ചെങ്കള സഹകരണ ബാങ്കിൽ നടന്ന ക്രമക്കേട്: ഭരണസമിതിയെ പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നോട്ടീസ്
Oct 16, 2020, 22:13 IST
കാസർകോട്: (www.kasargodvartha.com 16.10.2020) ചെങ്കള സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് ഭരണസമിതിയെ പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ സഹകരണ വകുപ്പിൻ്റെ നോട്ടീസ്. സഹകരണ ബാങ്കിൽനിന്നും ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനാലാണ് തുടർനടപടിയുടെ ഭാഗമായി ഭരണസമിതിയെ പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് സഹകരണ വകുപ്പ് നോട്ടീസ് നൽകിയത്.
കാസർകോട് സഹകരണ സംഘം ജോയിന്റ് രജിസ്‌ട്രാറുടെ (ജനറൽ) ചുമതല വഹിക്കുന്ന എ ഷാജനാണ് ബാങ്ക് സെക്രട്ടറിക്കും പ്രസിഡണ്ടിനും വൈസ് പ്രസിഡണ്ടിനും ഭരണസമിതി അംഗങ്ങൾക്കും രജിസ്‌ട്രേഡ് നോട്ടീസ് അയച്ചിരിക്കുന്നത്. 15 ദിവസത്തിനകം നേരിട്ടോ, തപാൽ മുഖാന്തരമോ മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നവംബർ ആറിന് രാവിലെ ഓഫീസിൽ ഹാജരാകണണെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
കോൺഗ്രസും മുസ്ലിംലീഗും ചേർന്ന ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. തട്ടിപ്പ് പുറത്തുവന്നതോടെ സഹകരണ വകുപ്പ് അന്വേഷണം നടത്തി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഭരണസമിതിക്ക് നോട്ടീസ് നൽകിയത്. ബാങ്കിന്റെ പണം അപഹരിക്കുന്നത് മറച്ചുവയ്‌ക്കാൻ സെക്രട്ടറിയും ഭരണസമിതിയും ചില ജീവനക്കാരും ബോധപൂർവ്വം ശ്രമിക്കുന്നതായും മറ്റും മറ്റും ആരോപിച്ച് സി പി എമ്മും രംഗത്ത് വന്നിരുന്നു.
ബാങ്ക് വൈസ് പ്രസിഡണ്ടായ മുഹമ്മദ്‌കുഞ്ഞി കടവത്ത് സഹകരണ വകുപ്പിന് നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം ആരംഭിച്ചത്. മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൂടിയാണ് മുഹമ്മദ്‌കുഞ്ഞി കടവത്ത്.
അതേസമയം ഭരണ സമിതി അന്വേഷണം നടത്തി ക്രമക്കേട് നടത്തിയ ജീവനക്കാരനെ പിരിച്ചുവിടുകയും പണം തിരിച്ചടപ്പിക്കുകയും ചെയ്തിരുന്നു. സഹകരണ വകുപ്പിന്റെ 32–-ാം വകുപ്പുപ്രകാരം ഭരണസമിതിയെ നീക്കംചെയ്യാതിരിക്കാൻ കാരണം ബോധിപ്പിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Keywords: Kerala, News, Kasaragod, Chengala, Bank, Complaint, Investigation, Top-Headlines, Cooperative Bank, Irregularities in Chengala Co-operative Bank: Notice from the Co-operative Department to give reasons for non-dismissal of the Board.







