സ്വകാര്യ ബസ് ജീവനക്കാരുടെ സത്യസന്ധത; കളഞ്ഞുകിട്ടിയ പണവും പഴ്സും യുവാവിന് തിരിച്ചു നല്കി
Oct 16, 2020, 17:47 IST
ബേഡകം: (www.kasargodvartha.com 16.10.2020) കോവിഡ് ദുരിതത്തിൽ തൊഴിൽ പോലും നഷ്ടപ്പെട്ട് ആശങ്കയിലായ ബസ് ജീവനക്കാരുടെ സത്യസന്ധതയ്ക്ക് പോലീസിൻ്റെ അഭിനന്ദനം. വ്യാഴാഴ്ച വൈകുന്നേരം ബേഡകം പഞ്ചായത്ത് ഓഫീസിനു സമീപം റോഡിൽ വെച്ചു ബന്തടുക്ക - കാസർകോട് റൂട്ടിൽ ഓടുന്ന ശ്രീയാ ബസ് കണ്ടക്ടർ ശങ്കരമ്പാടി കുളിയങ്കല്ല് വീട്ടിൽ സനൽകുമാറിന് കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടൻ തന്നെ ബേഡകം പോലീസിൽ ഏല്പിക്കുകയായിരുന്നു.
പേഴ്സിൽ 12,500 രൂപയും, എ ടി എം കാർഡും, ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരുന്നു. ബേഡകം പോലീസ് പേഴ്സിൻ്റെ ഉടമസ്ഥനെ കണ്ടെത്തി വിളിച്ചറിയിച്ചു. പേഴ്സും പണവും നഷ്ടപ്പെട്ട സങ്കടത്തിലായ യുവാവിന് പോലീസിൻ്റെ ഫോൺ കോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം നൽകുന്നതായി മാറി.
തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് പേഴ്സും പണവും ബേഡകം പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസ് ഇൻസ്പെക്ടർ ടി ഉത്തംദാസിൻ്റെയും പോലീസുദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ബസ് ജീവനക്കാരായ സുധീഷ്, അനീഷ് എന്നിവർ പേഴ്സിന്റെ ഉടമയും ഫ്ളിപ്പ് കാർട്ട് ജീവനക്കാരനുമായ പെരുമ്പള സ്വദേശി അഭിലാഷിനു കൈമാറി.
കളഞ്ഞു കിട്ടിയ പണവും പേഴ്സും ഉടമസ്ഥന് തിരിച്ചേല്പിക്കാൻ സൻമനസ് കാണിച്ച ബസ് ജീവനക്കാരെ ബേഡകം സിഐ ടി ഉത്തംദാസും മറ്റു പോലീസ് ഉദ്യോഗസ്ഥരും അഭിനന്ദനം അറിയിച്ചു.
Keywords : Kasaragod, Top-Headlines, Kerala, News, Bus, Staff,, Police, Honesty of private bus employees; The lost money and purse were returned to the youth