Pimples Remedies | മുഖക്കുരു കാരണം വിഷമിക്കുന്നുണ്ടോ? പരിഹാരം അറിയാം
Jan 16, 2024, 18:12 IST
കൊച്ചി: (KasargodVartha) ഇന്നത്തെ കൗമാരക്കാരെ ഏറെ അലട്ടുന്ന ഒരു പ്രശ്‌നമാണ് മുഖക്കുരുവും അതിന്റെ പാടുകളും. എത്രമാത്രം സൗന്ദര്യം ഉണ്ടെന്ന് പറഞ്ഞെട്ടെന്താ, മുഖക്കുരുവും അതിന്റെ പാടുകളും അവരുടെ ഉറക്കം തന്നെ കെടുത്തുന്നു. പുറത്തിറങ്ങാന്‍ പോലും മടിക്കുന്നു. ഇതിനെ അകറ്റാന്‍ പലതരം മരുന്നുകളും പരീക്ഷിക്കുന്നവരുണ്ട്. ഫലം ഉണ്ടാകാറില്ലെന്ന് മാത്രം. എന്നാല്‍ മുഖക്കുരു മൂലം ഇനി ആകുലതകളൊന്നും വേണ്ട.
അകറ്റാനുള്ള മാര്‍ഗങ്ങള്‍ ഇതാ!
* മുഖക്കുരു, മുഖക്കുരു പാടുകള്‍ എന്നിവ ചികിത്സിക്കുന്നതിനുള്ള ഫലപ്രദവും ലളിതവുമായ ചികിത്സയാണ് ഐസ് ക്യൂബുകള്‍ പുരട്ടുന്നത്. മുഖത്ത് ഐസ് പുരട്ടുമ്പോള്‍, പ്രത്യേകിച്ച് പച്ചമരുന്നുകള്‍ ചേര്‍ത്ത ഐസ് ക്യൂബുകള്‍ കൊണ്ട് മസാജ് ചെയ്യുന്നത് നല്ലതാണ്. മുഖക്കുരുവിനെ ചികിത്സിക്കുന്നതിനും തടയുന്നതിനും ഇത് ഏറെ സഹായിക്കുന്നു.
* മുഖക്കുരു, മുഖക്കുരു മൂലം ഉണ്ടായ പാടുകള്‍ എന്നിവ തടയുന്നതിന് ഫലപ്രദമായ ഫ്രഷ് പഴങ്ങളും ഔഷധസസ്യങ്ങളും ഉപയോഗിച്ച് നിര്‍മിച്ച ഐസ് ക്യൂബുകള്‍(Ice cubes)ഉപയോഗിക്കാവുന്നതാണ്.
മുഖക്കുരുവിന്മേല്‍ ഐസ് ക്യൂബുകള്‍ പുരട്ടുമ്പോള്‍, ഇത് വേദന കുറയ്ക്കുന്നതിനൊപ്പം മുഖക്കുരുവിന്റെ വലിപ്പം കുറയ്ക്കാനും സഹായിക്കുന്നു. മുഖക്കുരു അമിതമായിക്കഴിഞ്ഞാല്‍ അത് വീക്കം സംഭവിക്കുന്നു. ഐസ് ക്യൂബുകള്‍ പുരട്ടുന്നത് വീക്കം കുറയ്ക്കാനും വീക്കം മൂലമുണ്ടാകുന്ന ചുവപ്പ് കുറയ്ക്കാനും സഹായിക്കും.
ഗ്രീന്‍ ടീ, കുക്കുമ്പര്‍ എക്‌സ്ട്രാക്സ്, തക്കാളി, പുതിന, മഞ്ഞള്‍, വേപ്പ് എന്നിവ അടങ്ങിയ ഐസ് ക്യൂബുകള്‍ പുരട്ടുന്നത് മുഖക്കുരു പാടുകള്‍ മായ്ക്കും. ഈ ചേരുവകളെല്ലാം ഐസ് ക്യൂബുകളില്‍ ചേര്‍ക്കാന്‍ മികച്ചതാണ്. പാടുകളില്‍ ഐസ് ക്യൂബുകള്‍ പതിവായി പുരട്ടുന്നത് വളരെ വേഗത്തില്‍ അത് മങ്ങാന്‍ സഹായിക്കും. മാത്രമല്ല ചര്‍മത്തിനും നല്ലതാണ്.
മുഖക്കുരു, മുഖത്തെ പാടുകള്‍ എന്നിവ ഇല്ലാതാക്കുന്നതിന് ഉപയോഗിക്കാവുന്ന ഐസ് ക്യൂബുകളെ കുറിച്ച് അറിയാം
* പുതിന ഐസ് ക്യൂബ് (Mint ice cube)
പുതിനയ്ക്ക് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. പുതിന ഐസ് ക്യൂബുകള്‍ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുമ്പോള്‍, ഇത് അണുബാധയെ ഇല്ലാതാക്കാന്‍ വേഗത്തില്‍ സഹായിക്കുന്നു. മുഖക്കുരു കുറയ്ക്കാന്‍ സഹായിക്കുകയും ഉടന്‍ തന്നെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. പുതിന ഐസ് ക്യൂബുകള്‍ ഉണ്ടാക്കാന്‍, വെള്ളത്തിന്റെ നിറം മാറുന്നത് വരെ പുതിനയില ഒരു കപ് വെള്ളത്തില്‍ തിളപ്പിക്കുക. തയാറാക്കിയ പുതിന ചായ ഐസ് ക്യൂബ് ട്രേകളില്‍ ഒഴിച്ച് ഫ്രീസ് ചെയ്യുക.
* തക്കാളി ഐസ് ക്യൂബ്(Tomato Ice Cube)
മുഖക്കുരുവിന്റെ പാടുകള്‍ മാറ്റാനും മങ്ങാനും തക്കാളി ഐസ് ക്യൂബുകള്‍ വളരെ നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. തക്കാളി ഐസ് ക്യൂബ് ഉണ്ടാക്കാന്‍, വളരെ പഴുത്ത രണ്ട് വലിയ തക്കാളി എടുത്ത് കഴുകി മിക്‌സിയില്‍ അല്‍പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് അരച്ചെടുക്കാം. ഇനി ഈ മിശ്രിതം ഐസ് ക്യൂബ് ട്രേകളില്‍ ഒഴിച്ച് ഫ്രീസ് ചെയ്യുക.
* കുകുമ്പര്‍ ഐസ് ക്യൂബ്(Cucumber Ice Cube)
ഒരുപാട് മുഖക്കുരു ഉണ്ടെങ്കില്‍, കുകുമ്പര്‍ ഐസ് ക്യൂബുകള്‍ ഉപയോഗിക്കുന്നതാണ് ഫലപ്രദം. കാരണം ഇത് ചര്‍മത്തെ ഫലപ്രദമായി ശമിപ്പിക്കുന്നതിന് സഹായിക്കുന്നു. കുകുമ്പര്‍ ഐസ് ക്യൂബ് ഉണ്ടാക്കുന്നതിന് നല്ല ഫ്രഷ് കുകുമ്പര്‍ എടുത്ത് നന്നായി അരച്ചെടുക്കുക, ഐസ് ക്യൂബ് ട്രേയില്‍ ഒഴിച്ച് പൂര്‍ണമായും ഫ്രീസ്(Freez) ചെയ്യുക.
തുടര്‍ന്ന് കുകുമ്പര്‍ ഐസ് ക്യൂബ് ഒരു നേര്‍ത്ത മസ്ലിന്‍ തുണിയില്‍ പൊതിഞ്ഞ് വീക്കമുള്ള ഭാഗത്ത് തടവുക, ഇത് പൊള്ളല്‍ ശമിപ്പിക്കാന്‍ വളരെയധികം സഹായിക്കുമെന്നതില്‍ സംശയമില്ല.
* ഗ്രീന്‍ ടീ ഐസ് ക്യൂബ്(Green Tea Ice Cube)
ഗ്രീന്‍ ടീ ഐസ് ക്യൂബുകള്‍ മുഖക്കുരുവിന്റെ വലിപ്പം കുറയ്ക്കാനും വേദന ശമിപ്പിക്കാനും വീക്കം കുറയ്ക്കാനും വളരെ നല്ലതാണ്. ഗ്രീന്‍ ടീ ഐസ് ക്യൂബുകള്‍ ഉണ്ടാക്കാന്‍, ഗ്രീന്‍ ടീ ഉണ്ടാക്കുക, ഐസ് ക്യൂബ് ട്രേകളില്‍ ഒഴിച്ച് ഫ്രീസ് ചെയ്യുക.
ക്യൂബ് ആയതിന് ശേഷം മസ്ലിന്‍ തുണിയില്‍ പൊതിഞ്ഞ് ചര്‍മത്തിന് മുകളില്‍ മസാജ് ചെയ്യുക. മുഖക്കുരു സാധ്യതയുള്ള ചര്‍മത്തില്‍ ഉപയോഗിക്കുന്നതിന് ഗ്രീന്‍ ടീ ഐസ് ക്യൂബുകള്‍ മികച്ചതാണ്.
* കറ്റാര്‍വാഴ ഐസ് ക്യൂബ്
കുകുമ്പര്‍ പോലെ തന്നെ, കറ്റാര്‍ വാഴയും മുഖക്കുരുവിനെ ശമിപ്പിക്കാന്‍ വളരെ നല്ലതാണ്. കറ്റാര്‍ വാഴ ഐസ് ക്യൂബുകള്‍ ഉണ്ടാക്കുന്നതിന് കറ്റാര്‍വാഴയുടെ ഉള്ളിലെ ജെല്‍ എടുത്ത് ഫ്രീസ് ചെയ്യുക. ഒരു നേര്‍ത്ത മസ്ലിന്‍ തുണിയില്‍ പൊതിഞ്ഞ് മുഖം മുഴുവന്‍ മൃദുവായി മസാജ് ചെയ്യുക.
Keywords: How to Heal a Big Pimple That Won't Go Away, Kochi, News, Pimples, Treatment, Health, Health Tips, Massage, Ice Tube, Kerala.