ബേഡകവും നെല്ലിക്കുന്നും പുതിയകോട്ടയും കുമ്പളയുമൊന്നും വേണ്ട; വിചിത്ര ആവശ്യവുമായി കർണാടക; അറബിക് സ്ഥലനാമങ്ങള്‍ നിലനിര്‍ത്തുന്നത് ഇരട്ടത്താപ്പെന്ന് ബിജെപി ജില്ലാ നേതൃത്വം
Jun 28, 2021, 19:53 IST
കാസർകോട്: (www.kasargodvartha.com 28.06.2021) ജില്ലയിലെ ചില സ്ഥലപ്പേരുകൾ മാറ്റരുതെന്ന വിചിത്ര ആവശ്യവുമായി കർണാടക. ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷത്തെ ജെഡിഎസും ഒരേ പോലെ ആവശ്യം ഉന്നയിച്ചു. കർണാടക അതിർത്തിയുമായി പങ്കിടുന്ന സ്ഥലങ്ങളിലെ പേരുകൾ മലയാളി വൽക്കരിക്കാനുള്ള സംസ്ഥാന സർകാരിന്റെ ശ്രമങ്ങൾക്കിടെയാണ് കർണാടകയുടെ എതിർപ്പ്.
തുളു - കന്നഡ ശൈലിയിലുള്ള മഞ്ചേശ്വര (മഞ്ചേശ്വരം), ബേഡഡുക്ക (ബേഡകം), കാറട്ക്ക (കാഡഗം), മധൂരു (മധൂർ), മല്ല (മല്ലം), ഹൊസ്‌ദുർഗ (പുതിയകോട്ട), കുംബ്ലെ (കുമ്പള), പിലികുഞ്ചെ (പുലികുന്ന്), ആനേബാഗിലു (ആനേബാഗിൽ), നെല്ലികിഞ്ജ (നെല്ലിക്കുന്ന്), ശശിഹിത് ലു (തൈവളപ്പ്) എന്നിങ്ങനെ മലയാളത്തിലേക്ക് (ബ്രാകറ്റിൽ) മാറ്റാനാണ് സർകാർ നീക്കം.
പേരുകൾ മാറ്റുന്നത് തടയാൻ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കണമെന്ന് മൈസൂറു എംപി പ്രതാപ് സിംഹ ട്വീറ്റിൽ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി കർണാടക മുൻ മുഖ്യമന്ത്രിയും ജനതാദൾ (എസ്) നേതാവുമായ എച് ഡി കുമാരസ്വാമിയും രംഗത്തെത്തി.
വികാരങ്ങളെ രാഷ്ട്രീയനേട്ടത്തിനുപയോഗിക്കുന്ന ഇക്കാലത്ത് ഈ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അവിടെ ജീവിക്കുന്ന കന്നഡിഗരുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ കർണാടകയ്ക്കും കേരളത്തിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ടു തന്നെ സ്ഥലങ്ങളുടെ പേരുകൾ മലയാളവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് കേരള സർകാരിനോട് അഭ്യർഥിക്കുന്നതായും കുമാരസ്വാമി ട്വീറ്റിൽ വ്യക്തമാക്കി.
കാസർകോട്ടെ അതിർത്തി പ്രദേശത്തുള്ളവരുടെ വികാരം ഹനിക്കുന്ന തീരുമാനത്തിൽനിന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിൻമാറണമെന്നാവശ്യപ്പെട്ട് കേരള സർകാരിന് കത്തെഴുതിയതായി കർണാടക അതിർത്തി മേഖല വികസന അതോറിറ്റി ചെയർപേഴ്‌സൺ സി സോമശേഖർ അറിയിച്ചു. കന്നഡ സംസ്കാരവും പാരമ്പര്യവും ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന പേരുകൾ മാറ്റിയാൽ നിയമപരമായി നേരിടുമെന്ന് കർണാടക വികസന അതോറിറ്റി ചെയർപേഴ്‌സൺ ടി എസ് നാഗഭരണ പറഞ്ഞു.
അതേസമയം പേര് മാറ്റുന്നതിനെതിരെ എതിർപ്പുമായി ബിജെപി കാസർകോട് ജില്ലാ നേതൃത്വവും രംഗത്തെത്തി. മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം സ്ഥിതി ചെയ്യുന്ന മധൂറിന്റെയുള്‍പെടെയുള്ള സ്ഥലനാമങ്ങള്‍ മാറ്റുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. കാസർകോടിന്റെ സ്വതമടങ്ങുന്ന സ്ഥലനാമങ്ങള്‍ മാറ്റുമ്പോള്‍ വൈദേശിക സാംസ്‌കാരിക അധിനിവേശത്തിന്റെ ഭാഗമായി ആസൂത്രിതമായി മാറ്റിയിട്ടുള്ള അറബിക് സ്ഥലനാമങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാരിന്റേത്. പിണറായി സര്‍ക്കാരിന്റെ ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയണമെന്നും കെ ശ്രീകാന്ത് പറഞ്ഞു.
കർണാടകയുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് കാസർകോട്. കന്നഡ ഭാഷ സംസാരിക്കുന്ന അനവധിയാളുകൾ കാസർകോട്ടുണ്ട്. ഇവരുടെയും കൂടി വികാരം മാനിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. അതേസമയം ഇത് സംബന്ധിച്ച് ആര് തീരുമാനമെടുത്തുവെന്നോ എപ്പോൾ നടപ്പിലാക്കുമെന്നോ എന്നുള്ള കാര്യങ്ങളൊന്നും പുറത്തുവന്ന റിപോർടിലോ കർണാടക നേതാക്കളുടെയോ പ്രസ്താവനയിലില്ല.
(Updated)
Keywords: Kerala, News, Kasaragod, Karnataka, Top-Headlines, Political party, BJP, Government, Karnataka with bizarre demand; BJP district leadership says retaining Arabic place names is a double standard.
< !- START disable copy paste -->