city-gold-ad-for-blogger

കാഞ്ഞങ്ങാട്-പാണത്തൂര്‍- കാണിയൂര്‍ റെയില്‍പാത; കര്‍മ്മസമിതി കര്‍ണാടക മുഖ്യമന്ത്രിയെ കണ്ടു, ജനപ്രതിനിധികള്‍ക്കും നേതാക്കള്‍ക്കും നീരസം

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.11.2018) ദക്ഷിണ കര്‍ണാടകയുടെയും അത്യുത്തര കേരളത്തിന്റെയും സ്വപ്ന പദ്ധതിയായ കാഞ്ഞങ്ങാട്-പാണത്തൂര്‍- കാണിയൂര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ കാഞ്ഞങ്ങാട് കര്‍മസമിതി ഭാരവാഹികള്‍ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ കര്‍ണാടക മുഖ്യമന്ത്രി  എച്ച് ഡി കുമാരസ്വാമിയെ നേരില്‍ കണ്ടു. എന്നാല്‍ മന്ത്രിയെയും എംപിയെയും ജില്ലയിലെ മറ്റു ജനപ്രതിനിധികളെയും ഉത്തരവാദപ്പെട്ട രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും പുറത്തു നിര്‍ത്തിയുള്ള കര്‍മസമിതി ഭാരവാഹികളുടെ ഇടപെടലുകള്‍ പി കരുണാകരന്‍ എംപി അടക്കമുള്ള ജനപ്രതിനിധികളില്‍ നീരസമുണ്ടാക്കി.

91 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിര്‍ദിഷ്ട പദ്ധതിക്ക് കേരളത്തിലൂടെ കടന്നുപോകുന്ന 45 കിലോമീറ്റര്‍ പാതയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കാനും പദ്ധതിയുടെ പകുതി വിഹിതം അനുവദിക്കാനും കേരള സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. കര്‍ണാടക സര്‍ക്കാരും കേരളത്തിന് സമാനമായ തീരുമാനമെടുക്കണം എന്നാവശ്യപ്പെട്ട് കര്‍മ്മസമിതി ഭാരവാഹികളായ സി യൂസഫ്ഹാജി, ടി മുഹമ്മദ് അസ്ലം, എ ഹമീദ് ഹാജി, എം ബി എം അഷ്‌റഫ്, സൂര്യനാരായണഭട്ട് എന്നിവര്‍ കഴിഞ്ഞ ദിവസം ബാംഗ്ലൂരിലെത്തി മുഖ്യമന്ത്രി കുമാരസ്വാമിയെ കണ്ടത്.

കര്‍ണാടകയിലെ പ്രാദേശിക ജനതാദള്‍(എസ്), കോണ്‍ഗ്രസ് നേതാക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ പി കരുണാകരന്‍ എംപി അടക്കമുള്ള ജനപ്രതിനിധികളുമായി ആലോചിക്കുകയോ തുടര്‍ നടപടികളില്‍ പങ്കാളിത്തം ഉറപ്പുവരുത്തുകയോ ചെയ്യാതെ കര്‍മസമിതിയുടെ പേരില്‍ ചിലര്‍ കാണിയൂര്‍പാതയെ ഹൈജാക്ക് ചെയ്യുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി.

കര്‍ണാടക മുഖ്യമന്ത്രിയും റെയില്‍വേയുടെ ഉന്നത അധികാരികളുമായും ചര്‍ച്ചകള്‍ നടത്തുമ്പോള്‍ ജില്ലയിലെ മന്ത്രിയും, എംപിയും, എംഎല്‍എമാരും, നഗരസഭാ ചെയര്‍മാന്മാരുമുള്‍പ്പെട്ട ജനപ്രതിനിധികളെ മാറ്റി നിര്‍ത്തുന്നതും കോടികളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലുമുണ്ട്.

മാത്രമല്ല, കേരളവും കര്‍ണാടകവും കേന്ദ്രവും ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ഉത്തരവാദിത്വപ്പെട്ട നേതാക്കളെയൊന്നും ഉള്‍പ്പെടുത്താതെയുള്ള 'ഉന്നതതല ചര്‍ച്ച'ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളിലും നീരസം പുകഞ്ഞുകത്തുന്നുണ്ട്.

കാഞ്ഞങ്ങാട്-പാണത്തൂര്‍- കാണിയൂര്‍ റെയില്‍പാത; കര്‍മ്മസമിതി കര്‍ണാടക മുഖ്യമന്ത്രിയെ കണ്ടു, ജനപ്രതിനിധികള്‍ക്കും നേതാക്കള്‍ക്കും നീരസം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Kanhangad, Railway, Kanhangad-Panathur-Kaniyoor Railway; Karma Samiti visit Karnataka CM
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia