ വിപുലമായ കാംപെയിന്‍ ആരംഭിക്കുമെന്ന് സംസ്ഥാന യുവജന കമീഷന്‍; ജില്ലാ അദാലത്തില്‍ 14 പരാതികള്‍ പരിഗണിച്ചു

കാസര്‍കോട്: (www.kasargodvartha.com) ലഹരിക്കെതിരായി സംസ്ഥാന യുവജന കമീഷന്‍ വിപുലമായ കാംപെയിന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ എം ഷാജര്‍ പറഞ്ഞു. യുവജന കമീഷന്‍ നടത്തിയ ജില്ലാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ എല്ലാ പ്രധാന കോളജ് കാംപസുകള്‍ കേന്ദ്രീകരിച്ച് ലഹരി ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. പ്രാദേശികതലത്തില്‍ ക്ലബുകളെയും മറ്റ് സാംസ്‌കാരിക സ്ഥാപനങ്ങളെയും വായനശാലകളെയും കാംപയിനില്‍ പങ്കാളികളാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഓരോ യുവാക്കളും ലഹരിക്കെതിരെ സമൂഹ മാധ്യമങ്ങളിലോ മറ്റ് ഇടങ്ങളിലോ ഒരു പ്രതികരണമെങ്കിലും നടത്തുന്ന രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കും. വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ജനശ്രദ്ധ എത്താത്ത ഇടങ്ങള്‍ ലഹരി മാഫിയ സംഘങ്ങള്‍ താവളമാക്കിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങള്‍ യുവജന കമീഷന്റെ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ കണ്ടെത്തി തദ്ദേശ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി ഇത്തരം കേന്ദ്രങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തും. ഇതിനായി യുവജന വിദ്യാര്‍ഥി സംഘടനകളുടെയും സഹായം തേടും.

സംസ്ഥാനത്തെ 14 ജില്ലകളിലും യുവജന വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍, കോളജ് യൂണിയന്‍ ഭാരവാഹികള്‍, സന്നദ്ധ സംഘടന അംഗങ്ങള്‍ എന്നിവരെ ഉള്‍പെടുത്തി ജില്ലാ അടിസ്ഥാനത്തില്‍ ലഹരിക്കെതിരെ ജാഗ്രതാസഭ രൂപീകരിക്കും. ജാഗ്രതാസഭകളുടെ സഹായത്തോടെയായിരിക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനം.

യുവാക്കളുടെ മാനസികാരോഗ്യമാണ് സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും യുവാക്കളുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കുകയെന്നത് കമീഷന്റെ പ്രധാന ഉത്തരവാദിത്തമാണെന്നും എം ഷാജര്‍ പറഞ്ഞു.

സംസ്ഥാനത്തെ ആത്മഹത്യകള്‍ സംബന്ധിച്ച് കമീഷന്‍ വിശദമായ പഠനം നടത്തും. എം എസ് ഡ ബ്ല്യൂ വിദ്യാര്‍ഥികളെ ഉള്‍പെടുത്തി കേരളത്തിലെ 140 പൊലീസ് സ്റ്റേഷനുകളില്‍ കഴിഞ്ഞ ആറ് വര്‍ഷം നടന്ന ആത്മഹത്യകളെ കുറിച്ച് പഠിക്കും.

തൊഴില്‍ മേഖലയിലെ താല്കാലിക ജോലിക്കാര്‍ (വീക് വര്‍കേഴ്സ്) നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കും. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്തതും തൊഴില്‍ ലഭിച്ചതും യുവജന കമീഷന്റെ തൊഴില്‍ മേളകളിലായിരുന്നു. സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇത്തവണ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കും.

യുവാക്കളായ കര്‍ഷകരെ പങ്കെടുപ്പിച്ച് യുവകര്‍ഷക സംഗമം സംഘടിപ്പിക്കും. കാര്‍ഷിക മേഖലയില്‍ യുവജന ക്ലബുകളും കോളജുകളും കേന്ദ്രീകരിച്ച് ഗ്രീന്‍ സോണ്‍ പദ്ധതിക്ക് തുടക്കമിടും. അതോടൊപ്പം ദേശീയ സെമിനാറുകളും ആരോഗ്യ കാംപുകളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

14 പരാതികള്‍ പരിഗണിച്ചു

സംസ്ഥാന യുവജന കമീഷന്റെ ജില്ലാ അദാലത്തില്‍ 14 പരാതികള്‍ പരിഗണിച്ചു. ഇതില്‍ ആറ് പരാതികള്‍ തീര്‍പാക്കി. എട്ട് പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കാന്‍ മാറ്റിവെച്ചു. പുതിയ പരാതികളായി അഞ്ചെണ്ണം കമീഷന് മുന്നിലെത്തി. കമീഷന്റെ ഇടപെടലില്‍ വിവിധ വിഷയങ്ങളില്‍ ഫലപ്രദമായ പരിഹാരം കാണാനായതായി സംസ്ഥാന യുവജന കമീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ പറഞ്ഞു.

സാമ്പത്തികപരാധീനതയും രക്ഷിതാക്കളുടെ അസുഖവും കാരണം വീട് നിര്‍മിക്കാനാവുന്നില്ലെന്ന് കാണിച്ച് വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ കമീഷന് ഫലപ്രദമായി ഇടപെടാനായി. ലൈഫ് മിഷനിലൂടെ കുടുംബത്തിന് വീട് ലഭിച്ചെന്നും വീട് നിര്‍മാണം പുരോഗമിക്കുകയാണെന്നും ചെയര്‍മാന്‍ പറഞ്ഞു.

വിവിധ സാങ്കേതിക കാരണങ്ങളാല്‍ ആനുകൂല്യം മുടങ്ങിയ പരാതിയിലും കമീഷന്‍ ഇടപെട്ട് ആനുകൂല്യം ലഭ്യമാക്കാനായി. വിദ്യാഭ്യാസ സ്ഥാപനത്തിലെ മാനസിക പീഡന പരാതി, തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ചാണ് പരാതികള്‍ ലഭിച്ചതെന്നും പരാതിക്കാര്‍ക്ക് നീതി ലഭിക്കുന്ന തരത്തില്‍ കമീഷന്‍ ഇടപെടുമെന്നും എം ഷാജര്‍ പറഞ്ഞു.

യുവജന കമീഷന്‍ അംഗം റെനീഷ് മാത്യു, യുവജന കമീഷന്‍ സെക്രടറി ഡാര്‍ളി ജോസഫ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പ്രകാശ് പി ജോസഫ്, ലീഗല്‍ അഡ്വസര്‍ ആര്‍ എസ് ബാലമുരളി, അസിസ്റ്റന്റ് പി അഭിഷേക് എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

Adalath | 'ജനശ്രദ്ധ എത്താത്ത ഇടങ്ങള്‍ മാഫിയ സംഘങ്ങള്‍ താവളമാക്കി'; ലഹരിക്കെതിരെ വിപുലമായ കാംപെയിന്‍ ആരംഭിക്കുമെന്ന് സംസ്ഥാന യുവജന കമീഷന്‍; ജില്ലാ അദാലത്തില്‍ 14 പരാതികള്‍ പരിഗണിച്ചു

Keywords: News, Kerala, Kerala-News, Top-Headlines, Adalath, Kasaragod-News, Kasargod News, Kerala State Youth Commission, Extensive Campaign, Drug Addiction, Farmers, Complaint, Labours, Kasargod: Kerala State Youth Commission will start extensive campaign against drug addiction.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL