city-gold-ad-for-blogger

മലപ്പുറത്തെ ജലനിധി ഓഫീസില്‍നിന്നും കോടികള്‍ തട്ടിയ കേസിലെ പ്രതി ദീപയെ കാസര്‍കോട്ടേക്ക് കൊണ്ടുവരും; മൂന്നാം പ്രതിയും അറസ്റ്റില്‍

നീലേശ്വരം: (www.kasargodvartha.com 19/11/2016) ജലനിധി പദ്ധതിയില്‍ നിന്നും കരാര്‍ ജീവനക്കാരന്‍ ആറ് കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നീലേശ്വം സ്വദേശി ദീപയെ കൂടുതല്‍ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി മലപ്പുറം പോലീസ് കസ്റ്റഡിയില്‍ വിട്ടു. ദീപയെ നീലേശ്വരത്തേക്ക് കൊണ്ടുവന്ന് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ഒന്നാംപ്രതി ദീപയുടെ ഭര്‍ത്താവ് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ കൃഷ്ണപുരത്തെ പ്രവീണ്‍കുമാര്‍ ഒളിവിലാണ്.

അതിനിടെ കേസിലെ മൂന്നാം പ്രതിയേയും പോലീസ് അറസ്റ്റുചെയ്തു. പ്രവീണ്‍കുമാറിന്റെ സഹോദരിയുടെ മകന്‍ നീലേശ്വരത്തെ മിഥുന്‍ കൃഷ്ണ (25)നെയാണു മലപ്പുറം സി ഐ പ്രേംജിത്ത് കാസര്‍കോട് വെച്ച് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയും സഹോദരനുമായ പ്രവീണ്‍കുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചു എന്ന കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ജലനിധി പദ്ധതിയുടെ താല്‍ക്കാലിക അക്കൗണ്ടിംഗ് ഓഫീസറായിരുന്ന പ്രവീണ്‍ ഭാര്യ ദീപയുടെ പേരില്‍ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തുണ്ടായിരുന്ന വസ്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് ജലനിധി പദ്ധതിയില്‍ നിന്ന് കോടികള്‍ തിരിമറിനടത്തി നിക്ഷേപിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്. റീജ്യണല്‍ പ്രൊജക്ട് ഡയറക്ടര്‍ ഒപ്പിട്ട ഫയലില്‍ ദീപയുടെ സ്ഥാപനത്തിന്റെ അക്കൗണ്ട് നമ്പര്‍ എഴുതി ചേര്‍ത്ത് കോടികള്‍ ഈ അക്കൗണ്ടിലേക്ക് വക മാറ്റുകയായിരുന്നു. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍ക്ക് ലഭിക്കേണ്ട പദ്ധതി തുകയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്. പഞ്ചായത്തുകള്‍ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതിയുമായി രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രവീണിന്റെ തട്ടിപ്പ് പുറത്തുവന്നത്.

തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രവീണും ഭാര്യ ദീപയും മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ കോടിക്കണക്കിന് രൂപയുടെ ഭൂമിയും ആഡംബര വാഹനങ്ങളും വീടുകളും വാങ്ങിക്കൂട്ടിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ 41പഞ്ചായത്തുകളിലെ 500 ഓളം പദ്ധതികള്‍ക്കുള്ള ജലനിധി സഹായം പഞ്ചായത്തുകള്‍ക്കുള്ള അക്കൗണ്ടിലേക്ക് കൈമാറുന്നതിനിടെയാണ് കൃത്രിമരേഖയുണ്ടാക്കി ഒന്നാം പ്രതി പ്രവീണ്‍കുമാര്‍ സ്വകാര്യ അക്കൗണ്ടിലേക്ക് വകമാറ്റിയത്. 2012 മുതല്‍ 25 ഓളം തവണകളായി 6.13 കോടി രൂപയാണ് പ്രവീണും ഭാര്യയുംചേര്‍ന്ന് അടിച്ചുമാറ്റിയത്.

മൂന്നാം പ്രതി മിഥുന്‍ പ്രവീണിനെ അങ്ങാടിപ്പുറത്തുള്ള വീട്ടില്‍ നിന്നും മംഗളൂരുവിലേക്ക് കൊണ്ടുപോവുകയും അവിടെനിന്നും മടിക്കേരിയിലെ ലോഡ്ജില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തിയെന്ന കുറ്റത്തിനാണ് മൂന്നാം പ്രതി മിഥുന്‍ കൃഷ്ണനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. കോടതില്‍ ഹാജരാക്കിയ പ്രതിയെ കോഴിക്കോട് സബ്ജയിലേക്ക് റിമാന്‍ഡ് ചെയ്തു. എ എസ് ഐ അബ്ദുല്‍ അസീസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സാബുലാല്‍, ശശി, സി പി ഒ അബ്ദുല്‍ കരീം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
മലപ്പുറത്തെ ജലനിധി ഓഫീസില്‍നിന്നും കോടികള്‍ തട്ടിയ കേസിലെ പ്രതി ദീപയെ കാസര്‍കോട്ടേക്ക് കൊണ്ടുവരും; മൂന്നാം പ്രതിയും അറസ്റ്റില്‍

Keywords:  Nileshwaram, Kasaragod, Kerala, Malappuram, Arrest, Jalanidhi scam: accused arrested

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia