കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹി സ്ഥാനങ്ങള്‍ക്കുവേണ്ടി ഗ്രൂപ്പ് മത്സരം ശക്തം; സമവായവുമായി നിഷ്പക്ഷമതികള്‍ മറ്റൊരു പാനലുമായി രംഗത്ത്
Dec 19, 2016, 13:04 IST
കുമ്പള: (www.kasargodvartha.com 19/12/2016) കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹി സ്ഥാനങ്ങള്‍ക്കുവേണ്ടി മൂന്ന് ഗ്രൂപ്പുകള്‍ തമ്മില്‍ കടുത്ത മത്സരം. അതേസമയം തര്‍ക്കം തുടരുന്നതിനിടെ സമവായവുമായി നിഷ്പക്ഷമതികള്‍ പുതിയ പാനലുമായി രംഗത്തിറങ്ങി. അഷ്‌റഫ് കര്‍ള, ബി എന്‍ മുഹമ്മദ് അലി, വി പി അബ്ദുല്‍ ഖാദര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭാരവാഹി സ്ഥാനത്തിനുവേണ്ടി ചരടുവലി നടക്കുന്നത്.
ഡിസംബര്‍ മൂന്നിനുള്ളില്‍ പഞ്ചായത്ത് ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടതാണെങ്കിലും തര്‍ക്കം തുടരുന്നതിനാല്‍ ഇതുവരെ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ആദ്യം ഡിസംബര്‍ ഏഴിനും പിന്നീട് ഡിസംബര്‍ 11നും ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കുമെന്ന് റിപോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും ഗ്രൂപ്പ് പോരിനെതുടര്‍ന്ന് തെരഞ്ഞെടുപ്പ് അനന്തമായി നീളുകയായിരുന്നു. ഏറ്റവും ഒടുവില്‍ ഡിസംബര്‍ 23ന് ഭാരവാഹികളെ തെരഞ്ഞെടുക്കാനാണ് ആലോചന നടക്കുന്നത്.
എന്നാല്‍ ഇതിന്റെ നോട്ടീസ്‌പോലും ഇതുവരെ കൗണ്‍സിര്‍മാര്‍ക്ക് നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരാഴ്ച മുമ്പ്തന്നെ നോട്ടീസ് നല്‍കണമെന്നാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നിയമാവലിയില്‍ പറയുന്നത്. ഇതുവരെ ആര്‍ക്കും നോട്ടീസ് നല്‍കിയതായി വിവരം ഇല്ല. അഷ്‌റഫ് കര്‍ള പ്രസിഡന്റും ബി എ റഹ്മാന്‍ ജനറല്‍ സെക്രട്ടറിയുമായുള്ള ഒരു പാനലും ബി എന്‍ മുഹമ്മദ് അലി, അഷ്‌റഫ് കൊടിയമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള മറ്റൊരു പാനലും നിലവിലുള്ള പ്രസിഡന്റ് വി പി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ നേതൃത്വത്തിലുള്ള മറ്റൊരു വിഭാഗവുമാണ് ഭാരവാഹികളാകാന്‍ രംഗത്തുള്ളത്.
അതേസമയം സയ്യിദ് ഹാദി തങ്ങള്‍ പ്രസിഡന്റും എ കെ ആരിഫ് ജനറല്‍ സെക്രട്ടറിയും ഇബ്രാഹിം ബത്തേരി ട്രഷററും കെ വി യൂസഫ്, മഹുമ്മദ് കുഞ്ഞി ആരിക്കാടി എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരും അബ്ദുല്ല ഉളുവാര്‍, ഇബ്രാഹിം ഹാജി കൊടിയമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള പാനലുമായി നിഷ്പക്ഷമതികളും രംഗത്തുണ്ട്. മണ്ഡലം ജനറല്‍ സെക്രട്ടറി എം അബ്ബാസിനെ എതിര്‍ക്കുന്നവരാണ് അഷ്‌റഫ് കൊടിയമ്മയും വി പി അബ്ദുല്‍ ഖാദറും. അബ്ബാസിനെ അനുകൂലിക്കുന്നയാളാണ് ബി എന്‍ മുഹമ്മദ് അലി.
വാര്‍ഡ് തലത്തില്‍തന്നെ തെരഞ്ഞെടുപ്പ് പൂര്‍ണമായും പൂര്‍ത്തിയായിട്ടില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. വാര്‍ഡുകളില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍മാത്രമാണ് തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. കൗണ്‍സിലര്‍മാരേയോ മറ്റു ഭാരവാഹികളേയോ ഇതുവരെ നിശ്ചയിച്ചിട്ടില്ല. കൗണ്‍സിലര്‍മാരായി തങ്ങള്‍ളെ അനുകൂലിക്കുന്നവരെ നിയമിക്കാന്‍ ഗ്രൂപ്പുകള്‍തമ്മില്‍ കടുത്ത മത്സരംനടക്കുകയാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
Keywords: Kumba, Muslim League, Office Bearers, Election, Kasaragod, Kerala, Muslim League Panchayath Office Bearers, Groop fight for Kumbala Panchayath Muslim League bearers