കാസര്‍കോടിനെ ഞെട്ടിച്ച് വീണ്ടും തെരുവ് നായയുടെ ആക്രമണം; കടിച്ചു പറിച്ചത് 5 പേരെ
കാസര്‍കോട്: (www.kasargodvartha.com 19.10.2020) ജില്ലയെ ഞെട്ടിച്ച് വീണ്ടും തെരുവ് നായയുടെ ആക്രമണം. അഞ്ചു പേരെയാണ് തെരുവ് നായ കടിച്ചു പറിച്ചത്.
പരവനടുക്കത്താണ് തെരുവ് നായ ആളുകളെ ആക്രമിച്ചത്. വെള്ളയും ഇളം കാപ്പിയും കലര്‍ന്ന നിറത്തിലുള്ള തെരുവ് നായയാണ് കടിച്ചതെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ പറയുന്നു.
കുഞ്ഞിബി (55) കൊമ്പനടുക്കം, സാവിത്രി (50) അംഗന്‍വാടി അധ്യാപിക, ഭാവന (12) ഇല്ലിക്കള, കുഞ്ഞിരാമന്‍ (78) പരവനടുക്കം, കമലാക്ഷി (51) കൈന്താര്‍ എന്നിവരെയാണ് പട്ടി കടിച്ചത്. മറ്റു ചിലരെ കൂടി പട്ടി അക്രമിച്ചതായാണ് വിവരം. എന്നാല്‍ ഇവര്‍ ചികിത്സ തേടിയതായി വിവരം ലഭിച്ചിട്ടില്ല. കടിച്ച പട്ടിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരു വീട്ടിലെ വളര്‍ത്തുപട്ടിയേയും ഇതേ നായ കടിച്ചതായും നാട്ടുകാര്‍ വെളിപ്പെടുത്തി.
നേരത്തേ കാസര്‍കോട്, മേല്‍പ്പറമ്പ് ഭാഗങ്ങളില്‍ തെരുവ് പട്ടിയുടെ ആക്രമത്തില്‍ 60 ലധികം പേര്‍ക്കാണ് പരിക്കേറ്റത്. തെരുവ് നായ ശല്യം രൂക്ഷമായി തുടരുമ്പോഴും പട്ടിപിടുത്തം നടക്കുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്.







