കാസർകോട് ജില്ലാ പഞ്ചായത്തിലെയും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലെയും അധ്യക്ഷസ്ഥാനം ഇക്കുറി സ്ത്രീ സംവരണം; കാസർകോട്, മഞ്ചേശ്വരം, പരപ്പ ബ്ലോക്ക് പഞ്ചായത്തുകളിലെയും 21 പഞ്ചായത്ത് അധ്യക്ഷ സ്ഥാനങ്ങളിലും സംവരണം
Nov 4, 2020, 13:30 IST
കാസർകോട്: (www.kasargodvartha.com 04.11.2020) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ ക്രമം നിശ്ചയിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.
കാസർകോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനവും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലെയും കാസർകോട്, മഞ്ചേശ്വരം, പരപ്പ ബ്ലോക്ക് പഞ്ചായത്തുകളിലെയും അധ്യക്ഷ സ്ഥാനങ്ങളും ഇക്കുറി സ്ത്രീ സംവരണമാണ്. ഗ്രാമ പഞ്ചായത്തുകളിൽ മുളിയാർ, ദേലംപാടി, ബേഡഡുക്ക, മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, മംഗൽപ്പാടി, കുമ്പള, മൊഗ്രാൽ പുത്തൂർ, ചെമ്മനാട്, ഉദുമ, അജാനൂർ, മടിക്കൈ, കോടോം ബേളൂർ, പനത്തടി, ചെറുവത്തൂർ, പിലിക്കോട് പഞ്ചായത്തുകളിലും അധ്യക്ഷ സ്ഥാനം സ്ത്രീ സംവരണമാണ്.
ബദിയടുക്ക പഞ്ചായത്ത് അധ്യക്ഷ സ്ഥാനം പട്ടികജാതി സ്ത്രീയ്ക്കും വെസ്റ്റ് എളേരി പട്ടികവർഗ സ്ത്രീക്കും സംവരണം ചെയ്തു. പൈവളികെ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം പട്ടികജാതി വിഭാഗത്തിനും കുറ്റിക്കോൽ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം പട്ടികവർഗത്തിനും സംവരണം ചെയ്തതായി വിജ്ഞാപനത്തിൽ പറയുന്നു.
Keywords: Kerala, News, Kasaragod, Kanhangad, Neeleswaram, Election, Panchayath, Municipality, Woman, Top-Headlines, Caste, Kasargod District Panchayat, Kanhangad and Neeleswaram Municipal Councils Reservation in Kasargod.