നാലരപ്പതിറ്റാണ്ട് ആ അതുല്യ പ്രതിഭ മൗനിയായി പോയതെങ്ങോട്ട്, തിരിച്ചു വരുന്നു ഗഫൂർ കാലം
Apr 1, 2021, 15:58 IST
കാസർകോട്: (www.kasargodvartha.com 01.04.2021) ഒരു ദശകം മലയാളിയെ ചിത്രകഥയുടെ വായനാ ലോകത്തേക്ക് കൂട്ടികൊണ്ട് പോയ ഉദുമയിലെ അതുല്യ പ്രതിഭ നാലരപ്പതിറ്റാണ്ട് നിശബ്ദനായി എങ്ങോ പോയി. ഒടുവിൽ വീണ്ടും ആ പ്രതിഭ തിരിച്ച് വരുന്നു, പഴയ ആവേശത്തോടെ. അറുപതുകളിലും എഴുപതുകളിലും മലയാളിയുടെ വായന ചരിത്രത്തിലെ മറക്കാനാവാത്ത ഒരു പേരാണ് കെ എ ഗഫൂർ. ചിത്ര രചനയും കഥ എഴുത്തും ഒരു പോലെ അറിയാവുന്ന അപൂർവ പ്രതിഭകളിലൊരാൾ. അങ്ങനെ കെ എ ഗഫൂർ ചിത്രകഥാകാരനായി. അക്കാലത്തെ ബാല്യങ്ങളുടെ ഓർമകളിൽ കെ എ ഗഫൂർ എന്ന പേരും സുപരിചിതമാണ്. മണ്ണുണ്ണി, മൈനർ മിഷൻ, മാന്ത്രിക കൊട്ടാരം, ഹറാം മൂസ തുടങ്ങി ഒരുപാട് ചിത്രകഥകൾ ബാല്യങ്ങളെ ഹരം പിടിപ്പിച്ചു.
കാസർകോട് ജില്ലയിലെ ഉദുമയിലാണ് കെ എ ഗഫൂർ ജനിച്ചതും വളർന്നതും. പിയുസി യും കെജിടിയും കഴിഞ്ഞു കുറച്ച് കാലം മുംബൈയിൽ ജോലി നോക്കി. പിന്നീട് നാട്ടിൽ തിരിച്ചെത്തി മലപ്പുറം വേങ്ങര ഗവ. ഹയർ സെകൻഡറി സ്‌കൂളിൽ ചിത്ര കലാ അധ്യാപകനായി നിയമിതനായി. അവിടെ നിന്ന് ബേപ്പൂർ സ്‌കൂളിലേക്ക് സ്ഥലം മാറ്റം. അതൊരു ചരിത്രമായിരുന്നു. വൈക്കം മുഹമ്മദ് ബശീറും എം ടി വാസുദേവൻ നായരും ഉറ്റ ചങ്ങാതിമാരായി. സ്‌കൂൾ വിട്ട് കഴിഞ്ഞാൽ അവർ മൂന്ന് പേരും ഒരുമിച്ചിരിക്കും. വർത്തമാനങ്ങൾ പറയും. റമ്മി കളിക്കും. അവരുമായുള്ള കൂട്ട്കെട്ടിലൂടെ കെ എ ഗഫൂറിന്റെ ഉള്ളിലെ കലാ ലോകം വെളിച്ചം കണ്ടു.
1964 ൽ മാതൃഭൂമി ആഴ്ചപതിപ്പിൽ മനുഷ്യൻ എന്ന തുടർചിത്രകഥ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിൻറെ ആദ്യത്തെ പ്രസിദ്ധീകരണം. തുടർന്ന് ഒരു ദശകക്കാലം അദ്ദേഹത്തിന്റെ അതുല്യ സൃഷ്ടികൾ മലയാളി നെഞ്ചിലേറ്റി. ഒടുവിൽ ബേപ്പൂരിൽ നിന്ന് ജന്മനാട്ടിലേക്ക് കെ എ ഗഫൂർ സ്ഥലം മാറി. അതോടെ അദ്ദേഹം നിശബ്ദനായി. പിന്നീട് അദ്ദേഹത്തിന്റെ വരകളും കഥകളും ഒന്നും പുറത്ത് വന്നില്ല. ബശീറിനെയും എം ടി യേയുമൊക്കെ പിരിഞ്ഞുള്ള ജീവിതം അദ്ദേഹത്തിൻറെ മനസിനെ മുറിവേല്പിച്ചിട്ടുണ്ടാവാം. അദ്ദേഹം പിന്നീടങ്ങോട്ട് സ്വകാര്യ ജീവിതത്തിന്റെ തിരക്കിലേക്ക് മാറി.
പക്ഷെ അദ്ദേഹത്തെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവർക്ക് ഗഫൂർ മാഷിനെ അങ്ങനെ വിടാൻ മനസ്സ് വന്നില്ല. ഒടുവിൽ അദ്ദേഹത്തിൻറെ 81ാംവയസിൽ, ആ പ്രതിഭയെ തിരിച്ച് കൊണ്ട് വരികയാണ് ഒരു പറ്റം ആൾക്കാർ. ജി ബി വത്സൻ മാഷിന്റെ മനസ്സിൽ ഉദിച്ച ആശയം ഒരു കൂട്ടം ആളുകൾ ഏറ്റെടുക്കുകയായിരുന്നു. ആദ്യപടിയായി കെ എ ഗഫൂറിന്റെ ചിത്രകഥകളും അദ്ദേഹത്തിൻറെ ഓർമകളുമായി ഒരു പറ്റം പ്രഗത്ഭരും അണിനിരക്കുന്ന 'കെ എ ഗഫൂർ സ്‌ട്രോക് സ്റ്റോറീസ്' എന്ന പുസ്തകം പുറത്തിറങ്ങും. ആലപ്പുഴയിൽ മൂന്ന് മാസം നീണ്ട് നിൽക്കുന്ന ലോകമേ തറവാട് പ്രദർശനത്തിൽ ആർകൈവ്സ് വിഭാഗത്തിൽ അദ്ദേഹത്തിൻറെ ചിത്രകഥകളും ഇടം നേടി.
അത് കൊണ്ടും തീർന്നില്ല, കെ എ ഗഫൂറിന്റെ ജീവിതം ഡോക്യൂമെന്ററിയുമായും എത്തുന്നു. പുതു തലമുറയ്ക്ക് ഗഫൂർ മാഷിനെ പരിചയപ്പെടുത്തുകയാണ് 'കഥവര' എന്ന് പേരിട്ടിരിക്കുന്ന 20 മിനിറ്റുള്ള ബയോപികിലൂടെ ലക്ഷ്യം വഹിക്കുന്നത്. ജയൻ മാങ്ങാട് ആണ് സംവിധായകൻ. ഇംഗ്ലീഷിലും മലയാളത്തിലും ഡോക്യൂമെന്ററി പുറത്തിറങ്ങും. ഇംഗ്ലീഷിൽ ശശികുമാറും മലയാളത്തിൽ സുനിൽ പി ഇളയിടവുമാണ് ശബ്ദം നൽകിയിരിക്കുന്നത്. ഡോ. സി എസ് വെങ്കിടേശ്വരൻ ആണ് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയത്. രചന മാങ്ങാട് രത്നാകരൻ നിർവഹിച്ചിരിക്കുന്നു. കഥവരയുടെ ആദ്യ പ്രദർശനം ഏപ്രിൽ മൂന്നാം തീയതി പാലക്കുന്ന് ബേക്കൽ പാലസിൽ വെച്ച് നടക്കും. നാടക - ചലച്ചിത്ര കലാകാരനും എഴുത്തുകാരനുമായ എൻ ശശിധരൻ, ദേശീയ പുരസ്‌കാരം നേടിയ ഡോക്യൂമെന്ററി സംവിധായകൻ ബാബു കാമ്പ്രത്ത് എന്നിവർ സംബന്ധിക്കും.
Keywords: K A Gafoor, Kasaragod, Kathavara, Kerala, News, Top-Headlines, Story, Gafoor's time is coming back, when that unique genius has gone silent for forty years.